കുസാറ്റ്: സംഗീതനിശയ്ക്ക് അനുമതി തേടിയിട്ടില്ല, ക്യാംപസിനകത്ത് അനുമതിയില്ലാതെ കയറാറില്ല: പൊലീസ്
Mail This Article
കൊച്ചി∙ കുസാറ്റില്‍ സംഗീതനിശ നടത്താൻ പൊലീസിന്റെ അനുമതി തേടിയിട്ടില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ എ.അക്ബര്‍. അനുമതി തേടി പൊലീസിന് കത്തു ലഭിച്ചിട്ടില്ല. ക്യാംപസിനകത്ത് അനുമതിയില്ലാതെ പൊലീസ് കയറാറില്ലെന്നും ഇത്തരം പരിപാടികള്‍ ഇവിടെ നടക്കാറുണ്ടെന്നും ഡിസിപി കെ.സുദര്‍ശന്‍ പറഞ്ഞു.
‘‘ലഭിച്ച വിവരം അനുസരിച്ച്, അങ്ങനെയൊരു അറിയിപ്പും ലഭിച്ചിട്ടില്ല. സാധാരണഗതിയിൽ കോളജുകളിൽ പരിപാടി നടക്കുമ്പോൾ, പൊലീസിന്റെ സേവനം ആവശ്യമുണ്ടെങ്കിൽ കോളജ് അധികൃതർ പൊലീസിനെ അറിയിക്കും. അങ്ങനെയൊരു ആവശ്യം അവർ ഉന്നയിച്ചതായി ഇതുവരെ വിവരം ലഭിച്ചിട്ടില്ല’’– എ.അക്ബര്‍ പറഞ്ഞു.
‘‘പൊലീസിനെ ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു അറിയിപ്പും ലഭിച്ചിട്ടില്ല. കോളജ് ക്യാംപസിനുള്ളിൽ സാധരണ പരിപാടികൾ നടക്കാറുള്ളതാണ്. പൊലീസ് ക്യാംപസിനകത്തു കയറില്ല. ഈ പരിപാടി മാത്രമല്ല, ഇടയ്ക്കിടെ പരിപാടി നടക്കുന്നതാണ്. അനുമതിക്ക് അവർ അപേക്ഷ നല്‍കിയിട്ടില്ല’’– കെ.സുദര്‍ശന്‍ പറഞ്ഞു.
കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) സ്കൂൾ ഓഫ് എൻജിനീയറിങ്ങിന്റെ നേതൃത്വത്തിൽ നടത്തിയ ടെക്ഫെസ്റ്റിലെ ഗാനമേളയ്ക്കെത്തിയവരുടെ തിക്കിലും തിരക്കിലുംപെട്ടു 4 പേർ മരിച്ചിരുന്നു. ഇന്നലെ വൈകിട്ട് ആറേമുക്കാലിനാണു സംഭവമുണ്ടായത്. ബോളിവുഡ് ഗായിക നികിത ഗാന്ധിയുടെ ഗാനസന്ധ്യയ്ക്ക് ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ കയറാനെത്തിയവരാണു തിക്കിലും തിരക്കിലുംപെട്ടത്.