ADVERTISEMENT

കൊല്ലം∙ ഓയൂർ ഓട്ടുമലയിൽനിന്ന് ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിന്റെ ചുരുളഴിക്കാൻ പൊതുജനങ്ങളുടെ സഹായം തേടി പൊലീസ്. കുട്ടിയെ തട്ടിക്കൊണ്ടു പോയ വാഹനം തിരിച്ചറിയാൻ സഹായം തേടി പൊലീസ് നോട്ടിസ് പുറത്തിറക്കി. കൊല്ലം റൂറൽ പൊലീസാണ് നോട്ടിസ് പുറത്തിറക്കിയത്. 

ഈ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് നിർമിച്ചവരെ കണ്ടെത്താൻ സഹായിക്കണമെന്നാണ് അഭ്യർഥന. KL O4 AF 3239 എന്ന റജിസ്ട്രേഷൻ നമ്പറുള്ള വാഹനത്തിന്റെ നമ്പർ പ്ലേറ്റ് നിർമിച്ചവർ പൊലീസിനെ വിവരമറിയിക്കണം. ഇതിനായി 9497980211 എന്ന നമ്പരിൽ ബന്ധപ്പെടണമെന്ന് കൊല്ലം റൂറൽ പൊലീസ് ആവശ്യപ്പെട്ടു.

ഇതേ നമ്പറിൽത്തന്നെ മലപ്പുറം എടവണ്ണയിലും ഒരു വാഹനമുള്ളതായി പൊലീസ് കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിൽ തട്ടിക്കൊണ്ടു പോയ വാഹനത്തിലെ നമ്പർ പ്ലേറ്റ് മറ്റെവിടെയോ തയാറാക്കി ഉപയോഗിച്ചുവെന്നാണ് പൊലീസ് കരുതുന്നത്. ഇതു നിർമിച്ചു നൽകിയവരെ കണ്ടെത്തിയാൽ പ്രതികളിലേക്കുള്ള ദൂരം കുറയുമെന്ന കണക്കുകൂട്ടലിലാണ് അന്വേഷണ സംഘം.

തട്ടിക്കൊണ്ടു പോയ സംഘത്തിലെ പ്രതികളെക്കുറിച്ച് ഇനിയും കാര്യമായ വിവരങ്ങൾ ലഭിക്കാത്ത സാഹചര്യത്തിലാണ് വാഹന നമ്പർ ഉപയോഗിച്ചുള്ള പരിശോധന. ഒന്നിലധികം വാഹനങ്ങൾ അക്രമികൾ ഉപയോഗിച്ചതായി വ്യക്തമായെങ്കിലും ഇതുവരെ ഒരു വാഹനം പോലും കണ്ടെത്താൻ പൊലീസിനു കഴിഞ്ഞിട്ടില്ല.

English Summary:

Public's Assistance Requested: Unveiling the Clues Behind Abigail's Kidnapping in Kollam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com