ADVERTISEMENT

കൊല്ലം∙ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ പൊലീസ് തയാറാക്കിയ പ്രതിയുടെ രേഖാചിത്രവുമായി സാദൃശ്യമുള്ളതിന്റെ പേരിൽ സംശയനിഴലിലായ വ്യക്തി പരാതിയുമായി പൊലീസ് സ്റ്റേഷനിൽ. കുണ്ടറ സ്വദേശിയായ ഷാജഹാനാണ് രാത്രി വൈകി കുണ്ടറ പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തിയത്. രേഖാചിത്രവുമായുള്ള സാദൃശ്യത്തിന്റെ പേരിൽ നേരത്തേ കഞ്ചാവ്, മോഷണക്കേസുകളിൽ പ്രതിയായ ഷാജഹാനെ പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു.

താനല്ല പ്രതിയെന്നും സമൂഹമാധ്യമങ്ങളിൽ തെറ്റായ വാർത്ത പ്രചരിപ്പിക്കുന്നുവെന്നും ഇയാൾ പരാതിപ്പെട്ടു. സത്യം പുറത്തു കൊണ്ടുവരണം എന്നും ആവശ്യമുന്നയിച്ചു. ‘‘കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതിയല്ല ഞാൻ, ആ കേസുമായി എനിയ്ക്ക് ബന്ധമില്ല. പൊലീസ് എന്നെ തിരക്കി വന്നെന്ന് അറിഞ്ഞാണ് ഞാൻ കുണ്ടറ സ്റ്റേഷനിലേക്ക് എത്തിയത്. ഫോൺ പൊലീസ് പിടിച്ചുവെച്ചിട്ടുണ്ട്. പരിശോധിച്ചിട്ട് തിരിച്ചുതരാമെന്നും പറഞ്ഞു.’’– ഷാജഹാൻ പറയുന്നു.

കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഘം സഞ്ചരിച്ചിരുന്ന കാറിൽ ഉണ്ടായിരുന്ന ഒരാളുടെ രേഖാചിത്രം പൊലീസ് ഇന്നലെ തയാറാക്കിയിരുന്നു. ഇതുമായി സാമ്യമുള്ള കുറ്റവാളികളെ കേന്ദ്രീകരിച്ച് അന്വേഷണം മുന്നേറുന്നതിനിടെയാണ് പരാതിയുമായി ഇയാളെത്തിയത്. രേഖാചിത്രവുമായി സാമ്യമുള്ള 5 പേരെ കേന്ദ്രീകരിച്ചാണ് അന്വേഷണം മുന്നോട്ടു പോകുന്നത്.

ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്ന ആറു വയസ്സുകാരിയുടെ ആരോഗ്യ, മാനസിക നില മെച്ചപ്പെട്ടതോടെ, കുട്ടിയുടെ സഹായത്തോടെ പുതിയ രേഖാചിത്രം തയാറാക്കാനുള്ള നീക്കവും നടക്കുന്നുണ്ട്. സംഘത്തിലെ അംഗമെന്നു സംശയിക്കുന്ന സ്ത്രീയുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഘത്തിനു പിന്നിലെ പ്രധാന കണ്ണി ഒരു സ്ത്രീയാണെന്ന സംശയം അന്വേഷണ ഉദ്യോഗസ്ഥർക്കുണ്ട്. വ്യക്തിപരമായ വിരോധമാണ് സംഭവത്തിനു പിന്നിലെന്ന സംശയവും ബലപ്പെടുന്നുണ്ട്. ഇതിനിടെയാണ് യുവതിയുടെ രേഖാചിത്രവും തയാറാക്കിയത്.

കൊല്ലം നഗരം കേന്ദ്രീകരിച്ച് ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ ചന്ദനത്തോപ്പ് സ്വദേശിയെ ചുറ്റിപ്പറ്റിയാണ് പ്രധാന അന്വേഷണം. ഇയാൾ നേരത്തേ രാമൻകുളങ്ങരയ്ക്കു സമീപം താമസിച്ചിട്ടുണ്ട്. അതേസമയം, കുട്ടിയെ ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച യുവതിയും സംഘാംഗങ്ങളും കൊല്ലം നഗരം വിട്ട് അധിക ദൂരം പോകാൻ സാധ്യതയില്ലെന്നാണു പൊലീസിന്റെ നിഗമനം.

English Summary:

Kollam Kidnapping Update: Innocent Lookalike Rushes to Clear Name at Police Station

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com