രക്ഷാദൗത്യത്തിന് വില്ലനാകുമോ കാലാവസ്ഥ?; ഉത്തരകാശിയിൽ മഴയ്ക്കും മഞ്ഞുവീഴ്ചയ്ക്കും സാധ്യതയെന്ന് മുന്നറിയിപ്പ്, ആശങ്ക
Mail This Article
ഉത്തരകാശി∙ ഉത്തരാഖണ്ഡിലെ സിൽക്യാരയിൽ മണ്ണിടിഞ്ഞു വീണ് തുരങ്കത്തിൽ കുടുങ്ങിയവരെ പുറത്തെത്തിക്കാൻ വെർട്ടിക്കൽ ഡ്രില്ലിങ് ആരംഭിച്ചിരിക്കെ പ്രതിസന്ധിയായി കാലാവസ്ഥ. ഉത്തരകാശിയിൽ മഴയ്ക്കും മഞ്ഞുവീഴ്ചയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. തിങ്കളാഴ്ച മേഖലയിൽ യെലോ അലർട്ട് പുറപ്പെടുവിച്ചു. ഇത് രക്ഷാദൗത്യത്തെ എങ്ങനെ ബാധിക്കുമെന്നാണ് അധികൃതരുടെ ആശങ്ക.
തുരങ്കത്തിനുള്ളിൽ കുടുങ്ങിയ 41 തൊഴിലാളികളെ പുറത്തെടുക്കാനുള്ള ശ്രമം 15ാം ദിവസവും തുടരുകയാണ്. യുഎസ് നിർമിത ഡ്രില്ലിങ് യന്ത്രം രക്ഷാകുഴലിനുള്ളിൽ നാലാം തവണയും കുടുങ്ങിയതാണ് ദൗത്യം വീണ്ടും ദുഷ്കരമാക്കിയത്. രക്ഷാകുഴലിനുള്ളിൽ കുടുങ്ങിയ ഡ്രില്ലിങ് യന്ത്രത്തിലെ ബ്ലേഡുകൾ ഓരോന്നായി അറുത്തുമാറ്റി, യന്ത്രം പുറത്തേക്കെടുക്കാനുള്ള ശ്രമം തുടരുകയാണ്. പ്ലാസ്മ, ഗ്യാസ് കട്ടറുകൾ എന്നിവ ഇതിനായി ഉപയോഗിക്കുന്നുണ്ട്. ദൗത്യ സംഘം കുഴലിനുള്ളിലേക്കു നുഴഞ്ഞുകയറി അവശിഷ്ടങ്ങൾക്കിടയിലെ ഇരുമ്പ്, സ്റ്റീൽ പാളികൾ നീക്കം ചെയ്യാനുള്ള ശ്രമം തുടരുകയാണ്.
ഇത് വിജയിച്ചാൽ രണ്ടു ദിവസത്തിനുള്ളിൽ തൊഴിലാളികളിലേക്ക് എത്താനാകുമെന്നാണ് പ്രതീക്ഷ. അതിനിടെയാണ് മറ്റൊരു മാർഗമെന്ന നിലയിൽ മലയുടെ മുകളിൽനിന്നു തുരന്നിറങ്ങിയുള്ള വെർട്ടിക്കൽ ഡ്രില്ലിങ് രക്ഷാപ്രവർത്തനം ആരംഭിച്ചത്. ഒരുമണിക്കൂറിൽ അഞ്ചുമീറ്റർ ആഴത്തിലാണ് ഡ്രില്ലിങ് പുരോഗമിക്കുന്നത്.
നിലവിൽ തുരക്കുന്ന ഭാഗങ്ങളിൽ മണ്ണായതു കൊണ്ടാണ് വേഗത്തിൽ ഡ്രില്ലിങ് നടക്കുന്നത്. പാറയുള്ള ഭാഗത്തേക്ക് വരുമ്പോൾ ഡ്രില്ലിങ് വൈകും. ഒന്നര മീറ്റർ വ്യാസത്തിൽ 90– 100 മീറ്റർ മല തുരന്നിറങ്ങിയാലേ തുരങ്കത്തിനു മുകളിലെത്താനാവൂ. ഇതിന് 3– 4 ദിവസം വേണ്ടിവരും. കിണർ പോലെ താഴേക്കു കുഴിക്കാനാണ് ആലോചന. എന്നാൽ, ഈ രീതിയിൽ ആഴത്തിൽ കുഴിയെടുക്കുന്നതു മലയിടിയാൻ വഴിയൊരുക്കുമെന്ന ആശങ്കയും ശക്തമാണ്.