‘എല്ലാവരും ഇക്കരയ്ക്കു വരണേ, ചായ കുടിക്കാം’; പക്ഷേ ഉദ്ഘാടനം ‘വെള്ളത്തിൽ’; ആദ്യയാത്രയിൽ ചങ്ങാടം മറിഞ്ഞു– വിഡിയോ
Mail This Article
കരുവാറ്റ ∙ ഉദ്ഘാടന യാത്രയിൽ ചങ്ങാടം മറിഞ്ഞു; കരുവാറ്റ പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും നാട്ടുകാരും തോട്ടിൽ വീണു. എല്ലാവരും പരുക്കില്ലാതെ രക്ഷപ്പെട്ടു. കരുവാറ്റ ചെമ്പുതോട്ടിലെ കടവിൽ ഇന്നലെ രാവിലെയാണു സംഭവം. തോടിന്റെ ഒരു കര പഞ്ചായത്ത് പ്രസിഡന്റിന്റെയും മറുകര വൈസ് പ്രസിഡന്റിന്റെയും വാർഡാണ്.
നാട്ടുകാർക്ക് അക്കരെയിക്കരെ പോകാൻ നിർമിച്ച ചെറിയ ചങ്ങാടം പഞ്ചായത്ത് പ്രസിഡന്റ് എസ്.സുരേഷിന്റെ 14–ാം വാർഡിലെ കടത്തുകടവിൽ പ്രസിഡന്റ് നാട മുറിച്ച് ഉദ്ഘാടനം ചെയ്തു. തുടർന്ന് പ്രസിഡന്റും വൈസ് പ്രസിഡന്റ് ടി.പൊന്നമ്മയും അക്കരയ്ക്കു ചങ്ങാടത്തിൽ പോയി. വൈസ് പ്രസിഡന്റിന്റെ 13–ാം വാർഡിലെ കടവിൽ വൈസ് പ്രസിഡന്റും ഉദ്ഘാടനം ചെയ്തു. തുടർന്ന് ഏതാനും നാട്ടുകാർ കൂടി കയറി തിരികെ നീങ്ങുമ്പോൾ ചങ്ങാടം തലകീഴായി മറിയുകയായിരുന്നു. യാത്രക്കാരെല്ലാം ചങ്ങാടത്തിന്റെ അടിയിലായി. കരയിലുണ്ടായിരുന്നവർ ബഹളം വച്ചു. ചിലർ തോട്ടിലിറങ്ങി രക്ഷാപ്രവർത്തനം നടത്തുകയും ചെയ്തു.
സംഭവത്തിന്റെ വിഡിയോ ദൃശ്യം പുറത്തുവന്നു. ഉദ്ഘാടന സമയത്തു മൊബൈൽ ഫോണിൽ പകർത്തിയ ദൃശ്യങ്ങളാണ് പുറത്തുവന്നത്. തുടക്കിൽ ആഹ്ലാദത്തോടെ പല കാര്യങ്ങൾ പറയുന്നതും അപകടത്തിനുശേഷം ബഹളം വയ്ക്കുന്നതുമെല്ലാം ഇതിൽ കേൾക്കാം. ഒരു കരയിലെ ഉദ്ഘാടനത്തിനുശേഷം മറുകരയിലേക്കു പോകുമ്പോൾ, എല്ലാവരും ഇക്കരയ്ക്കു വരണമെന്നും ചായയുണ്ടെന്നും ഒരു സ്ത്രീ പറയുന്നുണ്ട്. മറുകരയിൽ ചങ്ങാടം പുറപ്പെടാൻ ഒരുമ്പോൾ എല്ലാവരും കയറാനും ‘നിറയട്ടങ്ങോട്ട്’ എന്ന് ഒരാൾ വിളിച്ചുപറയുന്നതും കേൾക്കാം.
ചങ്ങാടത്തിന്റെ വശങ്ങളിൽ കമ്പി വേലിയുണ്ടായിരുന്നതിനാൽ എല്ലാവരും അതിനുള്ളിൽ അകപ്പെട്ടിരുന്നു. പഞ്ചായത്ത് പ്രസിഡന്റിന്റെയും വൈസ് പ്രസിഡന്റിന്റെയും മൊബൈൽ ഫോണുകൾ തോട്ടിൽ വീണു. ഇവ പിന്നീടു നാട്ടുകാർ കണ്ടെത്തി. നീന്തൽ അറിയാവുന്നവരായതിനാലും അധികം വെള്ളവും ഒഴുക്കുമില്ലാത്തതിനാലുമാണ് എല്ലാവരും രക്ഷപ്പെട്ടതെന്നു നാട്ടുകാർ പറഞ്ഞു.
കുട്ടികൾ ചങ്ങാടത്തിൽ കയറാതിരുന്നതും രക്ഷയായി. നാട്ടുകാർ പിന്നീട് ചങ്ങാടം ഉയർത്തി. അപകടത്തിനു ശേഷം ചങ്ങാടം ഉപയോഗിക്കുന്നതു നിർത്തിവച്ചു. നാലു വീപ്പകളിൽ പ്ലാറ്റ്ഫോം ഉണ്ടാക്കി നിർമിച്ച ചങ്ങാടത്തിൽ കെട്ടിയ കയർ വലിച്ചാണ് അക്കരെയിക്കരെ പോകുന്നത്.