ADVERTISEMENT

തിരുവനന്തപുരം∙ നവകേരള ബസിനു മുന്നിൽച്ചാടി മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പിന്തുണച്ച് ബിജെപി നേതാവും നടനുമായ സുരേഷ് ഗോപി. ജനകീയ സമരങ്ങൾ ശക്തി പ്രാപിക്കേണ്ട കാലം വളരെയധികം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അവർ ആ വണ്ടിക്കു മുന്നിൽ ചാടിയതും തല്ലു കൊണ്ടതും ജനങ്ങൾക്കു വേണ്ടിയാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു. അതു യൂത്ത് കോൺഗ്രസ്സുകാരായതുകൊണ്ട് ദൂരം കൽപ്പിക്കണമെന്ന് ആരും പറയില്ലെന്നും സുരേഷ് ഗോപി ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന നവകേരള ബസിനെ രാക്ഷസ വാഹനമെന്നും അദ്ദേഹം വിശേഷിപ്പിച്ചു.

‘‘സഞ്ചരിക്കുന്ന ആ രാക്ഷസ വാഹനത്തെയും ചെളിയിൽനിന്ന് തള്ളിക്കയറ്റുക. നല്ല തമാശകളൊക്കെയാണ് നടക്കുന്നത്. അതൊക്കെ ആർക്കും പറ്റാവുന്നതാണ്. ആ വാഹനത്തെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. പക്ഷേ, ചില നിശ്ചയങ്ങളാണിത്. അവർക്കുള്ള ചില സൂചനകളാണ്. ഈ പണമെല്ലാം കൂടി എടുത്ത് അവർക്ക് പെൻഷൻ കൊടുത്താൽ മതിയായിരുന്നു. അവരുടെ പ്രാർഥനയെങ്കിലും ഉണ്ടാകുമായിരുന്നു. ഇതിപ്പോൾ പാർട്ടിയെ കനപ്പിക്കാനും പാർട്ടിയിലെ ചില വ്യക്തികളെ കനപ്പിക്കാനുമുള്ള ധൂർത്തിനായി നടത്തുന്ന പരിപാടിയാണ്. ആ വ്യക്തികൾ നല്ലവരായിരുന്നെങ്കിൽ കുഴപ്പമില്ലായിരുന്നു.

‘‘പ്രതിപക്ഷം ഏതു പാർട്ടിയുമായിക്കോട്ടെ. പ്രതിപക്ഷമാകണം ജനങ്ങളുടെ ശബ്ദം. ആ ശബ്ദം ഉയർത്തുന്ന പ്രതിപക്ഷം ഏതു രാഷ്ട്രീയ പാർട്ടിയായാലും ശരി, ജനങ്ങൾ അവരെ അകമഴിഞ്ഞു പിന്തുണയ്ക്കണമെന്നു മാത്രമാണ് എനിക്കു നിങ്ങളോട് അഭ്യർഥിക്കാനുള്ളത്. നിങ്ങൾക്കു വേണ്ടിയാണ് അവർ ആ വണ്ടിയുടെ മുന്നിൽ ചാടിയത്. നിങ്ങൾക്കു വേണ്ടിയാണ് അവർ തല്ലുകൊണ്ടതും ഇന്ന് ആശുപത്രിയിൽ കിടക്കുന്നതും. അതു കുറച്ചു യൂത്ത് കോൺഗ്രസുകാരായതുകൊണ്ട് അവരോടു ദൂരം കൽപ്പിക്കണമെന്ന് ആരും പറയില്ല. ആരെങ്കിലും അങ്ങനെ പറഞ്ഞാൽത്തന്നെ, ആ പറയുന്നവരോടു മാത്രമേ എനിക്കു ദൂരം കൽപ്പിക്കാനുള്ളൂ.

‘‘ജനകീയ സമരങ്ങൾ ശക്തി പ്രാപിക്കേണ്ട കാലം വളരെയധികം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. വെറുതെ ഡീസലിനും പെട്രോളിനുമെല്ലാം വില കൂട്ടിയെന്നു പറഞ്ഞ് വലിയ അക്രമം അഴിച്ചു വിട്ട ആൾക്കാരാണ്, ഇന്നു രണ്ടു രൂപ പിരിച്ചിട്ട് അത് അടിച്ചുമാറ്റിക്കൊണ്ടിരിക്കുന്നത്. അതിൽനിന്നു പോലും അവർക്കു പെൻഷൻ കൊടുക്കാനാകുന്നില്ല.

‘‘ഇനി ജനങ്ങൾ മുന്നോട്ടു വരണം. ഇനിമുതൽ പെട്രോളും ഡീസലും അടിക്കുമ്പോൾ ചുമത്തുന്ന ആ രണ്ടു രൂപയുടെ ചുങ്കം തരാൻ തയാറല്ല എന്നു പറഞ്ഞുതന്നെ നിങ്ങൾ പെട്രോൾ പമ്പുകളിൽനിന്ന് പെട്രോളടിക്കണം. അങ്ങനെ മുന്നോട്ടു പോകാനാകുന്നില്ലെങ്കിൽ ഒരാഴ്ചത്തേക്കു പെട്രോൾ അടിക്കുന്നില്ല എന്നു തീരുമാനിച്ച്, നമ്മുടെ ജീവിതം തന്നെ സ്തംഭിപ്പിച്ചുകൊണ്ട് എന്താണ് സമരരൂപത്തിൽ ചെയ്യാനാകുക എന്ന് ജനങ്ങൾ തീരുമാനമെടുക്കണം.

‘‘അതിൽ ഒരു രാഷ്ട്രീയ കക്ഷിക്കു വേണ്ടിയും കാത്തുനിൽക്കരുത്. നിങ്ങളുടെ അപ്പന്റെ വകയാണ് ഈ മണ്ണെന്ന് നിങ്ങൾ ഉറച്ചു വിശ്വസിക്കണം. ജോലിക്കാരെ മാത്രമാണ്, അല്ലെങ്കിൽ വേലക്കാരെ മാത്രമാണ് അഞ്ചു വർഷം കൂടുമ്പോൾ ഇതെല്ലാം ഏൽപ്പിക്കുന്നത് എന്ന ധാരണ നിങ്ങൾക്കാണ് വേണ്ടത്. ഒരിക്കൽക്കൂടി പറയുന്നു, ഈ മണ്ണും രാജ്യവും ഒരുത്തന്‍റെയും തന്തയുടെ വകയല്ല, നമ്മുടെ എല്ലാവരുടെയും വകയാണ്.’’ – സുരേഷ് ഗോപി പറഞ്ഞു.

English Summary:

Suresh Gopi Backs Youth Congress Protest Against Kerala CM

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com