ADVERTISEMENT

ഉത്തരകാശിയിലെ സിൽക്യാര തുരങ്കത്തിൽ കുടുങ്ങിക്കിടന്ന 41 തൊഴിലാളികളെ 17 ദിവസത്തെ രക്ഷാദൗത്യത്തിനുശേഷം പുറത്തെത്തിച്ചിരിക്കുകയാണ്. ഈ മാസം 12നാണ് ചാർധാം പാതയുടെ നിർമാണത്തിലിരുന്ന തുരങ്കം തകർന്നു തൊഴിലാളികൾ ഇവിടെ കുടുങ്ങിയത്. ‘ഓപ്പറേഷൻ സുരംഗ് (തുരങ്കം)’ എന്നു പേരിട്ട ദൗത്യത്തിലൂടെയാണ് ഇവരെ പുറത്തെത്തിച്ചത്. രാജ്യം കണ്ട ഏറ്റവും ദുഷ്കര രക്ഷാദൗത്യങ്ങളിലൊന്നിന്റെ തുരങ്കവാതിൽപ്പടിയിൽ കണ്ണിമ ചിമ്മാതെ, ശ്വാസമടക്കിപ്പിടിച്ചയാണ് ഓരോ ദിനവും കടന്നുപോയത്. അപ്രതീക്ഷിത പ്രതിസന്ധികൾ ഓരോ ഘട്ടത്തിലും നേരിട്ടപ്പോൾ ഒത്തൊരുമയോടെനിന്നാണ് ദൗത്യം പൂർത്തിയാക്കിയത്.

ഉത്തരകാശിയിലെ സിൽക്യാര തുരങ്കത്തിൽ അകപ്പെട്ട തൊഴിലാളികൾക്കായുള്ള രക്ഷാപ്രവർത്തനം മുന്നേറുന്നു. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ
ഉത്തരകാശിയിലെ സിൽക്യാര തുരങ്കത്തിൽ അകപ്പെട്ട തൊഴിലാളികൾക്കായുള്ള രക്ഷാപ്രവർത്തനം മുന്നേറുന്നു. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ

ഇത്തരത്തിൽ ലോകം മുഴുവനും ആശങ്കയോടെ വീക്ഷിച്ച അനേകം രക്ഷാദൗത്യങ്ങൾ ഇന്ത്യയിലുൾപ്പെടെ മുൻപും ഉണ്ടായിട്ടുണ്ട്. 2018ൽ തായ്‌ലൻഡിൽ ഗുഹയ്ക്കുള്ളിൽ കുടുങ്ങിയ 12 കുട്ടികളെയും അവരുടെ ഫുട്ബോൾ പരിശീലകനെയും രക്ഷിച്ചത്, 1989ൽ ബംഗാൾ റാണിഗഞ്ചിലെ മഹാവീർ കൽക്കരിഖനിയിൽ കുടുങ്ങിയ 65 തൊഴിലാളികളെ രക്ഷിച്ചത് അങ്ങനെ ആ പട്ടിക നീളുന്നു. അതിൽ ചിലതു മാത്രം:

∙ അന്ന് ആ മഴയത്ത്....

2018 ജൂൺ 23നു ഫുട്ബോൾ പരിശീലനം കഴിഞ്ഞു മടങ്ങും വഴിയാണു 12 സ്കൂൾ വിദ്യാർഥികളും പരിശീലകനും വെറുതെ ഗുഹയ്ക്കുള്ളിൽ കയറിയത്. തൊട്ടുപിന്നാലെ മഴ തുടങ്ങിയതോടെ ഗുഹയ്ക്കുള്ളിൽ വെളളം നിറഞ്ഞു സംഘം കുടുങ്ങിപ്പോയി. കുട്ടികൾ വീട്ടിൽ തിരിച്ചെത്താതിരിക്കുകയും അവരുടെ സൈക്കിളുകളും ബാഗുകളും ഗുഹാമുഖത്തു കണ്ടെത്തുകയും ചെയ്തതോടെയാണു രാജ്യാന്തര സഹകരണത്തോടെ രക്ഷാപ്രവർത്തനം ആരംഭിച്ചത്. രണ്ടാഴ്ച ഭക്ഷണവും വെള്ളവുമില്ലാതെ ക്ഷീണിച്ച് അവശരായെങ്കിലും എല്ലാവരും ജീവനോടെ രക്ഷപ്പെട്ടു.

