തുരങ്കത്തിൽ കുടുങ്ങിയ ഡ്രില്ലിങ് യന്ത്രം പുറത്തെടുത്തെന്ന് മുഖ്യമന്ത്രി; ഇനി രക്ഷാപ്രവർത്തകർ ഗ്യാസ് കട്ടർ ഉപയോഗിച്ച് മുന്നോട്ട്
Mail This Article
ഉത്തരകാശി∙ ഉത്തരാഖണ്ഡിലെ സിൽക്യാര തുരങ്കത്തിൽ കുടുങ്ങിയ 41 തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള തീവ്രശ്രമം 16ാം ദിനവും പുരോഗമിക്കുന്നു. അവശിഷ്ടങ്ങൾക്കിടയിലൂടെ രക്ഷാകുഴൽ കടത്തിവിടാനുള്ള ശ്രമം തുടരുകയാണ്. കുഴലിനുള്ളിൽ കുടുങ്ങിയ അമേരിക്കൻ നിർമിത ഡ്രില്ലിങ് യന്ത്രം പൂർണമായും എടുത്തുമാറ്റിയതായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി അറിയിച്ചു. കഴിഞ്ഞ മൂന്നു ദിവസമായി ഡ്രില്ലിങ് യന്ത്രം കുടുങ്ങിക്കിടന്നത് രക്ഷാദൗത്യത്തെ പ്രതിസന്ധിയിലാക്കിയിരുന്നു.
ഡ്രില്ലിങ് യന്ത്രം എടുത്തുമാറ്റിയതോടെ ഇനി രക്ഷാപ്രവർത്തകർ കുഴലിലൂടെ നിരങ്ങിനീങ്ങി അവശിഷ്ടങ്ങൾക്കിടയിലെ സ്റ്റീൽ, ഇരുമ്പ് പാളികൾ ഗ്യാസ് കട്ടർ ഉപയോഗിച്ച് മാറ്റി രക്ഷാകുഴൽ തൊഴിലാളികൾക്ക് അരികിലേക്ക് നീക്കുന്ന പ്രവൃത്തി വൈകാതെ ആരംഭിക്കും. 10–15 മീറ്റർ ദൂരത്തുള്ള അവശിഷ്ടങ്ങളാണ് നീക്കം ചെയ്യാനുള്ളത്. തടസ്സമില്ലാതെ ഇതു നടന്നാൽ ഇന്നു രാത്രിയോടെ കുഴൽ തൊഴിലാളികളിലേക്ക് എത്തിക്കാമെന്നാണു പ്രതീക്ഷ.
അവശിഷ്ടങ്ങൾക്കിടയിലൂടെ രക്ഷാകുഴൽ കടത്തിവിടുന്നതിനുപുറമേ മലമുകളിൽനിന്നു താഴേക്കുള്ള കുഴിക്കലും ഇന്നലെ ആരംഭിച്ചിരുന്നു. ഇന്നലെ 22 മീറ്റർ താഴേക്കു കുഴിച്ചു. 90 മീറ്റർ താഴെയുള്ള തുരങ്കത്തിലെത്താൻ 100 മണിക്കൂറെടുക്കുമെന്നു (4 ദിവസം) ദൗത്യസംഘം അറിയിച്ചു. മലയിൽ കാര്യമായ പാറകളില്ലെങ്കിൽ ബുധനാഴ്ച രാത്രിയോടെ തുരങ്കത്തിലെത്താം.
ഇതിനിടെ, ദൗത്യത്തിന്റെ ഭാഗമാകാൻ കരസേനയുടെ കീഴിലുള്ള മദ്രാസ് എൻജിനീയർ ഗ്രൂപ്പും സ്ഥലത്തെത്തി. മലയാളികളും അടങ്ങിയ സംഘമാണിത്. തൊഴിലാളികളെ നിരീക്ഷിക്കുന്ന ക്യാമറ സാങ്കേതികത്തകരാർ മൂലം ഇന്നലെ തടസ്സപ്പെട്ടു. ഇതിനിടെ, ഇന്ന് ഇവിടെ മഴയും മഞ്ഞുവീഴ്ചയുമുണ്ടാകുമെന്നു കാലാവസ്ഥാ വകുപ്പു പ്രവചിച്ചിട്ടുണ്ട്. കാലാവസ്ഥ പ്രതികൂലമായാൽ രക്ഷാദൗത്യം കൂടുതൽ ദുഷ്കരമാകും.