നവകേരള സദസ്; പറവൂർ സെക്രട്ടറിയെ വി.ഡി. സതീശൻ ഭീഷണിപ്പെടുത്തി: മുഖ്യമന്ത്രി
Mail This Article
കോഴിക്കോട്∙ നവകേരള സദസ്സിന്റെ ഫണ്ടുമായി ബന്ധപ്പെട്ട് പറവൂർ നഗരസഭാ സെക്രട്ടറിയെ പ്രതിപക്ഷ നേതാവ് ഭീഷണിപ്പെടുത്തി എന്ന് മുഖ്യമന്ത്രി. പ്രതിപക്ഷ നേതാവിന്റെ ഈ സമീപനം ശരിയായില്ല. നവകേരള സദസ് പറവൂരിലെത്തുമ്പോൾ ജനപിന്തുണ കാണാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
‘‘വി.ഡി. സതീശൻ പറവൂർ എംഎൽഎയാണ്. എംഎൽഎ എന്ന നിലയ്ക്ക് അദ്ദേഹത്തിന് അവിടെ നിന്ന് ആരും നവകേരള സദസ്സിനു സഹകരിക്കരുതെന്ന് നിർബന്ധമുണ്ടായിരുന്നു. ആളുകൾ എങ്ങനെയാണ് പങ്കെടുക്കുന്നതെന്ന് പറവൂർ എത്തുമ്പോള്‍ കാണാം. നവകേരള സദസ് വിജയിപ്പിക്കാൻ സംഭാവന നൽകണമെന്ന് സതീശന്റെ സഹപ്രവർത്തകരായ കോൺഗ്രസ് നേതാക്കൾ അടക്കം ഏകകണ്ഠേന തീരുമാനിച്ചിട്ടുണ്ട്. സംഭാവന നൽകാൻ തീരുമാനിച്ചതിന്റെ സാധാരണ നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കി. സെക്രട്ടറിക്ക് ആ ഫണ്ട് നൽകാൻ അധികാരമുണ്ട്. അതാണ് സെക്രട്ടറി ചെയ്തത്’’– മുഖ്യമന്ത്രി പറഞ്ഞു
ഫണ്ട് കൊടുത്താൽ തൽസ്ഥാനത്തു കാണില്ലെന്ന് സെക്രട്ടറിയെ ഭീഷണിപ്പെടുത്തി എന്നും മുഖ്യമന്ത്രി ആരോപിച്ചു. പ്രതിപക്ഷ നേതാവിന്റെ ഭാഗത്തുനിന്നാണ് അങ്ങനെയൊരു നിലപാടുണ്ടായത്. അത് ശരിയല്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രി പിണറായി വിജയന്‍ കോഴിക്കോട് നടത്തിയ വാർത്താ സമ്മേളനത്തില്‍നിന്ന്
നവകേരള സദസ്സ് കോഴിക്കോട് ജില്ലയില്‍ ഇന്ന് രണ്ടാം ദിവസമാണ്. കൊയിലാണ്ടി, ബാലുശ്ശേരി, എലത്തൂര്‍ മണ്ഡലങ്ങളിലെ പര്യടനത്തിനുശേഷം കോഴിക്കോട് നഗരത്തിലെ രണ്ട് മണ്ഡലങ്ങളുടെ സംയുക്ത സദസ്സോടെയാണ് ഇന്ന് സമാപിക്കുക. സോഷ്യല്‍ മീഡിയ സജീവമായ ഇക്കാലത്ത് ഈ ബഹുജന പരിപാടിയില്‍ അണിചേരുന്ന ജനസഞ്ചയത്തെക്കുറിച്ച് ആര്‍ക്കും മറച്ചുവെക്കാനാവില്ല. എല്ലാ കേന്ദ്രങ്ങളിലും റെക്കോര്‍ഡ് സൃഷ്ടിക്കുന്ന ജനക്കൂട്ടമാണ് എത്തുന്നത്. ജനജീവിതത്തിന്‍റെ ദൈനംദിന പ്രശ്നങ്ങള്‍ മുതല്‍ പ്രാദേശിക വിഷയങ്ങളും നവകേരള സൃഷ്ടിക്കായുള്ള മൂര്‍ത്തമായ അഭിപ്രായപ്രകടനങ്ങളും പരിശോധിച്ചു കൊണ്ടാണ് ഈ യാത്ര മുന്നോട്ട് പോകുന്നത്.
