ADVERTISEMENT

ഉത്തരകാശി∙ സിൽക്യാര തുരങ്കത്തിൽ കുടുങ്ങിയ 41 തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള രക്ഷാദൗത്യം നീളുന്നു. തൊഴിലാളികളെ പുറത്തെത്തിക്കാൻ പുതുതായി നിർമിക്കുന്ന തുരങ്കത്തിനുള്ളിൽ കുടുങ്ങിയ ഡ്രില്ലിങ് മെഷീൻ പുറത്തെടുക്കാൻ ശ്രമം തുടരുകയാണ്. മെഷീന്റെ നാലര മീറ്റർ ബ്ലേഡ് കൂടി മുറിച്ചു നീക്കണം. മെഷീൻ ഭാഗങ്ങൾ മുറിക്കാൻ ഡൽഹിയിൽനിന്ന് വിദഗ്ധ സംഘം എത്തി. ഇതിനുവേണ്ട പ്രത്യേക ഉപകരങ്ങൾ ഹൈദരാബാദിൽ‌നിന്ന് എത്തിച്ചു.

ഓഗർ മെഷീൻ ബ്ലേഡ് തുരങ്കത്തിലെ മൂന്നാമത്തെ പൈപ്പില്‍ കുടുങ്ങിയതിനെ തുടർന്ന് രക്ഷാദൗത്യത്തിൽ തടസം നേരിട്ടിരുന്നു. പൈപ്പില്‍നിന്ന് ബ്ലേഡ് എടുക്കാതെ ദൗത്യം മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കില്ല. ഇതിനുശേഷം മെഷീൻ ഉപയോഗിക്കാതെ ഡ്രിൽ ചെയ്യാനാണ് നീക്കം. ഇതു നാളെ ആരംഭിക്കും. കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളിലേക്ക് എത്തുന്നതിന് 10-12 മീറ്റർ ഡ്രില്ലിങ് മാത്രമേ ശേഷിക്കുന്നുള്ളൂവെന്ന് മുതിർന്ന ഉദ്യോഗസ്ഥർ നടത്തിയ വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചിരുന്നു, അടുത്ത അഞ്ച് മീറ്ററിനുള്ളിൽ ലോഹ തടസ്സങ്ങളൊന്നും കണ്ടെത്തിയില്ലെന്ന് റഡാർ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ വ്യക്തമായി.

പൈപ്പ് വഴി തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള ശ്രമത്തിനു തന്നെയാണ് പ്രഥമ പരിഗണന നൽകുന്നത്. ഇത് പരാജയപ്പെട്ടാൽ വനമേഖലയിൽനിന്ന് തുരങ്കത്തിലേക്ക് വെർട്ടിക്കൽ ഡ്രില്ലിങ്ങിലൂടെ മല 100 മീറ്റർ തുരന്ന് രക്ഷാ ദൗത്യം നടത്താനും നീക്കമുണ്ട്. ഇതിനായുള്ള യന്ത്രവും എത്തിച്ചു. യന്ത്രം മലമുകളിലെത്തിക്കാൻ മണിക്കൂറുകൾ എടുക്കും.

വെള്ളിയാഴ്ച രാത്രി 8 മണിയോടെ ഡ്രില്ലിങ് യന്ത്രം മാറ്റിവച്ചു മർദം നൽകുന്ന ഉപകരണം കൂടി ഉപയോഗിച്ച് രക്ഷാകുഴൽ അകത്തേക്കു തള്ളിനീക്കുകയെന്ന ദുഷ്കര ദൗത്യത്തിലേക്കു സംഘം കടന്നിരുന്നു. 14 നാൾ നീണ്ട രക്ഷാദൗത്യത്തിലെ ഏറ്റവും സങ്കീർണമായ ഘട്ടമാണിത്. ഇതുവരെ സ്ഥാപിച്ച കുഴലിനുള്ളിലൂടെ നിരങ്ങിനീങ്ങി ദേശീയ ദുരന്തനിവാരണ സേനാംഗങ്ങൾ ഗ്യാസ് കട്ടറുകൾ ഉപയോഗിച്ച് അവശിഷ്ടങ്ങൾ നീക്കാൻ ശ്രമിക്കുന്നുണ്ട്.

കോൺക്രീറ്റ് അടിത്തറ തകർന്നതിനാൽ വ്യാഴാഴ്ച ഉച്ചയ്ക്ക് നിർത്തിവച്ച ഡ്രില്ലിങ് യന്ത്രത്തിന്റെ പ്രവർത്തനം വെള്ളിയാഴ്ച വൈകിട്ട് ആറിനാണ് പുനരാരംഭിക്കാനായത്. അവശിഷ്ടങ്ങളിലെ കാഠിന്യമേറിയ ഭാഗത്തു തട്ടി രക്ഷാകുഴലിന്റെ മുൻഭാഗം തകർന്നിരുന്നു. ദൗത്യസംഘം ഗ്യാസ് കട്ടർ ഉപയോഗിച്ച് ഇതു നീക്കം ചെയ്തു. ഇതോടെ കുഴലിന്റെ നീളം അൽപം കുറഞ്ഞു. തുടർന്ന് ഡ്രില്ലിങ് നടത്തിയപ്പോഴാണ് കാഠിന്യമേറിയ ഭാഗം വീണ്ടും പ്രശ്നമായത്.

English Summary:

Rescue Operations For The Workers Trapped In The Silkyara Tunnel. The debris Is Creating Crisis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com