തായ്‌‍ലൻഡിൽ വെള്ളപ്പൊക്കത്തിൽ ഇടിഞ്ഞുതാണ ഗുഹയിൽ കുടുങ്ങിപ്പോയ പ്രാദേശിക ജൂനിയർ ഫുട്ബോൾ ടീം അംഗങ്ങളായ 12 കുട്ടികളെയും പരിശീലകനെയും രക്ഷിക്കാനുള്ള ദൗത്യത്തിനിടെ. ചിത്രം: AFP PHOTO / ROYAL THAI NAVY / Handout
തായ്‌‍ലൻഡിൽ വെള്ളപ്പൊക്കത്തിൽ ഇടിഞ്ഞുതാണ ഗുഹയിൽ കുടുങ്ങിപ്പോയ പ്രാദേശിക ജൂനിയർ ഫുട്ബോൾ ടീം അംഗങ്ങളായ 12 കുട്ടികളെയും പരിശീലകനെയും രക്ഷിക്കാനുള്ള ദൗത്യത്തിനിടെ. ചിത്രം: AFP PHOTO / ROYAL THAI NAVY / Handout

ലോകം ഉറ്റുനോക്കിയ രക്ഷാദൗത്യത്തിനു നേതൃത്വം നൽകിയത് തായ് നാവികസേനയുടെ സീൽ അംഗങ്ങളാണ്. വിവിധ രാജ്യങ്ങളിൽനിന്നുള്ള 90 മുങ്ങൽ വിദഗ്ധർ ഉൾപ്പെടെ പതിനായിരത്തിലധികം പേർ രക്ഷാദൗത്യത്തിൽ പങ്കെടുത്തു. രക്ഷാപ്രവർത്തനത്തിനിടെ തായ് നാവികസേനയുടെ മുൻ സീൽ അംഗം സമൻ കുനൻ മരിച്ചു.

‘ദ് റെസ്‌ക്യൂ’, ‘13 ലൈവ്‌സ്’, ‘എഗെയിൻസ്റ്റ് ദ് എലമെന്റ്‌സ്’ എന്നിവയുൾപ്പെടെ നിരവധി പുസ്തകങ്ങൾ, ഡോക്യുമെന്ററികൾ, സിനിമകൾ എന്നിവ ഈ രക്ഷാദൗത്യത്തിന്റെ കഥ വീണ്ടും പറഞ്ഞുകൊണ്ട് നിർമിച്ചിട്ടുണ്ട്.

∙ ‘ദ് ഗ്രേറ്റ് ഭാരത് റെസ്‌ക്യൂ’

ബംഗാളിലെ റാണിഗഞ്ച് മഹാവീർ കൽക്കരിഖനിയിൽ 120 അടി താഴ്‌ചയിൽ കുടുങ്ങിയ 65 തൊഴിലാളികളെ 72 മണിക്കൂറിനു ശേഷമാണ് രക്ഷപ്പെടുത്തിയത്. ആറുപേരെ കണ്ടെത്താനായില്ല. മറ്റൊരു തുരങ്കമുണ്ടാക്കിയാണ് ഇവരെ രക്ഷിച്ചത്. 1989 നവംബർ 13ന് കൽക്കരി ഖനിയിൽ പെട്ടെന്നുള്ള ജലപ്രവാഹം മൂലം വെള്ളപ്പൊക്കമുണ്ടായപ്പോൾ 232 ഖനിത്തൊഴിലാളികൾ ജോലിയിലായിരുന്നു. 161 ഖനിത്തൊഴിലാളികളെ ഉടൻ രക്ഷപ്പെടുത്തിയപ്പോൾ 65 തൊഴിലാളികൾ അതിനുള്ളിൽ കുടുങ്ങി. ആറ് തൊഴിലാളികളെ കണ്ടെത്താനായില്ല.

2006 ജൂലൈ 21നു ഹരിയാനയിൽ കുരുക്ഷേത്രയ്‌ക്കടുത്തു ഹൽദാനി ഗ്രാമത്തിലെ കുഴൽക്കിണറിൽ വീണ നാലു വയസ്സുകാരൻ പ്രിൻസിനെ സൈന്യം പുറത്തെടുത്തപ്പോൾ. PTI PHOTO
2006 ജൂലൈ 21നു ഹരിയാനയിൽ കുരുക്ഷേത്രയ്‌ക്കടുത്തു ഹൽദാനി ഗ്രാമത്തിലെ കുഴൽക്കിണറിൽ വീണ നാലു വയസ്സുകാരൻ പ്രിൻസിനെ സൈന്യം പുറത്തെടുത്തപ്പോൾ. PTI PHOTO