പ്രവാസികളുടെ നാടാണ് കേരളം. അവര്‍ക്കു നാടുമായി ബന്ധപ്പെടാനുള്ള സൗകര്യങ്ങള്‍ ഒരുക്കുക പ്രധാനമാണ്. പ്രവാസി മലയാളികള്‍ ഇന്ന് നേരിടുന്ന വലിയ പ്രശ്നങ്ങളില്‍ ഒന്ന് യാത്രയുടേതാണ്. അടിക്കടി വര്‍ദ്ധിപ്പിക്കുന്ന വിമാനക്കൂലിയും ഇതര യാത്രാ സൗകര്യങ്ങളുടെ അഭാവവും വിവിധ തലങ്ങളില്‍ നാം ചര്‍ച്ച ചെയ്യാറുണ്ട്. അങ്ങനെ ചര്‍ച്ചയില്‍ വരുന്ന പ്രധാനപ്പെട്ട ഒരു വിഷയം കരിപ്പൂര്‍ വിമാനത്താവളത്തിന്‍റെ വികസനമാണ്.
മലബാറിനാദ്യമായി ചിറകുകള്‍ സമ്മാനിച്ച കരിപ്പൂര്‍ വിമാനത്താവളത്തിന്‍റെ വികസനം മുരടിച്ചു നില്‍ക്കുകയാണ്. വിമാനത്താവള വികസനം സാധ്യമാക്കുന്നതിനായി മലപ്പുറം ജില്ലയിലെ നെടിയിരുപ്പ്, പള്ളിക്കല്‍ വില്ലേജുകളിലെ 14.5 ഏക്കര്‍ ഭൂമി ഏറ്റെടുത്തിട്ടുണ്ട്. വിമാനത്താവളത്തിന്‍റെ റണ്‍വേ എന്‍ഡ് സേഫ്റ്റി ഏരിയ തയ്യാറാക്കുന്നതിനു വേണ്ടിയാണ് ഇത്. ഭൂമി നഷ്ടപ്പെട്ട 64 കുടുംബങ്ങള്‍ക്ക് വേണ്ടി 10 ലക്ഷം രൂപ വീതം ഉള്ള പുനരധിവാസ പാക്കേജ് നടപ്പാക്കി. ഏകദേശം 95 കോടി രൂപ ചെലവഴിച്ചാണ് സ്ഥലം ഏറ്റെടുത്തത്. നടപടികള്‍ പൂര്‍ത്തീകരിച്ച് ഒക്ടോബര്‍ മാസത്തില്‍ത്തന്നെ ഭൂമി എയര്‍പോര്‍ട്ട് അതോറിറ്റിയ്ക്ക് കൈമാറിയിട്ടുണ്ട്. ടെൻഡര്‍ ദീര്‍ഘിപ്പിക്കുന്നതിലൂടെ കാലതാമസം വരികയാണിപ്പോള്‍. എത്രയും പെട്ടെന്ന് ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി റണ്‍വേ വികസനം യാഥാര്‍ത്ഥ്യമാക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എംപിമാരുടെ യോഗത്തിലും ഇക്കാര്യത്തില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന അഭ്യര്‍ഥനയും നടത്തിയിട്ടുണ്ട്.
