ADVERTISEMENT

തിരുവനന്തപുരം∙ പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടത്തിയ റാലിയിൽ പങ്കെടുത്ത കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്തിന് കെപിസിസിയുടെ താക്കീത്. പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മലപ്പുറത്ത് ജില്ലാ കോൺഗ്രസ് കമ്മിറ്റി ഒക്ടോബർ 30ന് റാലി നടത്തിയിരുന്നു. ആ റാലിയിൽ പങ്കെടുത്തശേഷം വിഭാഗീയത ഉണ്ടാക്കുന്നതിനായി നവംബർ 3ന് വീണ്ടും ഇതേ പേരിലുള്ള റാലിയിൽ പങ്കെടുത്തതായി അച്ചടക്ക നടപടി വിശദീകരിച്ച് കെപിസിസി, ആര്യാടൻ ഷൗക്കത്തിന് അയച്ച കത്തിൽ പറയുന്നു. 

ഒക്ടോബർ 27ന് റാലിയിൽ പങ്കെടുക്കരുതെന്ന് കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും ആവശ്യപ്പെട്ടിരുന്നു. പാർട്ടി തീരുമാനത്തിന് വിരുദ്ധമായി റാലിയിൽ പങ്കെടുത്തത് അച്ചടക്ക ലംഘനമാണെന്ന് അച്ചടക്ക സമിതിയും കണ്ടെത്തിയിരുന്നു. 

‘സംഭവത്തിൽ നിരുപാധികം ഖേദം പ്രകടിപ്പിച്ച് താങ്കൾ കെപിസിസിക്ക് നൽകിയ കത്ത് മുഖവിലയ്ക്കെടുക്കുന്നു. താങ്കൾ നടത്തിയ അച്ചടക്ക ലംഘനത്തിന്റെ ഗൗരവം കണക്കിലെടുത്ത് മേലിൽ ഇതാവർത്തിക്കരുതെന്ന് കെപിസിസി ശക്തമായ താക്കീത് നൽകുന്നു’– ജനറൽ സെക്രട്ടറി ടി.യു.രാധാകൃഷ്ണന്റെ കത്തിൽ പറയുന്നു. 

ആര്യാടൻ ഫൗണ്ടേഷന്റെ പേരിൽ ബ്ലോക്ക്, മണ്ഡലം, കമ്മിറ്റികൾ രൂപീകരിച്ച് പാർട്ടി ഘടകങ്ങൾക്ക് സമാന്തരമായി പ്രവർത്തിക്കരുതെന്ന് കെപിസിസി ആര്യാടൻ ഷൗക്കത്തിന് നിർദേശം നൽകി. പാർട്ടി നയപരിപാടികൾക്ക് അനുസരിച്ച് കലാ–സാംസ്കാരിക, സാഹിത്യ, ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നതിന് ഫൗണ്ടേഷന് സ്വാതന്ത്ര്യമുണ്ട്. ഇത്തരം പരിപാടികൾ ജില്ലാ കോൺഗ്രസ് കമ്മിറ്റിയെ നേരത്തെ അറിയിക്കണം. മേലിൽ ഇത്തരം പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രവർത്തിക്കരുതെന്നും, സംഘടനാ മര്യാദകൾ പാലിക്കണമെന്നും കെപിസിസി നിർദേശിച്ചു.

English Summary:

Pro-Palestine rally: KPCC warning to Aryadan Shoukath

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com