മുഖ്യമന്ത്രിക്ക് കരിങ്കൊടി: യൂത്ത് കോണ്ഗ്രസ് പ്രവർത്തകരെ വീണ്ടും മർദിച്ച് ഡിവൈഎഫ്ഐ
Mail This Article
കോഴിക്കോട്∙ കുന്നമംഗലം പടനിലത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനത്തിനു നേരെ കരിങ്കൊടി കാണിക്കാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഡിവൈഎഫ്ഐ പ്രവർത്തകർ മർദിച്ചു. ഹെൽമറ്റ് കൊണ്ട് അടിച്ചതായി യൂത്ത് കോൺഗ്രസ് നേതൃത്വം ആരോപിച്ചു. പൊലീസ് കസ്റ്റഡിയിലെടുത്ത ശേഷവും മർദനം തുടർന്നെന്നാണ് വിവരം. മർദനമേറ്റ ആറു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം നവകേരള ബസിനു നേരെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഡിവൈഎഫ്ഐക്കാർ മർദിച്ചിരുന്നു. കല്യാശ്ശേരി മണ്ഡലം നവ കേരള സദസ്സിൽ പങ്കെടുത്ത് തളിപ്പറമ്പിലേക്ക് മടങ്ങുകയായിരുന്ന മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും എതിരെ കരിങ്കൊടി കാട്ടിയതിനെ തുടർന്നാണ് കോൺഗ്രസ് നേതാക്കളെ മർദിച്ചത്. സംഭവത്തിൽ നാലു ഡിവൈഎഫ്ഐ പ്രവർത്തകരെ റിമാൻഡ് ചെയ്തിരുന്നു. സാരമായി പരുക്കേറ്റ 2 യൂത്ത് കോൺഗ്രസുകാർ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ ചികിത്സയിലാണ്.