ഇവരെ രക്ഷിക്കാൻ രക്ഷാദൗത്യം ആരംഭിക്കുകയും ഒന്നിലധികം സംഘങ്ങൾ രൂപീകരിക്കുകയും ചെയ്തു. 7 അടി ഉയരവും 22 ഇഞ്ച് വ്യാസവുമുള്ള സ്റ്റീൽ ക്യാപ്‌സ്യൂൾ നിർമിച്ച് ഖനിയിലേക്ക് ക്യാപ്‌സ്യൂൾ ഇറക്കാൻ ഒരു പുതിയ ബോർഹോൾ ഉണ്ടാക്കുക എന്ന നൂതന ആശയം കൊണ്ടുവന്നത് ഒരു ടീമിന് നേതൃത്വം നൽകിയ ഖനന എഞ്ചിനീയർ ജസവന്ത് ഗില്ലാണ്. രണ്ട് ദിവസത്തെ പരിശ്രമത്തിനുശേഷം ഖനിത്തൊഴിലാളികളെ ഓരോരുത്തരായി പുറത്തെത്തിച്ചു.

ഖനിത്തൊഴിലാളികളെ രക്ഷിക്കാൻ ക്യാപ്‌സ്യൂളിൽ ഇറങ്ങിയ ഗില്ലിന് 1991ൽ അന്നത്തെ രാഷ്ട്രപതി ആർ.വെങ്കിട്ടരാമൻ ധീരതയ്ക്കുള്ള പരമോന്നത സിവിലിയൻ പുരസ്‌കാരമായ ‘സർവോത്തം ജീവൻ രക്ഷാ പഥക്’ നൽകി ആദരിച്ചു. ഇതു പ്രമേയമാക്കി 2023 ഒക്ടോബറിൽ ‘മിഷൻ റാണിഗഞ്ച്: ദ് ഗ്രേറ്റ് ഭാരത് റെസ്‌ക്യൂ’ എന്ന ബോളിവുഡ് സിനിമ പുറത്തിറങ്ങി. നടൻ അക്ഷയ് കുമാറാണ് ജസ്വന്ത് ഗില്ലായി വേഷമിട്ടിരിക്കുന്നത്.

∙ രക്‌തം കട്ടപിടിക്കുന്ന തണുപ്പിൽ...

വിമാനം തകർന്ന് 2 മാസത്തിലേറെ മഞ്ഞുമലയിൽകുടുങ്ങി, ജീവിതത്തിലേക്കു തിരിച്ചെത്തിയ വിസ്മയകഥ ചിലെയിലുണ്ട്. യുറഗ്വായ് ഓൾഡ് ക്രിസ്റ്റ്യൻസ് ക്ലബ് റഗ്ബി യൂണിയൻ ടീം അംഗങ്ങൾ സഞ്ചരിച്ച വിമാനം 1972 ഒക്‌ടോബർ 13നു മഞ്ഞുമൂടിയ ആൻഡിസ് പർവതനിരകളിൽ തകർന്നുവീണു. ടീം അംഗങ്ങളും ബന്ധുക്കളും വിമാനജീവനക്കാരുമടക്കം 45 യാത്രക്കാരാണുണ്ടായിരുന്നത്. 12 പേർ തൽക്ഷണം മരിച്ചു.

പുറംലോകവുമായി ഒരു ബന്ധവുമില്ല. ആഹാരവും വെളളവും ഇല്ലാത്ത അവസ്ഥ. മോശമായ കാലാവസ്ഥയും ആരോഗ്യപ്രശ്നങ്ങളും മൂലം പല ഘട്ടങ്ങളിലായി 17 പേർ കൂടി പിന്നീടു മരിച്ചു. ബാക്കിയുണ്ടായിരുന്ന 16 യാത്രക്കാർ രക്‌തം കട്ടപിടിക്കുന്ന തണുപ്പിൽ, മഞ്ഞിലൂടെ 70 ദിവസം അലഞ്ഞു ജീവിതത്തിലേക്കു മടങ്ങിയെത്തി. ഡിസംബർ 23നാണു രക്ഷാപ്രവർത്തനം പൂർത്തിയായത്.

∙ ‘രാജകുമാരന്റെ’ തിരിച്ചുവരവ്

2006 ജൂലൈ 21നു ഹരിയാനയിൽ കുരുക്ഷേത്രയ്‌ക്കടുത്തു ഹൽദാനി ഗ്രാമത്തിലെ കുഴൽക്കിണറിൽ വീണ നാലു വയസ്സുകാരൻ പ്രിൻസിനെ സൈന്യം രക്ഷിച്ചതും രക്ഷാദൗത്യ ചരിത്രത്തിലെ സുവർണനിമിഷമാണ്. 60 അടിയോളം ആഴത്തിൽ നിന്നാണ് അന്നു പ്രിൻസിനെ രക്ഷിച്ചത്. രക്ഷാപ്രവർത്തനത്തിനിടെ അതേ ആഴത്തിലുള്ള മറ്റൊരു ശൂന്യമായ കുഴൽക്കിണർ സമീപത്ത് കണ്ടെത്തി.

