‘140 കോടി ജനങ്ങൾക്കു വേണ്ടി പ്രാർഥിച്ചു’, തിരുപ്പതിയിൽ ദർശനം നടത്തി മോദി– ചിത്രങ്ങൾ
Mail This Article
തിരുപ്പതി (ആന്ധ്ര)∙ പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുപ്പതി വെങ്കടേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി. രാവിലെ എട്ടുമണിയോടെയാണ് മോദി ക്ഷേത്രദർശനത്തിനായി തിരുപ്പതിയിലെത്തിയത്. ഇന്ത്യയിലെ മുഴുവൻ ജനങ്ങളുടെയും ആയുസ്സിനും ആരോഗ്യത്തിനും വേണ്ടി പ്രാർഥിച്ചതായി പ്രധാനമന്ത്രി എക്സ് പ്ലാറ്റ് ഫോമിൽ കുറിച്ചു.
‘140 കോടി വരുന്ന ഇന്ത്യൻ ജനതയുടെ ആയുസ്സിനും ആരോഗ്യത്തിനുമായി തിരുപ്പതി വേങ്കടേശ്വര സ്വാമി ക്ഷേത്രത്തിലെത്തി പ്രാർഥിച്ചു.’– എന്ന കുറിപ്പോടെ ക്ഷേത്ര ദർശനത്തിന്റെ ചിത്രങ്ങളും പ്രധാനമന്ത്രി സമൂഹമാധ്യമത്തിൽ പങ്കുവച്ചു. ക്ഷേത്രദർശനത്തിനു ശേഷം മോദി പുരോഹിതരുടെ അനുഗ്രഹം തേടിയാണ് മടങ്ങിയത്.
ഞായറാഴ്ച രാത്രിയോടെയാണ് തിരുപ്പതി ക്ഷേത്ര ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുമലയിലെത്തിയത്. ആന്ധ്രാപ്രദേശ് ഗവർണർ എസ്. അബ്ദുൾ നസീർ, മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡി എന്നിവർ റെനിഗിണ്ട വിമാനത്താവളത്തിലെത്തി പ്രധാനമന്ത്രിയെ സ്വീകരിച്ചു. ക്ഷേത്ര ദർശനത്തിനു ശേഷം പ്രധാനമന്ത്രി തെലങ്കാനയിലേക്കു തിരിച്ചു.