സംഘാടകരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായതായി കൗണ്‍സിലര്‍; നിയന്ത്രണത്തിന് ആരുമുണ്ടായിരുന്നില്ല
Mail This Article
കൊച്ചി ∙ കളമശേരി കുസാറ്റ് ക്യാംപസിൽ സംഗീതനിശ നടന്ന ഓഡിറ്റോറിയത്തിലേക്ക് കൂടുതൽ ആളുകള്‍ എത്തിയതും തിരക്ക് നിയന്ത്രിക്കാന്‍ ആരും ഇല്ലാത്തതുമാണ് ദുരന്തത്തിലേക്ക് നയിച്ചതെന്ന് പ്രാഥമിക വിവരം. നാട്ടുകാരും പൊതുപ്രവര്‍ത്തകരുമാണ് ആദ്യം രക്ഷാപ്രവര്‍ത്തനത്തിനായി ഓടിയെത്തിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഓഡിറ്റോറിയത്തിലേക്ക് പ്രവേശിക്കാനും പുറത്തേക്ക് പോകാനും ഒരു കവാടം മാത്രമേ ഉള്ളൂ എന്നതും അപകടത്തിന്റെ തീവ്രത വർധിപ്പിച്ചതായി സ്ഥലത്തുണ്ടായിരുന്നവർ പറയുന്നു.
സംഘാടകരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായതായി കളമശേരി വാര്‍ഡ് കൗണ്‍സിലര്‍ പ്രമോദ് പറഞ്ഞു. വിദ്യാര്‍ഥികള്‍ തന്നെയായിരുന്നു നിയന്ത്രിക്കാൻ നിന്നിരുന്നത്. മഴ വന്നപ്പോള്‍ എല്ലാവരും ഒരുമിച്ച് ഇതിനകത്തേക്ക് തള്ളികയറുകയും വൊളന്റിയർമാർക്കു നിയന്ത്രിക്കാന്‍ പറ്റാത്ത തിരക്കായി മാറുകയും കുത്തനെയുള്ള സ്റ്റെപ്പിലൂടെ കുട്ടികള്‍ വീഴുകയുമായിരുന്നുവെന്നും പ്രമോദ് പറഞ്ഞു. അതേസമയം പരിപാടി നടക്കുന്ന വിവരം പൊലീസിനെ അറിയിച്ചിരുന്നതായി കൊച്ചിന്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. പി.ജി.ശങ്കരന്‍ പറഞ്ഞു. എന്നാല്‍ വിവരം അറിയിച്ചിരുന്നില്ലെന്നാണു പൊലീസ് വ്യക്തമാക്കുന്നത്.
സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുന്നതിൽ സംഘാടകരുടെ ഭാഗത്തുനിന്നുള്ള വീഴ്ചയാണ് അപകടത്തിന് കാരണമെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. എത്ര കുട്ടികള്‍ ഉണ്ടെന്നുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പൊലീസിനും കൃത്യമായ ധാരണ ഉണ്ടായിരുന്നില്ല. കുസാറ്റ് സ്‌കൂള്‍ ഓഫ് എഞ്ചിനീയറിങ്ങിലെ ടെക് ഫെസ്റ്റായ 'ധിഷണ'യുടെ ഭാഗമായി നടന്ന സംഗീത നിശയ്ക്കിടെയായിരുന്നു ദാരുണമായ അപകടമുണ്ടായത്.
ശനിയാഴ്ച വൈകിട്ട് ഏഴു മണിയോടെ പരിപാടിക്കിടെ മഴ പെയ്യുകയും, പുറത്തുനിന്നുള്ളവർ ഉൾപ്പെടെ നിരവധി ആളുകൾ ഓഡിറ്റോറിയത്തിലേക്ക് ഓടിക്കയറുകയും ചെയ്തു. തിരക്കിൽപ്പെട്ട് പടിക്കെട്ടിൽ വീണ വിദ്യാർഥികളുടെ മുകളിലേക്ക് മറ്റുള്ളവരും വീഴുകയായിരുന്നു. സംഭവത്തിൽ 4 വിദ്യാര്‍ഥികൾ മരിച്ചു. 2 ആണ്‍കുട്ടികളും 2 പെൺകുട്ടികളുമാണ് മരിച്ചത്. എഴുപതിലേറെപ്പേർക്ക് പരുക്കേറ്റു.