ADVERTISEMENT

കോട്ടയം ∙ നവകേരള സദസ്സുമായി എൽഡിഎഫ് സർക്കാർ സംസ്ഥാന പര്യടനം നടത്തവേ, സിപിഐ നേതൃത്വത്തിന്റെ ശൈലിക്കെതിരെ കടുത്ത വിമര്‍ശനവുമായി മുതിര്‍ന്ന നേതാവ് പന്ന്യൻ രവീന്ദ്രന്‍റെ മകൻ രൂപേഷ്. സ്വന്തം സമ്പാദ്യങ്ങൾ കൈവിടാത്തവർ പ്രമാണിമാരും പൗരപ്രമുഖരുമായി നികുതിപ്പണത്തിന്റെ പൊലിമയിൽ മറ്റൊരു ലോകം പണിയുമ്പോൾ ചിതലരിക്കാൻ പോലും പ്രതീഷകളില്ലാത്ത നിഴലായി മാറുകയാണ് സാധാരണക്കാരെന്നു സമൂഹമാധ്യമത്തിലെ കുറിപ്പിൽ രൂപേഷ് അഭിപ്രായപ്പെട്ടു.

‘‘ശീതീകരിച്ച മുറികളിൽ നിന്നിറങ്ങിവന്ന് തട്ടുകടയ്ക്കു മുന്നിൽനിന്നും സെൽഫി എടുത്ത് സ്വയം നന്മമരമായി മാറുന്നവരല്ല എംഎൻ സ്മാരകത്തിനു ലാളിത്യത്തിന്‍റെ മുഖം നൽകേണ്ടത്. കോടികളുടെ ആഘോഷമല്ല, കുടിലുകളിലെ ആനന്ദമാണ് വലുതെന്ന് തിരിച്ചറിയുന്നവർ അന്തേവാസികളായ എംഎൻ സ്മാരകമാണ് സാധാരണക്കാരന്‍റെ പതിരില്ലാത്ത സ്വപ്നം. സാധാരണക്കാരന്റെ വിയർപ്പിൽ നെയ്ത ഉടുപ്പാണ് എംപി സ്ഥാനവും എംഎൽഎ സ്ഥാനവും.’’– രൂപേഷ് പറഞ്ഞു.

രൂപേഷിന്‍റെ കുറിപ്പിൽനിന്ന്:

എംഎൻ സ്മാരകത്തിന് ഏച്ചുകെട്ടില്ലാത്ത ലാളിത്യവും മുഴച്ചു നിൽക്കാത്ത ഭംഗിയും വന്നു ചേർന്നത് അവിടെ നിന്നും ഇറങ്ങി വരുന്ന മന്ത്രി വാഹനങ്ങൾ കണ്ടല്ല. വെളിയത്തിന്റെയും പികെവിയുടെയും ചന്ദ്രപ്പന്റെയുമൊക്കെ ജീവനുള്ള ഓർമകൾ പേറുന്ന ഇടമായതു കൊണ്ടാണ്. വെളിയവും പികെവിയും ചന്ദ്രപ്പനുമൊക്കെ വരച്ചുകാണിച്ച ലാളിത്യവും നൈർമല്യവും ആഡംബരമില്ലായ്മയും വാൻ ഗോഗിന്റെയും ഡാവിഞ്ചിയുട‌െയും ചിത്രങ്ങൾ പോലെ വെറുതെ കണ്ടാസ്വദിച്ച് ആഡംബരത്തിലലിഞ്ഞു ചേരുമ്പോൾ ചിതലരിക്കുന്നത് എംഎൻ സ്മാരകത്തിന്റെ കൽചുമരുകൾക്ക് മാത്രമല്ല... സാധാരണ സഖാക്കളുടെ പ്രതീക്ഷകൾക്കു കൂടിയാണ്.

