ആറു വയസ്സുകാരിയെ വിട്ടുകിട്ടാൻ മോചനദ്രവ്യം ആവശ്യപ്പെട്ടു; പ്രതിയെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം പുറത്തുവിട്ടു
Mail This Article
കൊല്ലം∙ ഓയൂരിൽനിന്നു തട്ടിക്കൊണ്ടുപോയ ആറു വയസ്സുകാരിയെ വിട്ടുകിട്ടാൻ മോചനദ്രവ്യം ആവശ്യപ്പെട്ടു സംഘം. ആദ്യം കുട്ടിയുടെ അമ്മയുടെ ഫോണിലേക്കു വിളിച്ച് അഞ്ചുലക്ഷം രൂപയും പിന്നീട് 10 ലക്ഷം രൂപയും ആവശ്യപ്പെട്ടു. കുട്ടി സുരക്ഷിതയാണ്, അഞ്ചുലക്ഷം തന്നാൽ മാത്രമേ കുട്ടിയെ തിരികെ നൽകു എന്നായിരുന്നു ഫോണില്‍ വിളിച്ച സ്ത്രീ കുട്ടിയുടെ അമ്മയോട് പറഞ്ഞത്. കുട്ടിയുടെ ബന്ധുക്കളാണ് ഇതുസംബന്ധിച്ച വിവരം മാധ്യമങ്ങളോടു പറഞ്ഞത്.
പാരിപ്പള്ളിയിലെ കടയിൽ സ്ത്രീക്കൊപ്പം എത്തിയെന്നു സംശയിക്കുന്നയാളുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടു. അപ്പൂപ്പൻപാറയിലെ ക്വാറിയിലുൾപ്പെടെ സമീപ പ്രദേശങ്ങളിലെ ക്വാറികളിലും തിരച്ചിൽ നടത്തി. വേളമാനൂരിലെ വീടുകളിലടക്കം ആളൊഴിഞ്ഞ ഇടങ്ങളിൽ പൊലീസിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ പുലർച്ചെയും തിരച്ചിൽ തുടരുകയാണ്. അന്വേഷണത്തിന് സഹായകമായ ചില വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് ഐജി ജി. സ്പർജൻ കുമാർ അറിയിച്ചു.
‘‘ഒരാഴ്ചമുൻപും സമീപത്തു കാറ് കണ്ടതായി കുട്ടികൾ പറഞ്ഞിരുന്നു. എന്നാൽ അന്ന് അതത്ര കാര്യമാക്കിയില്ല. പിന്നീട് ഒന്നും പറഞ്ഞിരുന്നില്ല. ആരുമായും ശത്രുതയില്ല. ആരെയും സംശയവുമില്ല. സംഭവം നടക്കുമ്പോൾ അമ്മച്ചി മാത്രമാണു വീട്ടിലുണ്ടായിരുന്നത്. കുട്ടികൾ ട്യൂഷന് പോകുന്നത് അടുത്താണ്. വണ്ടികൾ ഒക്കെ പോകുന്ന വഴിയാണ്’’–കുട്ടിയുടെ അമ്മ പറഞ്ഞു.
മോചനദ്രവ്യം ആവശ്യപ്പെട്ട് ഫോൺ കോൾ എത്തിയെങ്കിലും കുട്ടി എവിടെയാണെന്ന് ഇതുവരെ വിവരം ലഭിച്ചിട്ടില്ല. എന്നാൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഘം സഞ്ചരിച്ച വാഹനത്തെക്കുറിച്ചു സൂചനയുണ്ടെന്ന് ഗണേഷ് കുമാർ എംഎൽഎ പറഞ്ഞു. കുട്ടിയുടെ അമ്മയ്ക്കു വന്ന ഫോൺ കോളിന്റെ ആധികാരികത പൊലീസ് പരിശോധിക്കുകയാണ്. സംസ്ഥാനമാകെ വ്യാപകമായ പരിശോധന നടത്തുകയാണ് പൊലീസ്. മൊബൈൽ ടവർ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.
തിങ്കളാഴ്ച വൈകിട്ടാണ് കുട്ടിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. ഓയൂർ സ്വദേശി റെജിയുടെ മകൾ അബിഗേൽ സാറയെ ഓയൂർ മരുതമൺപള്ളിക്കു സമീപം വച്ചാണു തട്ടിക്കൊണ്ടുപോയത്. സഹോദരനൊപ്പം ട്യൂഷൻ ക്ലാസിലേക്കു പോകവേ കാറിലെത്തിയ സംഘം കുട്ടിയെ തട്ടിക്കൊണ്ടു പോവുകയായിരുന്നു. ഒന്നാം ക്ലാസ് വിദ്യാർഥിനിയാണ് അബിഗേൽ സാറ.
തന്നെയും തട്ടിക്കൊണ്ടുപോവാൻ ശ്രമിച്ചതായും വലിച്ചിഴച്ചതായും സഹോദരനായ എട്ടുവയസ്സുകാരൻ കുടുംബത്തെ അറിയിക്കുകയായിരുന്നു. തുടർന്നു കുടുംബം സംഭവത്തെക്കുറിച്ചു പൊലീസിൽ ഫോൺ വിളിച്ചു അറിയിച്ചു. വെള്ള നിറത്തിലുള്ള കാറിലാണു സംഘമെത്തിയത്. കാറിൽ നാലുപേരാണുണ്ടായിരുന്നത്. കുട്ടിയെക്കുറിച്ചോ കാറിനെക്കുറിച്ചോ വിവരം കിട്ടുന്നവർ ഈ നമ്പറുകളിൽ അറിയിക്കുക: 9946923282, 9495578999