സംതൃപ്തിയുണ്ട്, പക്ഷേ സന്തോഷവതിയല്ല: വധശിക്ഷ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല: സൗമ്യ വിശ്വനാഥന്റെ അമ്മ
Mail This Article
ന്യൂഡൽഹി∙ തന്റെ മകളുടെ കൊലയാളികൾക്കു വധശിക്ഷ ലഭിക്കണമെന്ന് ഒരിക്കലും ആഗ്രഹിച്ചിട്ടില്ലെന്നു വിധി വന്നതിനു പിന്നാലെ മാധ്യമപ്രവർത്തക സൗമ്യ വിശ്വനാഥന്റെ അമ്മ മാധവി. ‘‘കുടുംബത്തിൽനിന്നും അകന്ന്, ഞങ്ങൾ അനുഭവിക്കുന്നതു പോലെ അവരും അനുഭവിക്കണം, അതാണ് ഞാൻ ആഗ്രഹിച്ചത്. നീതി നിഷേധിക്കപ്പെട്ടിട്ടില്ല. ഞാൻ ഇനിയും ഇവിടെ വീണ്ടും വീണ്ടും വരുകയോ നടപടിക്രമങ്ങളിലൂടെ കടന്നുപോവുകയോ വേണ്ടിവരില്ല. കാര്യങ്ങൾ അവസാനിച്ചെന്നതിൽ ആശ്വാസമുണ്ട്. എന്റെ മകളെ തിരിച്ചുകിട്ടില്ല. എങ്കിലും ഇത് അവസാനിച്ചു. നിങ്ങളുടെ പ്രവൃത്തിയുടെ പരിണിതഫലം നിങ്ങൾ അനുഭവിക്കേണ്ടി വരുമെന്ന സന്ദേശം സമൂഹത്തിനു ലഭിച്ചു. വിധിയിൽ സംതൃപ്തിയുണ്ട്, പക്ഷേ ഞാൻ സന്തോഷവതിയല്ല. എന്റെ ഭർത്താവ് ഐസിയുവിലാണ്. അദ്ദേഹത്തിന് ബൈപാസ് സർജറിയുണ്ട്.’’–മാധവി പറഞ്ഞു.
സൗമ്യ വിശ്വനാഥൻ കൊലക്കേസിൽ നാലുപ്രതികൾക്ക് ജീവപര്യന്തം തടവുശിക്ഷയാണു സാകേത് സെഷൻസ് കോടതി വിധിച്ചത്. കേസിലെ പ്രതികളായ രവി കപൂര്‍, അമിത് ശുക്ല, ബല്‍ജിത് മാലിക്, അജയ് കുമാര്‍ എന്നിവര്‍ക്കാണു ജീവപര്യന്തം ശിക്ഷ. അഞ്ചാം പ്രതി അജയ് സേഥിക്ക് മൂന്നുവര്‍ഷം തടവും 5 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.
2008 സെപ്റ്റംബര്‍ 30 നു പുലര്‍ച്ചെ കാറില്‍ വസന്ത്കുഞ്ചിലെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെയാണു സൗമ്യ വിശ്വനാഥന്‍ വെടിയേറ്റു മരിച്ചത്. വീടിനു സമീപം നെല്‍സണ്‍ മണ്ടേല റോഡില്‍ വച്ചായിരുന്നു അക്രമി സംഘം കാര്‍ തടഞ്ഞതും വെടിവച്ചതും. മോഷണശ്രമത്തെ തുടര്‍ന്നാണു കൊലപാതകമെന്നായിരുന്നു പൊലീസ് കണ്ടെത്തല്‍.