ഈ വര്‍ഷം കേരളത്തില്‍നിന്നും ഏറ്റവും കൂടുതല്‍ ഹജ് തീര്‍ഥാടകര്‍ പുറപ്പെട്ടത് കരിപ്പൂരില്‍നിന്നാണ്. 4370 സ്ത്രീകള്‍ ഉള്‍പ്പെടെ 7045 പേരാണ് കരിപ്പൂരില്‍നിന്നു ഹജ് തീര്‍ത്ഥാടനത്തിനായി പോയത്. 2019ല്‍ കരിപ്പൂരില്‍ വനിതാ തീര്‍ഥാടകര്‍ക്കായി നിര്‍മാണം ആരംഭിച്ച ബ്ലോക്ക് ഈ വര്‍ഷത്തെ ആദ്യ ഹജ് യാത്രയ്ക്കു മുന്നേ പൂര്‍ണ്ണസജ്ജമാക്കിയിട്ടുമുണ്ട്.
ഇതോടൊപ്പം കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിന്‍റെ പ്രശ്നവും പരിഹരിക്കപ്പെടേണ്ടതുണ്ട്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ അഭിമാനകരമായ രീതിയില്‍ നിർമാണം പൂര്‍ത്തീകരിച്ചിട്ടും ആവശ്യമായ സൗകര്യങ്ങളുണ്ടായിട്ടും വിദേശ വിമാനക്കമ്പനികള്‍ക്കു സര്‍വീസ് നടത്താന്‍ ആവശ്യമായ പോയിന്‍റ് ഓഫ് കോള്‍ അനുവദിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇതുവരെ തയാറായിട്ടില്ല. കണ്ണൂര്‍ വിമാനത്താവളത്തിന്‍റെ ക്യാച്മെന്‍റ് ഏരിയയില്‍ പെടുന്ന വിദേശ ഇന്ത്യക്കാര്‍ക്കു പൂര്‍ണമായ പ്രയോജനം ഉണ്ടാകണമെങ്കില്‍ വിദേശ വിമാന കമ്പനികളുടെ രാജ്യാന്തര സര്‍വീസുകള്‍ അത്യന്താപേക്ഷിതമാണ്.
ഇപ്പോള്‍ കണ്ണൂര്‍ വിമാനത്താവളത്തിൽനിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്കു സര്‍വീസ് നടത്തുന്ന രണ്ടു വിമാന കമ്പനികളാണ് ഉള്ളത്. എയര്‍ ഇന്ത്യ എക്സ്‌പ്രസ്, ഇന്‍ഡിഗോ എന്നിവയാണവ. എയര്‍ ഇന്ത്യ, ഗോ ഫസ്റ്റ് എന്നീ വിമാനക്കമ്പനികള്‍ സര്‍വീസ് നിര്‍ത്തി. ഇതു കാരണം കണ്ണൂര്‍ വിമാനത്താവളത്തില്‍ ടിക്കറ്റ് നിരക്കിലും വന്‍ വര്‍ധനവാണുണ്ടായിരിക്കുന്നത്.
പാര്‍ലമെന്‍ററി കമ്മിറ്റി വിമാനത്താവളം സന്ദര്‍ശിച്ച് സൗകര്യങ്ങള്‍ പരിശോധിച്ച് പോയിന്‍റ് ഓഫ് കോള്‍ പദവി നൽകേണ്ടതാണെന്ന് വിലയിരുത്തിയിട്ടുണ്ട്. ഈ പ്രശ്നത്തില്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ കേരളത്തില്‍നിന്നുള്ള എംപിമാരോടഭ്യര്‍ഥിച്ചിട്ടുണ്ട്.
