മറാഠ – ഒബിസി പോര്: രാജിക്ക് തയാർ; നിലപാട് കടുപ്പിച്ച് ഛഗൻ ഭുജ്ബൽ
Mail This Article
മുംബൈ ∙ സംവരണവിഷയത്തിലെ തന്റെ നിലപാട് സഹപ്രവർത്തകരെ അലോസരപ്പെടുത്തിയെങ്കിൽ മന്ത്രിസ്ഥാനവും എംഎൽഎ പദവിയും രാജിവയ്ക്കാൻ തയാറാണെന്ന് മഹാരാഷ്ട്ര മന്ത്രിയും ഒബിസി നേതാവുമായ ഛഗൻ ഭുജ്ബൽ. എൻസിപി അജിത് പവാർ വിഭാഗത്തിലെ മുതിർന്ന നേതാവാണ് ഭുജ്ബൽ.
നാളുകളായി സമരം നടത്തുന്ന മറാഠകളിലെ ഒരു വിഭാഗത്തിന് ഒബിസി ക്വാട്ടയിൽ സംവരണം നൽകാൻ സർക്കാർ നടപടി തുടങ്ങിയതിനു പിന്നാലെയാണ് ഭുജ്ബലിന്റെ നേതൃത്വത്തിൽ ഒബിസി നേതാക്കൾ പാർട്ടി ഭേദമെന്യേ മറാഠ വിഭാഗത്തിനെതിരെ രംഗത്തിറങ്ങിയിരിക്കുന്നത്. ഇത് മറാഠകളും ഒബിസികളും തമ്മിലുള്ള ബലാബലത്തിനു വഴിതുറന്നത് സർക്കാരിന് പുതിയ വെല്ലുവിളിയായി. ഇൗ സാഹചര്യത്തിലാണ് തന്റെ നിലപാടും ഇടപെടലും സഹപ്രവർത്തകർക്കു (എൻസിപി അജിത് പക്ഷം, ശിവസേന ഷിൻഡെ വിഭാഗം, ബിജെപി) ബുദ്ധിമുട്ടായെങ്കിൽ പദവിയൊഴിയുന്നതിന് മടിയില്ലെന്ന് ഭുജ്ബൽ പറഞ്ഞിരിക്കുന്നത്.
മറാഠ വിഭാഗമാണ് എൻസിപിയുടെ പ്രധാന വോട്ട് ബാങ്ക്. അജിത് പവാർ നേതൃത്വം നൽകുന്ന എൻസിപി വിഭാഗത്തിലെ പല എംഎൽഎമാർക്കും പാർട്ടിയിലെ ഒബിസി നേതാവായ ഭുജ്ബലിന്റെ നിലപാടിനോട് വിയോജിപ്പുണ്ട്. അത് തങ്ങളുടെ മറാഠ് വോട്ട് ബാങ്കിൽ വിള്ളൽ വീഴ്ത്തുമെന്നും അണികളെ ശരദ് പവാർ പക്ഷത്തോട് അടുക്കാൻ പ്രേരിപ്പിക്കുമെന്നുമാണ് അജിത് പക്ഷത്തെ മറാഠകളായ നേതാക്കളുടെ വാദം.
സംസ്ഥാന ജനസംഖ്യയുടെ 32% വരുന്ന പ്രബല സമുദായമായ മറാഠകൾ വരും തിരഞ്ഞെടുപ്പുകളിലെ വിജയം നിർണയിക്കുന്ന ശക്തിയായി സംഘടിക്കവേയാണ് അവർക്കെതിരെ ഒബിസി വിഭാഗങ്ങളെ അണിനിരത്തി ഭുജ്ബൽ രംഗത്തെത്തിയത്. പല വിഭാഗങ്ങളായി ചിതറിക്കിടക്കുന്ന ഒബിസികളെ ചേർത്തുവച്ചാൽ ജനസംഖ്യയിൽ മറാഠകളെ മറികടക്കും. അതിനാൽ, അവരെ ഒത്തുകൂട്ടി സംസ്ഥാന രാഷ്ട്രീയത്തിൽ കരുത്താർജിക്കുകയാണ് ഭുജ്ബലിന്റെ ലക്ഷ്യം; ഒപ്പം തന്റെ വോട്ട് ബാങ്ക് സംരക്ഷിക്കലും.
∙ മന്ത്രിസഭാ വികസനം: നേതാക്കൾ ഷായെ കണ്ടേക്കും
മന്ത്രിസഭാ വികസനം നീളുന്നതിൽ ഭരണമുന്നണിയിൽ അതൃപ്തി പുകയവേ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്നാവിസ്, അജിത് പവാർ എന്നിവർ ഡൽഹിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ അമിത് ഷായെ സന്ദർശിച്ചേക്കും. മൂന്നു നേതാക്കൾക്കും സ്വന്തം പാർട്ടികളിൽ നിന്നു സമ്മർദം ശക്തമാണ്. സംസ്ഥാനത്ത് 43 മന്ത്രിമാർ വരെ ആകാമെങ്കിലും 29 പേർ മാത്രമാണ് നിലവിൽ മന്ത്രിസഭയിലുള്ളത്.