രാത്രി തങ്ങിയ വീട്ടിൽ ഒരു സ്ത്രീയും 3 പുരുഷൻമാരുമുണ്ടായിരുന്നെന്ന് കുട്ടി; അക്രമികൾ ഇപ്പോഴും കാണാമറയത്ത്
Mail This Article
കൊല്ലം∙ ഓയൂരില്‍ നിന്ന് തട്ടിക്കൊണ്ടുപോയ ആറു വയസ്സുകാരി അബിഗേൽ സാറ റെജിയെ 20 മണിക്കൂർ നീണ്ട അനിശ്ചിതത്വത്തിന് ഒടുവിൽ കൊല്ലം ആശ്രാമം മൈതാനത്തുനിന്ന് കണ്ടെത്തിയെങ്കിലും, പൊലീസിന്റെയും നാട്ടുകാരുടെയും മാധ്യമങ്ങളുടെയും കണ്ണുവെട്ടിച്ച് നടക്കുന്ന പ്രതികളെക്കുറിച്ച് ഇപ്പോഴും വ്യക്തതയില്ല. ഒരു സ്ത്രീയാണ് കുട്ടിയെ ആശ്രാമം മൈതാനത്തെ തിരക്കിനിടയിൽ ഓട്ടോയിൽ കൊണ്ടുവന്ന് ഉപേക്ഷിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. ഇവരെക്കുറിച്ച് പൊലീസിനു സൂചന ലഭിച്ചതായി വിവരമുണ്ടെങ്കിലും സ്ഥിരീകരണമില്ല.
ഇന്നലെ വൈകിട്ട് 4.30ന് കാണാതായ കുട്ടിയെ ഇതിനകം കണ്ടെത്താനായെങ്കിലും, 24 മണിക്കൂർ പിന്നിട്ടിട്ടും പ്രതികളിലേക്ക് എത്താനാകാത്തത് പൊലീസിനു വെല്ലുവിളിയാണ്. പ്രതികൾ ആരാണ്, അവരുടെ ലക്ഷ്യമെന്തായിരുന്നു തുടങ്ങിയ ചോദ്യങ്ങൾ ഇപ്പോഴും ബാക്കിയാണ്. വാഹനങ്ങൾ മാറിമാറി സഞ്ചരിച്ചാണ് പ്രതികൾ എല്ലാവരെയും കബളിപ്പിച്ചതെന്ന് വ്യക്തമായിട്ടുണ്ട്.
അതേസമയം, ഇന്നലെ രാത്രി കഴിഞ്ഞത് ഒരു വലിയ വീട്ടിലാണെന്ന സൂചന മാത്രമാണ് കുട്ടിക്ക് പൊലീസിനു നൽകാനായത്. അവിടെ മൂന്നു പുരുഷൻമാരും ഒരു സ്ത്രീയും ഉണ്ടായിരുന്നതായും കുട്ടി വെളിപ്പെടുത്തി. ഇവരെ മുൻപരിചയമില്ലെന്നാണ് അബിഗേൽ പറയുന്നത്. ഈ സ്ത്രീയാണ് കുട്ടിയെ ഓട്ടോയിൽ ആശ്രാമം മൈതാനത്ത് എത്തിച്ചതെന്ന് കരുതുന്നു. കുട്ടിയെ ഇവിടെ ഉപേക്ഷിച്ച ശേഷം സ്ത്രീ എങ്ങോട്ടാണ് പോയതെന്ന കാര്യത്തിലും വ്യക്തതയില്ല.
ഇവർ കൊല്ലം ലിങ്ക് റോഡിൽ നിന്നാണ് ഓട്ടോയിൽ കയറിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇരുവരും മാസ്ക് ധരിച്ചിരുന്നതിനാൽ തിരിച്ചറിയാനായില്ലെന്നാണ് ഓട്ടോ ഡ്രൈവറുടെ ഭാഷ്യം. ഇറക്കിവിട്ട ശേഷമാണ് തിരിച്ചറിഞ്ഞതെന്ന് ഓട്ടോ ഡ്രൈവര്‍ സജീവന്‍ പറഞ്ഞു. തുടര്‍ന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. സമീപത്തെ ബീയര്‍ പാര്‍ലറിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്.
സംഘത്തിലെ അംഗമെന്നു കരുതുന്ന ഒരാളുടെ രേഖാചിത്രം പുറത്തുവിട്ടെങ്കിലും കാര്യമായ ഫലമുണ്ടായിട്ടില്ല. ഇന്നലെ രാത്രി ഒരു സ്ത്രീയും പുരുഷനും ഒരു കടയിൽ എത്തിയിരുന്നുവെന്ന വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് രേഖാചിത്രം തയാറാക്കിയത്.
അക്രമികൾ കുട്ടിയുമായി കോട്ടയം പുതുവേലിയിൽ എത്തിയെന്ന സൂചനയാണ് രേഖാചിത്രം കൊണ്ടുണ്ടായ പ്രധാന പുരോഗതി. തുടർന്ന് പൊലീസ് അവിടെയെത്തി പരിശോധന നടത്തിയിരുന്നു. പുതുവേലി കവലയിലെ ബേക്കറിയിൽ രണ്ടു പുരുഷനും ഒരു സ്ത്രീയും ചായ കുടിക്കാനെത്തിയിരുന്നു. എത്തിയവരിൽ ഒരാൾക്ക് രേഖാചിത്രവുമായി സാമ്യമുണ്ടെന്ന് കടയുടമയ്ക്ക് സംശയം തോന്നിയതിനെ തുടർന്നാണ് പൊലീസ് പരിശോധന നടത്തിയത്. കാറിലാണ് ഇവർ എത്തിയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പൊലീസ് പരിശോധിച്ചു.