ADVERTISEMENT

ഉത്തരകാശി∙ ഉത്തരാഖണ്ഡിലെ സിൽക്യാര തുരങ്കത്തിൽ കുടുങ്ങിയ 41 തൊഴിലാളികളെ പുറത്തെത്തിക്കുന്നതിനായി വെർട്ടിക്കൽ ഡ്രില്ലിങ് ആരംഭിച്ചു. മല താഴേക്കു തുരന്ന് തൊഴിലാളികളെ പുറത്തെത്തിക്കാനാണ് വെർട്ടിക്കൽ ഡ്രില്ലിങ്ങിലൂടെ ശ്രമിക്കുന്നത്. ഒരുമണിക്കൂറിൽ അഞ്ചുമീറ്റർ ആഴത്തിലാണ് ഡ്രില്ലിങ് പുരോഗമിക്കുന്നത്. കൂറ്റൻ ഡ്രില്ലിങ് യന്ത്രങ്ങൾ മണിക്കൂറുകളെടുത്ത് ഇന്നലെ വൈകിട്ടോടെ മലമുകളിലെത്തിച്ചിരുന്നു. 

ഒന്നര മീറ്റർ വ്യാസത്തിൽ 90– 100 മീറ്റർ മല തുരന്നിറങ്ങിയാലേ തുരങ്കത്തിനു മുകളിലെത്താനാവൂ. ഇതിന് 3– 4 ദിവസം വേണ്ടിവരും. കിണർ പോലെ താഴേക്കു കുഴിക്കാനാണ് ആലോചന. എന്നാൽ, ഈ രീതിയിൽ ആഴത്തിൽ കുഴിയെടുക്കുന്നതു മലയിടിയാൻ വഴിയൊരുക്കുമെന്ന ആശങ്കയും ശക്തമാണ്. 

രക്ഷാകുഴലിനുള്ളിൽ കുടുങ്ങിയ ഡ്രില്ലിങ് യന്ത്രത്തിലെ ബ്ലേഡുകൾ ഓരോന്നായി അറുത്തുമാറ്റി, യന്ത്രം പുറത്തേക്കെടുക്കാനുള്ള ശ്രമം ഇന്നലെ അർധരാത്രിയും തുടർന്നു. ദൗത്യ സംഘം കുഴലിനുള്ളിലേക്കു നുഴഞ്ഞുകയറി അവശിഷ്ടങ്ങൾക്കിടയിലെ ഇരുമ്പ്, സ്റ്റീൽ പാളികൾ നീക്കം ചെയ്യാനുള്ള ശ്രമം തുടരും. അവ നീക്കുന്നതിനൊപ്പം യന്ത്രത്തിന്റെ സഹായത്തോടെ പുറത്തുനിന്നു ശക്തമായ മർദത്തോടെ കുഴൽ മുന്നോട്ടു നീക്കുകയാണു ലക്ഷ്യം. മറ്റു പ്രതിസന്ധികൾ ഉണ്ടായില്ലെങ്കിൽ എത്രയും പെട്ടെന്നു തന്നെ തൊഴിലാളികളിലേക്ക് എത്താമെന്നാണ് പ്രതീക്ഷിക്കുന്നത്. 

അതേ സമയം ദൗത്യം പൂർത്തിയാകാൻ ദീർഘസമയമെടുക്കുമെന്ന് ദേശീയ ദുരന്തനിവാരണ അതോറിറ്റി മുൻ ഉദ്യോഗസ്ഥൻ സയ്യിദ് ആദാ ഹസ്നൈൻ പറഞ്ഞു. എന്നാൽ ക്രിസ്മസിനു മുൻപ് തൊഴിലാളികളെ പുറത്തെത്തിക്കാൻ സാധിക്കുമെന്ന് രാജ്യാന്തര ടണലിങ് ഉപദേഷ്ടാവ് അർണോൾഡ് ഡിക്സ് പ്രത്യാശ പ്രകടിപ്പിച്ചു. 

English Summary:

The Rescue Mission In Uttarkashi May Be Prolonged

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com