മൂന്ന് അടി വ്യാസമുള്ള ഇരുമ്പ് പൈപ്പുകൾ ഉപയോഗിച്ച് രണ്ട് കുഴൽക്കിണറുകളും തമ്മിൽ ബന്ധിപ്പിക്കുകയും ഏകദേശം 50 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ പ്രിൻസിനെ സുരക്ഷിതമായി പുറത്തെടുക്കുകയും ചെയ്തു. വെള്ളത്തുണിയിൽ പൊതിഞ്ഞ പ്രിൻ‌സിനെ പുറത്തെത്തിച്ചപ്പോൾ അവിടെനിന്നവർ ആഹ്ലാദത്തോടെ തുള്ളിച്ചാടുന്ന ദൃശ്യങ്ങൾ എങ്ങനെ മറക്കാനാകും?

∙ ‘ഞങ്ങൾ സുഖമായിരിക്കുന്നു’

2010 ഓഗസ്റ്റ് 5ന് ചിലെയിലെ കോപ്പിയാപോയിലെ സാൻ ജോസ സ്വർണ, ചെമ്പു ഖനി തകർന്നു രണ്ടായിരം അടിയിലേറെ താഴ്ചയിൽ കുടങ്ങിപ്പോയ 33 പേരെ 69 ദിവസത്തിനു ശേഷം രക്ഷപ്പെടുത്തിയതാണ് ലോകം ഓർക്കുന്ന മറ്റൊരു രക്ഷാദൗത്യം. 19 മുതൽ 63 വയസ്സുവരെയുള്ള 33 പുരുഷന്മാരാണ് ഖനിക്കുള്ളിൽ കുടുങ്ങിയത്. ഓഗസ്റ്റ് 22ന്, ഉപരിതലത്തിൽനിന്ന് ഒരു ചെറിയ തുരങ്കം ഉണ്ടാക്കാൻ രക്ഷാപ്രവർത്തകർക്ക് കഴിഞ്ഞു.

2010ൽ ചിലെയിലെ കോപ്പിയാപോയിലെ സാൻ ജോസ സ്വർണ, ചെമ്പു ഖനി തകർന്നു രണ്ടായിരം അടിയിലേറെ താഴ്ചയിൽ കുടങ്ങിപ്പോയവരെ രക്ഷിക്കാനുള്ള ദൗത്യം പൂർത്തിയായപ്പോൾ. ചിത്രം: AFP PHOTO/GOVERNMENT OF CHILE / Hugo Infante
2010ൽ ചിലെയിലെ കോപ്പിയാപോയിലെ സാൻ ജോസ സ്വർണ, ചെമ്പു ഖനി തകർന്നു രണ്ടായിരം അടിയിലേറെ താഴ്ചയിൽ കുടങ്ങിപ്പോയവരെ രക്ഷിക്കാനുള്ള ദൗത്യം പൂർത്തിയായപ്പോൾ. ചിത്രം: AFP PHOTO/GOVERNMENT OF CHILE / Hugo Infante

ഇതുവഴി കുടുങ്ങിക്കിടന്നവർ ഒരു സന്ദേശം കൈമാറി. ഇതിനെത്തുടർന്ന് ആളുകൾ ഇംഗ്ലീഷിൽ വിവർത്തനം ചെയ്ത ഒരു കുറിപ്പ് അയച്ചു, ‘‘ഞങ്ങൾ സുഖമായിരിക്കുന്നു, ഞങ്ങൾ 33 പേരുണ്ട്’’– എന്നായിരുന്നു ആ സന്ദേശം. 69 ദിവസങ്ങൾക്ക് ശേഷം ഒക്ടോബർ 13ന്, 33 ഖനിത്തൊഴിലാളികൾ ചിലെയുടെ ദേശീയ പതാകയുടെ നിറത്തിൽ ചായം പൂശിയ ക്യാപ്‌സ്യൂൾ വഴി ഓരോരുത്തരായി പുറത്തുവന്നു.

