41 തൊഴിലാളികളെയും പുറത്തെത്തിച്ചു, സ്വീകരിച്ച് കേന്ദ്രമന്ത്രി, മുഖ്യമന്ത്രി: സിൽക്യാര രക്ഷാദൗത്യം വിജയം
Mail This Article
ഉത്തരകാശി∙ 17 നാൾ നീണ്ട അനിശ്ചിതത്വത്തിനും ആശങ്കകൾക്കുമൊടുവിൽ സിൽക്യാര രക്ഷാദൗത്യം വിജയം. നിർമാണത്തിലിരിക്കുന്ന തുരങ്കത്തിൽ കുടുങ്ങി മൂന്ന് ആഴ്ചയോളം മരണത്തെ മുഖാമുഖം കണ്ട 41 തൊഴിലാളികളെയും വിജയകരമായി പുറത്തെത്തിച്ചു. പുറത്തെത്തിച്ച തൊഴിലാളികളെ കേന്ദ്രമന്ത്രി വി.കെ. സിങ്, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി എന്നിവർ ചേർന്നു സ്വീകരിച്ചു. തൊഴിലാളികൾ പുറത്തെത്തിയതോടെ തുരങ്കത്തിനു പുറത്ത് ആഹ്ലാദാരവങ്ങൾ ഉയർന്നു. പ്രദേശവാസികൾ മധുരം പങ്കുവച്ചും ആഹ്ലാദം പങ്കുവച്ചു.
സ്ട്രെച്ചറുകളുമായി ദുരന്തനിവാരണ സേനാംഗങ്ങൾ തുരങ്കത്തിന് അകത്തേക്കു കയറിയതിനു പിന്നാലെയാണ് ഓരോരുത്തരെയായി പുറത്തെത്തിച്ചത്. സ്ട്രെച്ചറുകളിൽ എത്തിച്ചശേഷം ആംബുലൻസിലാണ് തൊഴിലാളികളെ പുറത്തേക്കു കൊണ്ടുവന്നത്. രക്ഷപ്പെടുത്തുന്നവർക്കു പ്രാഥമിക ചികിത്സ നൽകാനായി തുരങ്കത്തിനകത്തു തന്നെ താത്ക്കാലിക ഡിസ്പെൻസറി സജ്ജമാക്കിയിരുന്നു. മെഡിക്കല്‍ പരിശോധന നടത്തിയശേഷം തൊഴിലാളികളെ ആംബുലന്‍സില്‍ ആശുപത്രിയിലേക്കു കൊണ്ടുപോയി.
അവസാന ഘട്ടത്തിൽ തുരങ്ക നിർമാണ കമ്പനിയിലെ തൊഴിലാളികളാണ് അവശിഷ്ടം നീക്കിയത്. ഇന്ന് ആറു മീറ്ററോളം അവശിഷ്ടം നീക്കി. ഇന്ത്യൻ സൈന്യം സ്ഥലത്തുണ്ടായിരുന്നെങ്കിലും സേവനം ഉപയോഗപ്പെടുത്തിയില്ല. സൈന്യത്തിന്റെ സേവനം ഉപയോഗപ്പെടുത്തിയിരുന്നെങ്കിൽ കൂടുതൽ വേഗത്തിൽ തൊഴിലാളികളെ പുറത്തെത്തിക്കാൻ കഴിയുമായിരുന്നെന്നും മലയാളി രഞ്ജിത് ഇസ്രയേൽ പറഞ്ഞു.
തുരങ്കത്തിൽ കുടുങ്ങിയവരുടെ ബന്ധുക്കളോടു തയാറായിരിക്കാൻ രക്ഷാപ്രവർത്തകർ നിർദേശം നൽകിയിരുന്നു. ‘അവരുടെ വസ്ത്രങ്ങളും ബാഗുകളും തയാറാക്കി വയ്ക്കൂ’ എന്നാണ് അധികൃതർ തുരങ്കത്തിനു പുറത്ത് കാത്തുനിൽക്കുന്ന ബന്ധുക്കളോട് പറഞ്ഞത്. പുറത്തെത്തിച്ച ഉടനെ തന്നെ തൊഴിലാളികളെ ആശുപത്രിയിലേക്ക് മാറ്റുമെന്നും അറിയിച്ചു. അതേസമയം, മലയുടെ മുകളിൽനിന്ന് താഴേക്ക് കുഴിക്കുന്ന ജോലിയും നടന്നിരുന്നു.
∙ കുടുങ്ങിയ യന്ത്രം പുറത്തെത്തിച്ചത് ഇന്നു രാവിലെ
കുഴലിൽ വെള്ളിയാഴ്ച കുടുങ്ങിയ ഡ്രില്ലിങ് യന്ത്രം ഇന്നലെ രാവിലെ പുറത്തെടുക്കാൻ സാധിച്ചതാണ് ദൗത്യത്തിനു പുതുജീവനേകിയത്. പിന്നാലെ കുഴലിലൂടെ നിരങ്ങിനീങ്ങിയ രക്ഷാപ്രവർത്തകർ തുരങ്കത്തിൽ അടിഞ്ഞ അവശിഷ്ടങ്ങൾക്കിടയിലെ ഇരുമ്പും സ്റ്റീൽ പാളികളും ഗ്യാസ് കട്ടർ ഉപയോഗിച്ചു നീക്കം ചെയ്യാൻ തുടങ്ങി. മണിക്കൂറുകൾ അധ്വാനിച്ച് ഏതാനും ഭാഗത്തെ അവശിഷ്ടങ്ങൾ നീക്കിയശേഷം ഇവർ പുറത്തിറങ്ങി.തുടർന്ന്, പുറത്തുള്ള യന്ത്രത്തിന്റെ സഹായത്തോടെ അതിശക്തമായി കുഴൽ അകത്തേക്കു തള്ളി. വീണ്ടും രക്ഷാപ്രവർത്തകർ നുഴഞ്ഞുകയറി അവശിഷ്ടങ്ങൾ നീക്കി. ഈ രീതിയിൽ ഇഞ്ചിഞ്ചായാണ് കുഴൽ മുന്നോട്ടു നീക്കിയത്.