നവകേരള സദസിൽ സ്കൂൾ കുട്ടികൾ; ഉത്തരവ് പിൻവലിച്ചെന്ന് സർക്കാർ ഹൈക്കോടതിയിൽ
Mail This Article
കൊച്ചി∙ നവകേരള സദസിൽ സ്കൂൾ കുട്ടികളെ പങ്കെടുപ്പിക്കണമെന്നു മലപ്പുറം ഡിഇഒ ഇറക്കിയ ഉത്തരവു പിൻവലിച്ചതായി സർക്കാർ അറിയിച്ചു. ഇക്കാര്യം രേഖപ്പെടുത്തി ഹൈക്കോടതി ഹർജി നടപടി അവസാനിപ്പിച്ചു. ഇത്തരം ഉത്തരവിറക്കി ഉദ്യോഗസ്ഥർ ആരുടെ പ്രീതി സമ്പാദിക്കാനാണു നോക്കുന്നതെന്നു കോടതി ചോദിച്ചു. കുട്ടികളെ ചൂഷണം ചെയ്യുകയോ അവരുടെ അന്തസ്സ് ഇടിച്ചു താഴ്ത്തുകയോ ചെയ്യുന്ന നടപടികൾ പാടില്ലെന്നു കോടതി പറഞ്ഞു. സ്കൂൾ ബസ് വിട്ടു നൽകണമെന്ന ഉത്തരവും പിൻവലിച്ചതായി സർക്കാർ അറിയിച്ചതിനെ തുടർന്നു ബന്ധപ്പെട്ട ഹർജിയും തീർപ്പാക്കി.
നവകേരള യാത്രയ്ക്കു കുട്ടികളെയും ബസുകളും അയയ്ക്കരുതെന്ന് ഹൈക്കോടതി നിർദേശം നൽകിയിരുന്നു. പാഠ്യപദ്ധതിയുടെ ഭാഗമല്ലാത്ത ഒരു പരിപാടിക്കും കുട്ടികളെ അയയ്ക്കരുതെന്നു പ്രിൻസിപ്പൽമാർക്കും ഹെഡ്മാസ്റ്റർമാർക്കും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശം നൽകുകയായിരുന്നു. നവകേരള യാത്രയ്ക്കു സ്കൂളുകളിൽനിന്നു വിദ്യാർഥികളെ പങ്കെടുപ്പിക്കണമെന്ന മലപ്പുറം വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടറുടെ ഉത്തരവ് ചോദ്യം ചെയ്ത് മുസ്‌ലിം സ്റ്റുഡന്റ് ഫെഡറേഷന്റെ പ്രസിഡന്റ് പി.കെ.നവാസ് നൽകിയ ഹർജിയിലായിരുന്നു ഹൈക്കോടതി ഉത്തരവ്. നിലവിലുള്ള നിയമങ്ങളുടെയും ചട്ടങ്ങളുടെയും അടിസ്ഥാനത്തിൽ, ഇത്തരം ഉത്തരവിടാൻ ഡപ്യൂട്ടി ഡയറക്ടർക്ക് അധികാരമില്ലെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാണെന്നു കോടതി പറഞ്ഞു.