2018 ഡിസംബര്‍ 9നു പ്രവര്‍ത്തനം ആരംഭിച്ചതാണ് കണ്ണൂര്‍ വിമാനത്താവളം. ഇത്ര കാലമായിട്ടും വിദേശവിമാന സര്‍വീസ് അനുവദിക്കാതെ അലംഭാവം കാട്ടുന്ന കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ വിമാനത്താവളങ്ങളെല്ലാം സ്വകാര്യ കുത്തകകളെ ഏല്‍പിക്കുന്ന തിരക്കിലാണ്. ദേശീയ തലത്തില്‍ വിമാനത്താവളങ്ങള്‍ ലേലത്തില്‍ വച്ചപ്പോള്‍ തിരുവനന്തപുരം വിമാനത്താവളത്തിന്റെ കാര്യത്തിൽ ലേലത്തില്‍ ക്വാട്ട് ചെയ്ത ഉയര്‍ന്ന തുക സംസ്ഥാന സര്‍ക്കാര്‍ നല്‍കാമെന്ന് അറിയിച്ചു. എന്നാല്‍ ഇതവഗണിച്ചു വിമാനത്താവള നടത്തിപ്പ് സ്വകാര്യ മേഖലയ്ക്കു തീറെഴുതി നല്‍കാനാണ് കേന്ദ്ര സര്‍ക്കാര്‍ തയാറായത്. അതാണ് നല്ലതെന്നു കരുതുന്നവര്‍ കോവിഡാനന്തര കാലഘട്ടത്തില്‍ ലാഭത്തിലായ ഇന്ത്യയിലെ ഏക വിമാനത്താവളം സംസ്ഥാന സര്‍ക്കാരിനു ഉടമസ്ഥാവകാശമുള്ള കൊച്ചി രാജ്യാന്തര വിമാനത്താവളം ആണെന്നോര്‍ക്കണം.
സ്വകാര്യവല്‍ക്കരണത്തിന്റെ ഏറ്റവും പ്രധാന വക്താക്കളായ അമേരിക്കന്‍ ഐക്യനാടുകളില്‍ വളരെ ചുരുക്കം വിമാനത്താവളങ്ങള്‍ ഒഴികെയെല്ലാം പൊതു ഉടമസ്ഥതയിലാണെന്നതാണ് യാഥാർഥ്യം. എന്നിട്ടും ഇവിടെ വിമാനത്താവളങ്ങളുടെ നിയന്ത്രണം സ്വകാര്യകമ്പനികളെ ഏല്‍പ്പിക്കാനും അവര്‍ക്ക് ഇഷ്ടമുള്ള പോലെ നിരക്കുകള്‍ നിശ്ചയിക്കാനും ഉള്ള സൗകര്യമാണ് കേന്ദ്ര സര്‍ക്കാര്‍ ഒരുക്കുന്നത്. ഈ നയത്തിന്‍റെ ഭാഗമായാണ് കണ്ണൂര്‍ വിമാനത്താവളത്തിന്‍റെ വികസനത്തിന് തടയിടുന്നത്. കോഴിക്കോട്, കണ്ണൂര്‍ വിമാനത്താവളങ്ങള്‍ അവയുടെ പൂർണ സൗകര്യങ്ങള്‍ ജനങ്ങള്‍ക്കു ലഭ്യമാകത്തക്ക നിലയില്‍ വികസിപ്പിക്കണം എന്നതാണ് ജനങ്ങളുടെ ആവശ്യം.
നിവേദനങ്ങൾ
കോഴിക്കോട് ജില്ലയില്‍ ഇന്നലെ ആകെ ലഭിച്ചത് 14,852 നിവേദനങ്ങളാണ്.
പേരാമ്പ്ര - 4316
നാദാപുരം - 3985
കുറ്റ്യാടി - 3963
വടകര - 2588
വയനാട് ജില്ലയില്‍ ആകെ 19,003 നിവേദനങ്ങളും പരാതികളുമാണ് ലഭിച്ചത്.
കല്‍പ്പറ്റ - 7877
ബത്തേരി - 5201
മാനന്തവാടി - 5925
എന്നിങ്ങനെയാണ് മണ്ഡലം തിരിച്ചുള്ള കണക്ക്.