ശബരിമല അയ്യപ്പഭക്തന്മാർക്കായി ഇടത്താവളം ഒരുക്കി കൊച്ചിൻ രാജ്യാന്തര എയർപോർട്ട്
Mail This Article
കൊച്ചി∙ മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന്റെ ഭാഗമായി ശബരിമല അയ്യപ്പഭക്തന്മാർക്കായി ഇടത്താവളം ഒരുക്കി കൊച്ചിൻ രാജ്യാന്തര എയർപോർട്ട് ലിമിറ്റഡ്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ശബരിമല ഇൻഫർമേഷൻ സെന്ററും ഇടത്താവളത്തിൽ ഒരുക്കിയിട്ടുണ്ട്. വിമാനത്താവളത്തിലെ ടെർമിനൽ ഒന്ന് ആഗമനകവാടത്തിന്റെ മുൻവശത്തായാണ് പിൽഗ്രീംഫെസിലിറ്റേഷൻ സെന്റർ തയാറാക്കിയത്. ഭക്തർക്ക് വിരിവെച്ച് വിശ്രമിക്കാനുള്ള സൗകര്യവും ഇരിക്കാനുള്ള സൗകര്യവും ശുചിമുറി സൗകര്യവും ഫെസിലിറ്റേഷൻ കേന്ദ്രത്തിലുണ്ട്. ചുക്കുവെള്ളം, ലഘുഭക്ഷണം എന്നിവയും ഭക്തർക്ക് ലഭിക്കും. വിമാനങ്ങളുടെ ആഗമനം, പുറപ്പെടൽ എന്നിവ സംബന്ധിച്ച ഡിസ്പ്ലെ ബോർഡും ഫെസിലിറ്റേഷൻ സെന്ററിൽ സ്ഥാപിച്ചിട്ടുണ്ട്.
സിയാലിന്റെ ഫെസിലിറ്റേഷൻ സെന്ററിന്റെയും ദേവസ്വം ബോർഡ് ഇൻഫർമേഷൻ സെന്ററിന്റെയും ഉദ്ഘാടനം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് നിർവ്വഹിച്ചു. അയ്യപ്പ ഭക്തർക്കായി ആദ്യമായാണ് ഒരു വിമാനത്താവളത്തിൽ എല്ലാ സൗകര്യങ്ങളോടും കൂടിയ ഇടത്താവളം ഒരുക്കുന്നത്.
ഭക്തർക്ക് കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനായി സിയാൽ എം.ഡി. സുഹാസുമായി ദേവസ്വം ബോർഡ് പ്രസിഡന്റ് ചർച്ച നടത്തി. സിയാൽ ഡയറക്ടർ മനു ഗോപാലകൃഷ്ണപിള്ള, സിയാലിലെ മറ്റു ഉദ്യോഗസ്ഥർ, നോർത്ത് പറവൂർ അസിസ്റ്റന്റ് ദേവസ്വം കമ്മിഷ്ണർ ജയശ്രീ, ദേവസ്വം കോട്ടയം എക്സിക്യൂട്ടീവ് എൻജിനീയർ ഉപ്പിലിയപ്പൻ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. സിങ്കപ്പൂർ, മലേഷ്യ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നും ഹൈദരാബാദ്, മുംബെ, ചെന്നൈ, മധുര, ബെംഗളുരു, തൃച്ചി എന്നിവടങ്ങളിൽ നിന്നും നിരവധി അയ്യപ്പഭക്തന്മാരാണ് കൊച്ചി രാജ്യാന്തര വിമാനത്താവളം വഴി ശബരിമലക്ക് പോകാൻ എത്തുന്നത്.