ADVERTISEMENT

തിരുവനന്തപുരം∙ പട്ന സ്വദേശികളുടെ നാലു മാസം പ്രായമുള്ള കുഞ്ഞിനു മുലപ്പാല്‍ നല്‍കിയ കൊച്ചി സിറ്റി പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥ എം.എ. ആര്യയെ ഫോണില്‍ വിളിച്ച് അഭിനന്ദനമറിയിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ‘‘മുലപ്പാല്‍ കുഞ്ഞിന്റെ പ്രാണനും അവകാശവുമാണ്. അമ്മയെന്ന രണ്ടക്ഷരത്തില്‍ നിറയുന്നതു സ്‌നേഹത്തിന്റെ കനിവാണ്. അതിലിരമ്പുന്നതു ജീവന്റെ തുടിപ്പുകളും. എന്നാല്‍ ചില സാഹചര്യങ്ങളില്‍ കുഞ്ഞുങ്ങള്‍ക്കു മുലപ്പാല്‍ നിഷേധിക്കപ്പെട്ടു പോകുമ്പോള്‍ മുലപ്പാലിന്റെ പ്രാധാന്യം ഓര്‍മിപ്പിക്കുകയാണ് ആര്യ’’–വീണാ ജോർജ് പറഞ്ഞു. കുഞ്ഞും സഹോദരങ്ങളും ശിശുഭവനിലാണുള്ളത്. അമ്മയുടെ രോഗം ഭേദമായി കുട്ടികളെ ഏറ്റെടുക്കും വരെ വനിതാ ശിശുവികസന വകുപ്പ് കുട്ടികളെ സംരക്ഷിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഇന്നലെയാണു അതിഥിത്തൊഴിലാളികളുടെ മകളായ നാലുമാസക്കാരി അപ്രതീക്ഷിതമായി പൊലീസ് സ്റ്റേഷനിലേക്ക് എത്തിയത്. ഹൃദ്രോഗിയായ മാതാവിനെ ശ്വാസം മുട്ടലിനെത്തുടർന്ന് എറണാകുളം ജനറൽ ആശുപത്രി ഐസിയുവിൽ പ്രവേശിപ്പിച്ചതോടെ നാലുമാസക്കാരിയുടെയും മൂത്ത 3 കുട്ടികളുടെയും താൽക്കാലിക സംരക്ഷണച്ചുമതല വനിതാ പൊലീസുകാർ ഏറ്റെടുക്കുകയായിരുന്നു. കുഞ്ഞുങ്ങളുടെ അച്ഛൻ ജയിലിലാണ്.

ആശുപത്രി അധികൃതർ പൊലീസ് കൺട്രോൾ റൂമിൽ വിവരം അറിയിച്ചതിനെത്തുടർന്നാണ് എസ്ഐ ആനി ശിവയുടെ നേതൃത്വത്തിലുള്ള സംഘമെത്തി കുട്ടികളെ ഏറ്റെടുത്തത്. വൈക്കം സ്വദേശിനിയായ ആര്യ പ്രസവാവധി കഴിഞ്ഞു മൂന്നുമാസം മുൻപാണു തിരികെ ജോലിയിൽ പ്രവേശിച്ചത്. നാലു മാസം പ്രായമുള്ള കുരുന്നു വിശന്നു കരഞ്ഞപ്പോൾ ആര്യയിലെ അമ്മയ്ക്ക് സഹിക്കാനായില്ല. തുടർന്നു ഒട്ടും മടിക്കാതെതന്നെ കുഞ്ഞിനു മുലപ്പാൽ നൽകുകയായിരുന്നു. കുഞ്ഞുങ്ങളെ പിന്നീടു ശിശുഭവനിലേക്കു മാറ്റി. 

English Summary:

Veena George called police officer who breast feeded a child

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com