ശീതീകരിച്ച മുറികളിൽ കഴിയുന്നവരുടെ ക്ഷേമങ്ങൾക്കു വേണ്ടിയാണ് കമ്യൂണിസ്റ്റായതെങ്കിൽ കൃഷ്ണപിള്ളയ്ക്കൊരിക്കലും കുടിലിൽനിന്നും പാമ്പുകടിയേറ്റ് മരിക്കേണ്ടി വരില്ലായിരുന്നു. ശീതീകരിച്ച മുറികളില്ലാത്ത അക്കാലത്തെ നേതാക്കളായി ഇന്നിന്റെ നേതാക്കൾ മാറണമെന്ന് ചിന്തിക്കുന്നവരല്ല സാധാരണ ജനങ്ങൾ. പക്ഷേ, കൃഷ്ണപിള്ളയെയും മറ്റും കണ്ട് കമ്യൂണിസ്റ്റായ വെളിയവും പികെവിയും ചന്ദ്രപ്പനുമൊക്കെ യാത്ര പറഞ്ഞിട്ട് അധികമായില്ലെന്ന ഓർമകൾ ഇല്ലാതാകുന്നിടത്താണു പ്രമാണിമാരും പൗരപ്രമുഖരും പിറവി എടുക്കുന്നത്.  അരപ്പട്ടിണിക്കാരായ സാധാരണക്കാരുടെ കൂടി നികുതിപണത്തിനാൽ ശീതീകരിച്ച മുറികളിൽ വിരുന്നുണ്ണാനെത്തുന്ന പ്രമാണിമാരെയും പൗരപ്രമുഖരെയും കണ്ട് കോൾമയിർ കൊള്ളുന്ന പുതിയ ലോകത്തിനായല്ല പാറപ്പുറത്തെ മണൽത്തരികൾക്ക് മുകളിൽ ചുവപ്പിന്റെ ആദ്യ തിരശ്ശീല ഉയർന്നത്.

പ്രളയ കാലത്തും ദുരന്ത കാലത്തും പട്ടിണി മറന്ന് ആടിനെ വിറ്റ കാശ് നാടിന് കൊടുത്ത സുബൈദ മുതൽ നൗഷാദ് വരെയുള്ളവർ മനുഷ്യരെ പ്രണയിച്ചപ്പോൾ... സ്വന്തം സമ്പാദ്യങ്ങൾ കൈവിടാത്തവർ പ്രമാണിമാരും പൗരപ്രമുഖരുമായി നികുതി പണത്തിന്റെ പൊലിമയിൽ മറ്റൊരു ലോകം പണിയുമ്പോൾ... ചിതലരിക്കാൻ പോലും പ്രതീഷകളില്ലാത്ത നിഴലായി മാറുകയാണ് സാധാരണക്കാർ. ‘അധികാരം’ എന്ന നാലക്ഷരത്തിന് ‘ആഡംബരം’ എന്ന നാലക്ഷരം അകമ്പടി ചേരുമ്പോൾ... ദുരിതകാലവും ദുരന്തകാലവും ഏതെന്ന് തിരിച്ചറിയാനാവാതെ എംഎൻ സ്മാരകം നോക്കി... പോയ കാലത്തെ ഓർമകൾ തുന്നിക്കെട്ടുകയാണ് സാധാരണക്കാർ. ശീതീകരിച്ച മുറികളിൽ നിന്നിറങ്ങി വന്ന് തട്ടുകടയ്ക്കു മുന്നിൽനിന്നും സെൽഫി എടുത്ത് സ്വയം നന്മമരമായി മാറുന്നവരല്ല എംഎൻ സ്മാരകത്തിനു ലാളിത്യത്തിന്റെ മുഖം നൽകേണ്ടത്. സന്യാസി ആയി കമ്യൂണിസ്റ്റായ വെളിയം ഭാർഗവൻ ജീവിച്ച ഇടമാണിതെന്ന് തിരിച്ചറിഞ്ഞു കൊണ്ടാണ്.

വീട്ടിലൊരു എംപി ഉണ്ടായിരുന്നത് കൊണ്ട് എംപി ആയാൽ ആഗ്രഹിക്കാതെ വന്നുചേരുന്ന സൗഭാഗ്യങ്ങളെ കുറിച്ച് നന്നായറിയാം. പക്ഷേ സാധാരണക്കാരന്റെ വിയർപ്പിൽ നെയ്ത ഉടുപ്പാണ് എംപി സ്ഥാനവും എംഎൽഎ സ്ഥാനവും എന്നത് മറക്കുമ്പോൾ... പ്രമാണിമാരും പ്രമുഖരുമല്ലാത്തവർ മുഖമില്ലാത്ത വെറും മനുഷ്യർ മാത്രമായി തീരും. മുഖമില്ലാത്ത ആ മനുഷ്യർക്ക് മുന്നിൽ മുഖം തിരിക്കാത്ത ഒരു എംഎൻ സ്മാരകം. കോടികളുടെ ആഘോഷമല്ല കുടിലുകളിലെ ആനന്ദമാണു വലുത് എന്നു തിരിച്ചറിയുന്നവർ അന്തേവാസികളായ ഒരു എംഎൻ സ്മാരകം അതാണ് സാധാരണക്കാരന്റെ പതിരില്ലാത്ത സ്വപ്നം.

(തുറന്നെഴുതലുകൾ ഒറ്റപ്പെടുത്താം... പക്ഷേ ഒറ്റപ്പെടലുകൾക്കിടയിലും പതിരില്ലാതെ പറഞ്ഞ് കൊണ്ടേയിരിക്കണം ...)

English Summary:

Senior leader Pannyan Raveendran son Roopesh criticized the CPI leadership.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com