ADVERTISEMENT

ന്യൂഡല്‍ഹി∙ മോദി സര്‍ക്കാരിനെതിരെ പാര്‍ലമെന്റില്‍ ചോദ്യം ഉന്നയിക്കാന്‍ കോഴ വാങ്ങിയെന്ന കേസില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ സിബിഐ അന്വേഷണം ആരംഭിച്ചു. ലോക്പാല്‍ നിര്‍ദേശപ്രകാരമാണ് സിബിഐ പ്രാഥമിക അന്വേഷണം ആരംഭിച്ചത്. ഇതിനു ശേഷം മഹുവയ്‌ക്കെതിരെ ക്രിമിനല്‍ കേസ് ഫയല്‍ ചെയ്യണോ എന്ന് സിബിഐ തീരുമാനിക്കും. പ്രാഥമിക അന്വേഷണത്തിനിടെ അറസ്റ്റ് ചെയ്യാനോ തിരച്ചില്‍ നടത്താനോ സിബിഐക്ക് കഴിയില്ല. എന്നാല്‍ മഹുവയില്‍നിന്ന് വിവരങ്ങള്‍ തേടാനോ ചോദ്യം ചെയ്യാനോ കഴിയും.

മൊയ്ത്രയ്‌ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി എംപി നിഷികാന്ത് ദുബെയാണു ലോക്പാലിനെ സമീപിച്ചത്. പണവും ഉപഹാരങ്ങളും വാങ്ങിയതിനു പ്രത്യുപകാരമായി പാര്‍ലമെന്റില്‍ മഹുവ മൊയ്ത്ര ചില ചോദ്യങ്ങള്‍ ഉന്നയിച്ചു എന്ന ആരോപണങ്ങള്‍ക്കു പിന്നാലെയാണ് നടപടി ആവശ്യപ്പെട്ട് ദുബെ ലോക്പാലിനെ സമീപിക്കുകയായിരുന്നു. അഴിമതി വിരുദ്ധ അതോറിറ്റിക്കു മുന്‍പാകെ സുപ്രീം കോടതി അഭിഭാഷകനായ ജയ് ആനന്ദ് ദെഹാദ്‌റായ്യുടെ ഒരു കത്തും നിഷികാന്ത് ദുബെ ഹാജരാക്കി. മൊയ്ത്രയ്‌ക്കെതിരെ വ്യക്തമായ തെളിവുകള്‍ കത്തിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 

മോദി സര്‍ക്കാരിനെതിരെ ചോദ്യങ്ങളുന്നയിക്കാന്‍ മഹുവ മൊയ്ത്ര വ്യവസായി ദര്‍ശന്‍ ഹിരാനന്ദാനിയില്‍നിന്ന് 'കൈക്കൂലി' സ്വീകരിച്ചെന്നാണ് ആരോപണം. ബിജെപി എംപി നിഷികാന്ത് ദുബെയാണ് പാര്‍ലമെന്റില്‍ മഹുവയ്‌ക്കെതിരെ രംഗത്തുവന്നത്. ഇതില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും മഹുവയ്‌ക്കെതിരെ നടപടി വേണമെന്നും ദുബെ ആവശ്യപ്പെട്ടിരുന്നു. ഇതോടെ വിഷയം പാര്‍ലമെന്റ് എത്തിക്‌സ് കമ്മിറ്റിയുടെ മുന്നിലെത്തുകയും പിന്നീട് ഐടി മന്ത്രാലയം വിശദ പരിശോധന നടത്തുകയും ചെയ്തു. ലോഗിന്‍ വിവരങ്ങള്‍ ഹിരാനന്ദാനിക്ക് നല്‍കിയതായി മഹുവ വെളിപ്പെടുത്തിയിരുന്നു. ഇതു സാധാരണമാണെന്നും അവര്‍ അവകാശപ്പെട്ടു. എന്നാല്‍ മഹുവ ഹിരാനന്ദാനിക്ക് മാത്രമല്ല ലോഗിന്‍ വിവരങ്ങള്‍ നല്‍കിയതെന്നു ദുബെ ആരോപിച്ചു. ഡല്‍ഹി, ബെംഗളൂരു, സാന്‍ഫ്രാന്‍സിസ്‌കോ തുടങ്ങി പലയിടങ്ങളില്‍നിന്ന് ലോഗിന്‍ ചെയ്തതു സൂചിപ്പിക്കുന്നത് അതാണെന്നും ദുബെ പറഞ്ഞു. മഹുവയെ പാര്‍ലമെന്റില്‍നിന്നു പുറത്താക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള എത്തിക്‌സ് കമ്മിറ്റി റിപ്പോര്‍ട്ട് നിലവില്‍ ലോക്‌സഭാ സ്പീക്കറുടെ പരിഗണനയിലാണ്. ശൈത്യകാല സമ്മേളനത്തില്‍ ഇതിന്മേല്‍ നടപടിയുണ്ടാവുമെന്നാണ് സൂചന.

മഹുവ മൊയ്ത്രയുടെ പാര്‍ലമെന്റ് ലോഗിന്‍ ഐഡി ദുബായ്ക്കു പുറമെ മറ്റു പലയിടങ്ങളില്‍നിന്നും ഉപയോഗിച്ചതായി ഐടി മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. മഹുവ കൊല്‍ക്കത്തയിലായിരുന്ന ദിവസം യുഎസിലെ ന്യൂജഴ്‌സി, ബെംഗളൂരു, ഡല്‍ഹി എന്നിവിടങ്ങില്‍നിന്ന് പാര്‍ലമെന്റ് അക്കൗണ്ടില്‍ ലോഗിന്‍ ചെയ്തതായാണ് വിവരം. 'ചോദ്യത്തിനു കോഴ' വിവാദത്തില്‍ മഹുവയ്ക്കു നേരെ ഉയര്‍ന്ന ആരോപണങ്ങളില്‍ കുരുക്ക് മുറുകുന്നതാണു പുതിയ വിവരങ്ങളെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

English Summary:

CBI started probe against trinamool mp Mahua Moitra

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com