ജോലി തേടി കൊച്ചിയിലെത്തി; അന്ത്യയാത്രയായി: ആൽബിൻ സഹോദരിയുടെ വീട്ടിലെത്തിയത് ഇന്നലെ രാവിലെ
Mail This Article
പാലക്കാട് ∙ കുസാറ്റിലെ ദുരന്തത്തിൽ മരിച്ച ആൽബിൻ ജോസഫ് (23) കൊച്ചിയിലെത്തിയത് ജോലി തേടി. പാലക്കാട് മുണ്ടൂർ എഴക്കാട് കോട്ടപ്പള്ളം തൈപ്പറമ്പിൽ ജോസഫിന്റെ മകനായ ആൽബിൻ ഇലക്ട്രീഷ്യനാണ്. എറണാകുളത്ത് നഴ്സായി ജോലി ചെയ്യുന്ന സഹോദരിയുടെ അടുത്ത് ഇന്നലെ രാവിലെയാണ് എത്തിയത്.
കടുത്ത സാമ്പത്തിക ബാധ്യത നേരിടുന്ന കുടുംബമാണ് ആൽബിന്‍റേത്. വിദ്യാഭ്യാസ വായ്പയിൽ ഏകദേശം എട്ടുലക്ഷം രൂപയോളം കടമുണ്ട്. ഇതുസംബന്ധിച്ച് ബാങ്കുകളിൽ നിന്നും അടുത്തിടെ കുടുംബത്തിനു നോട്ടീസ് വന്നിരുന്നു. ടാപ്പിങ് തൊഴിലാളിയാണ് അച്ഛൻ. വായ്പ തിരിച്ചടയ്ക്കാനുള്ള ശേഷി കുടുംബത്തിനില്ല.
കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) സ്കൂൾ ഓഫ് എൻജിനീയറിങ്ങിന്റെ നേതൃത്വത്തിൽ നടത്തിയ ടെക്ഫെസ്റ്റിലെ ഗാനമേളയ്ക്കെത്തിയവരുടെ തിക്കിലും തിരക്കിലുംപെട്ടു ആൽബിൻ ഉൾപ്പെടെ നാലുപേരാണ് മരിച്ചത്.
സ്കൂൾ ഓഫ് എൻജിനീയറിങ് വിദ്യാർഥികളായ കൂത്താട്ടുകുളം കിഴകൊമ്പ് കൊച്ചുപാറയിൽ കെ.എം.തമ്പിയുടെ മകൻ അതുൽ തമ്പി (21), പറവൂർ കുറുമ്പത്തുരുത്ത് കോണത്ത് വീട്ടിൽ കെ.ജി.റോയിയുടെ മകൾ ആൻ റിഫ്ത റോയി (21), കോഴിക്കോട് താമരശേരി കോരങ്ങാട് തുവ്വക്കുന്നിൽ താമസിക്കുന്ന വയലപ്പള്ളിൽ തോമസ് സ്കറിയയുടെ മകൾ സാറ തോമസ് (20) എന്നിവരാണ് മരിച്ച മറ്റുള്ളവർ.