2018ൽ തായ്‌ലൻഡിൽ ഗുഹയ്ക്കുള്ളിൽ കുടങ്ങിയ കുട്ടികളെ രക്ഷിക്കാനുള്ള ശ്രമം നടക്കുന്നതിനിടെ ചിലെയിലെ ഖനിക്കുള്ളിൽനിന്നു രക്ഷപ്പെട്ടവരിൽ ഒരാൾ സ്നേഹാശംസ കൈമാറിയിരുന്നു. മാരിയോ സെപുൽവേദ എന്നയാളാണ് ട്വിറ്ററിൽ കുട്ടികൾക്കായി വിഡിയോ പോസ്റ്റ് ചെയ്തത്. ‘നിങ്ങളെ രക്ഷിക്കാൻ മനുഷ്യസാധ്യമായ എല്ലാം വേണ്ടപ്പെട്ടവർ ചെയ്യുമെന്ന് എനിക്കുറപ്പാണ്. ’ എന്ന് വിഡിയോയിൽ മാരിയോ പറയുന്നു.

∙ ഖനിക്കുള്ളിൽ 77 മണിക്കൂർ

ലോകത്തെ ഭീതിയിലാഴ്ത്തിയ സെപ്റ്റംബർ 11 ഭീകരാക്രമണത്തിന് ഒരു വർഷത്തിനുള്ളിൽ 2002 ജൂലൈ 24ന്, പെൻസിൽവാനിയയിലെ സോമർസെറ്റ് കൗണ്ടിയിൽ ക്യുക്രീക്ക് മൈനിംഗ് ഇൻകോർപ്പറേറ്റിലെ ഒമ്പത് തൊഴിലാളികൾ ഖനിക്കുള്ളിലെ 240 അടി താഴെയുള്ള ഒരു അറയിൽ കുടുങ്ങുകയായിരുന്നു. 77 മണിക്കൂറുകൾക്ക് ശേഷം ജൂലൈ 28ന് ഖനിത്തൊഴിലാളികളെ വിജയകരമായി പുറത്തെത്തിച്ചു.

ദിവസങ്ങൾ നീണ്ട മറ്റു ചില രക്ഷാപ്രവർത്തനങ്ങൾ

∙ 1964 ഓഗസ്‌റ്റ് :
ഫ്രാൻസിലെ ഷാംപനോളിൽ ചുണ്ണാമ്പുകൽ ഖനിയിൽ കുടുങ്ങിയ 9 തൊഴിലാളികളെ 8 ദിവസത്തിനു ശേഷം രക്ഷിച്ചു. 200 അടി ആഴത്തിലാണ് ഇവർ കുടുങ്ങിക്കിടന്നത്.

∙ 2006 മേയ്: ഓസ്ട്രേലിയയിലെ ടാൻസ്മേനിയയിൽ ബീക്കൺസ്ഫീൽഡ് സ്വർണഖനിയിടിഞ്ഞ് ഒരു കിലോമീറ്റർ താഴ്‌ചയിൽ കുടുങ്ങിപ്പോയ 2 പേരെ 14 ദിവസത്തിനു ശേഷം രക്ഷിച്ചു. ഒരു കട്ടിലിന്റെ വലുപ്പം മാത്രമുളള ഇരുമ്പുകൂട്ടിൽ കഴിയുകയായിരുന്നു ഇരുവരും.

∙ 2007 ഓഗസ്‌റ്റ് : ബെയ്‌ജിങ്ങിൽ മണ്ണിടിഞ്ഞു മൂടിയ കൽക്കരി ഖനിയിൽ കുടുങ്ങിയ 2 തൊഴിലാളികൾ 130 മണിക്കൂർ ഇഴഞ്ഞുനീങ്ങി, ആറാം ദിവസം രക്ഷപ്പെട്ടു. പരസ്‌പരം മൂത്രം കുടിച്ചാണ് ഇവർ ജീവൻ നിലനിർത്തിയത്.

∙ 2020 നവംബർ : ചൈനയിലെ തെക്കുപടിഞ്ഞാറൻ സീചുവാൻ പ്രവിശ്യയിൽ നിജീയാങിലെ ഖനിയിലേക്കു വെള്ളം ഇരച്ചുകയറി അപകടം. കുടുങ്ങിക്കിടന്ന 29 പേരെ 30 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ മുകളിലെത്തിച്ചു

∙ 2021 ജനുവരി : കിഴക്കൻ ചൈനയിലെ ഷാൻഡോങ് പ്രവിശ്യയിൽ സ്ഫോടനത്തെത്തുടർന്നു തകർന്ന സ്വർണ ഖനിയിൽ കുടുങ്ങിയ 14 പേരെ രണ്ടാഴ്ചയ്ക്കു ശേഷം രക്ഷിച്ചു.

English Summary:

The Great Rescue Operations in the World

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com