ADVERTISEMENT

തൃശൂർ∙ കേരളവർമ കോളജിലെ യൂണിയൻ ചെയർമാൻ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിന്റെ റീകൗണ്ടിങ് ഡിസംബർ രണ്ടിന് നടക്കും. പ്രിൻസിപ്പലിന്റെ ചേംബറിൽ രാവിലെ ഒൻപതിനാണു റീകൗണ്ടിങ്. വിദ്യാർഥി സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ ദിവസം, തിരഞ്ഞെടുപ്പിൽ എസ്എഫ്ഐയുടെ കെ.എസ്.അനിരുദ്ധനെ വിജയിയായി പ്രഖ്യാപിച്ചത് ഹൈക്കോടതി റദ്ദാക്കിയിരുന്നു. നിയമാവലി അനുസരിച്ച്, വീണ്ടും വോട്ടെണ്ണാൻ ജസ്റ്റിസ് ടി.ആർ.രവി നിർദേശം നൽകി. ആദ്യം ഒരു വോട്ടിനു ജയിച്ചശേഷം റീകൗണ്ടിങ്ങിൽ യൂണിയൻ ചെയർമാൻ സ്ഥാനം നഷ്ടമായ കെഎസ്‌യു സ്ഥാനാർഥി എസ്.ശ്രീക്കുട്ടൻ നൽകിയ ഹർജിയിലായിരുന്നു ഹൈക്കോടതി ഉത്തരവ്.

ആദ്യ വോട്ടെണ്ണലിൽ ശ്രീക്കുട്ടന് 896 വോട്ടുകളും എസ്എഫ്ഐ സ്ഥാനാർഥി അനിരുദ്ധന് 895 വോട്ടുകളുമാണ് ലഭിച്ചത്. എന്നാൽ റീകൗണ്ടിങ്ങിൽ അനിരുദ്ധന് 899 വോട്ടുകളും ശ്രീക്കുട്ടന് 889 വോട്ടുകളും കിട്ടിയതോടെ 10 വോട്ടുകൾക്ക് അനിരുദ്ധൻ ജയിച്ചതായി പ്രഖ്യാപിച്ചു. തുടർന്നാണ് വോട്ടെണ്ണലിൽ ക്രമക്കേടാരോപിച്ച് ശ്രീക്കുട്ടൻ ഹർജി നൽകിയത്. റീകൗണ്ടിങ് നിർത്താൻ പ്രിൻസിപ്പൽ ആവശ്യപ്പെട്ടെങ്കിലും കോളജ് മാനേജർ റീകൗണ്ടിങ് തുടരാൻ നിർദേശിച്ചു. റിട്ടേണിങ് ഓഫിസറും ഈ നിർദേശം നൽകിയെന്ന് ആരോപണമുണ്ട്.

ആദ്യം സാധുവായി പരിഗണിച്ച 4 വോട്ടുകൾ റീ കൗണ്ടിങ്ങിൽ അസാധുവാണെന്നാണു പരിഗണിച്ചത്. ആദ്യം അസാധുവാണെന്നു കണ്ടെത്തിയ 23 വോട്ടുകൾ റീ കൗണ്ടിങ്ങിലും അസാധുവായിട്ടാണോ പരിഗണിച്ചതെന്നു റിട്ടേണിങ് ഓഫിസർ സാക്ഷ്യപ്പെടുത്തിയിട്ടില്ല. ‘നോട്ട’ 19 ൽനിന്ന് 18 ആയി. സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ, അധികൃതർ നടപടിക്രമങ്ങൾ ലംഘിച്ചത് ഏകപക്ഷീയമായി അധികാരം ഉപയോഗിച്ചതായി കണക്കാക്കാമെന്നു കോടതി പറഞ്ഞിരുന്നു. അധികൃതർ നിയമലംഘനം നടത്തിയെന്നും കോടതി വ്യക്തമാക്കി.

English Summary:

Thrissur Kerala Varma College Election: Recounting to be held on December 2

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com