‘തിരിച്ചറിയാന്‍ പറ്റിയില്ല, മുഖമെല്ലാം മാറിപ്പോയി; വിവരം അറിഞ്ഞത് ടിവിയിലൂടെ’: നൊമ്പരമായി സാറ
Mail This Article
കോഴിക്കോട്∙ തങ്ങളുടെ പ്രിയപ്പെട്ട മകൾ ഇനിയില്ലെന്നതിന്റെ ഞെട്ടലിലാണു കോഴിക്കോട് താമരശേരി കോരങ്ങാട്ടെ സാറ തോമസിന്റെ കുടുംബം. ഇന്നലെ തേടിയെത്തിയ ദുരന്തവാർത്ത ഇനിയും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല ബന്ധുക്കൾക്ക്. സാറയുടെ പിതാവിനു മാസങ്ങൾക്കു മുമ്പ് പാമ്പുകടിയേറ്റിരുന്നു. ഈ അപകടത്തിൽനിന്നും കുടുംബം കരകയറുന്നതിനിടെയാണു വലിയൊരു ദുരന്തം വീണ്ടും കുടുംബത്തെ തേടിയെത്തിയത്.
ഇന്നലെ രാത്രി കുസാറ്റിലുണ്ടായ അപകടത്തിൽ സാറയടക്കം നാലുപേരാണ് മരിച്ചത്. രാത്രി ഏഴുമണിക്കു ടിവിയിലൂടെയാണു കുസാറ്റിലെ അപകടത്തെക്കുറിച്ച് അറിഞ്ഞതെന്നു സാറയുടെ അച്ഛന്റെ സഹോദരി പറഞ്ഞു.
‘‘മക്കൾ അവിടെയായതിനാൽ വിളിച്ചുനോക്കാൻ ഭർത്താവ് പറഞ്ഞു. മകൾ പിഎച്ച്ഡിക്ക് പഠിക്കുന്നതിനാൽ ആറുമണിവരെ ക്ലാസുണ്ട്. സാറയെ വിളിച്ചിട്ടു ഫോണിൽ കിട്ടുന്നില്ലെന്നു മോനെ വിളിച്ചപ്പോൾ പറഞ്ഞു. മമ്മി ടെൻഷനടിക്കണ്ട, അന്വേഷിച്ചിട്ടു പറയാമെന്നു മകൻ പറഞ്ഞു. കുറെക്കഴിഞ്ഞിട്ടും വിളിച്ചില്ല.
എട്ടരമണിയാകുമ്പോൾ മകളെ വിളിച്ചപ്പോൾ സാറയ്ക്കാണ് അപകടം പറ്റിയതെന്നും മമ്മി ടെൻഷൻ ആവരുതെന്നും പറഞ്ഞു. സാറയെ കണ്ടിട്ട് അവൾക്കു തന്നെ മനസിലാക്കാൻ കഴിഞ്ഞില്ല. മുഖമാകെ മാറിപ്പോയിരുന്നു. തിക്കിലും തിരിക്കലും പെട്ട് ശ്വാസം മുട്ടിയതിന്റെയാണോയെന്ന് അറിയില്ല’’– ബന്ധു പറഞ്ഞു. അപകടവിവരം അറിഞ്ഞതിനു പിന്നാലെ സാറയുടെ അച്ഛനും അമ്മയും സഹോദരിയും കൊച്ചിയിലേക്കു പോയി.