നിഷ്പക്ഷ മാധ്യമപ്രവർത്തനം രാജ്യത്തിന് ആവശ്യം: ജസ്റ്റിസ് കെ.എം.ജോസഫ്
Mail This Article
തിരുവനന്തപുരം ∙ ഭരണഘടനാ മൂല്യങ്ങൾ പൊതുസമൂഹത്തിലേക്ക് എത്തിക്കാനും വിവിധ മേഖലകളിൽ വർധിച്ചു വരുന്ന അഴിമതി തടയുന്നതിനും നിഷ്പക്ഷ മാധ്യമപ്രവർത്തനത്തിന്റെ പ്രാധാന്യം വർധിക്കുകയാണെന്ന് സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ് കെ.എം.ജോസഫ് അഭിപ്രായപ്പെട്ടു. ഭരണഘടനാ ദിനാഘോഷത്തിന്റെ ഭാഗമായി പാർലമെന്ററികാര്യ ഇൻസ്റ്റിറ്റ്യൂട്ടും ഗവ. ലോ കോളജും സംയുക്തമായി സംഘടിപ്പിച്ച ഭരണഘടനാ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്വാതന്ത്ര്യം നേടി 75 വർഷം പൂർത്തിയായെങ്കിലും വിവിധ സംസ്ഥാനങ്ങളിൽ പിന്നാക്ക ദലിത് വിഭാഗങ്ങൾക്കെതിരെ നടക്കുന്ന അതിക്രമങ്ങളിൽ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിൽ ജുഡീഷ്യറിക്ക് വലിയ പങ്കാണ് ഇന്നും വഹിക്കാനുള്ളത്. സ്വതന്ത്ര ഇന്ത്യയുടെ 75 വർഷത്തെ ചരിത്രം പരിശോധിച്ചാൽ ജുഡീഷ്യറിയുടെ പങ്ക് ഇക്കാര്യത്തിൽ വ്യക്തമാകുന്നതാണ്. ഭരണഘടനയെ കുറിച്ചുള്ള അവബോധം വിദ്യാർഥികളിലും അഭിഭാഷകരിലും ജനപ്രതിനിധികളിലും ഇനിയും എത്തിച്ചേരേണ്ടതിന്റെ പ്രാധാന്യവും ജസ്റ്റിസ് കെ.എം.ജോസഫ് ചൂണ്ടിക്കാട്ടി.
ചടങ്ങിൽ പാർലമെന്ററികാര്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ.ബിവീഷ് യു.സി സ്വാഗതം ആശംസിച്ചു. മാധ്യമ പ്രവർത്തകൻ ശക്തിധരൻ അധ്യക്ഷനായിരുന്നു. തിരുവനന്തപുരം ഗവ. ലോ കോളജ് അസിസ്റ്റന്റ് പ്രഫസർ ഡോ.സഫി മോഹൻ, സലീന.യു എന്നിവരും സംസാരിച്ചു.