ഉത്തരകാശിയിലെ സിൽക്യാര തുരങ്ക രക്ഷാപ്രവർത്തനം റിപ്പോർട്ട് ചെയ്ത ‘മനോരമ’ ഫൊട്ടോഗ്രാഫർ ജോസ്കുട്ടി പനയ്ക്കൽ അനുഭവം പങ്കുവയ്ക്കുന്നു
Mail This Article
×
ADVERTISEMENT
ഉത്തരകാശി∙ 17 ദിവസത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ഇന്നലെ രാത്രിയോടെ തൊഴിലാളികളെ ഓരോരുത്തരായി പുറത്തെത്തിച്ചു. ടണലിനുള്ളിൽ നിന്ന് കുഴലിലൂടെ സ്ട്രെച്ചറിൽ കിടത്തിയാണ് തൊഴിലാളികളെ പുറത്തെത്തിച്ചത്. പ്രാഥമിക പരിശോധനകൾക്ക് ശേഷം അവരെ നേരെ ആംബലുൻസിലേക്ക് കയറ്റി കൊണ്ടുപോകുകയായിരുന്നു.
ഇന്നലെ ഉച്ചയോടെ തന്നെ തുരങ്കത്തിന്റെ കവാടത്തിൽ 41 ആംബലൻസുകൾ നിരന്നു കിടക്കാൻ തുടങ്ങി. ഓരോ തൊഴിലാളിക്കും ഓരോ ആംബുലൻസ് എന്ന കണക്കിലായിരുന്നു. എന്നാൽ കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ലാതിരുന്നതിനാൽ രണ്ടും മൂന്നും തൊഴിലാളികൾ ഒരേ ആംബുലൻസിൽ കയറി. അതിനാൽ എല്ലാ ആംബുലൻസും ആവശ്യമായി വന്നില്ല.
തുരങ്കത്തിന് പുറത്ത് നാട്ടുകാരും രാഷ്ട്രീയ പ്രവർത്തകരും ഉൾപ്പെടെ നിരവധിപ്പേർ തടിച്ചുകൂടി. പലരും ദൃശ്യങ്ങൾ പകർത്തി അയയ്ക്കുന്നുണ്ടായിരുന്നു. മൊബൈൽ കവറേജ് ഇല്ലാത്ത സ്ഥലമായിരുന്നു ഇത്. അപകടത്തിനുശേഷം രാജ്യാന്തര മാധ്യമങ്ങളുൾപ്പെടെ വന്നതോടെ മൊബൈൽ കമ്പനികൾ ടവറുകൾ സ്ഥാപിക്കുകയായിരുന്നു. ഇതോടെയാണ് വാർത്തകളും ചിത്രങ്ങളും അയയ്ക്കാൻ സാധിച്ചത്. തൊഴിലാളികളെ പുറത്തെത്തിച്ചസമയം നെറ്റ്‌വർക്ക് ജാമായതോടെ വാർത്തയും ചിത്രങ്ങളും അയയ്ക്കാൻ സാധിക്കാതെ വന്നു. എല്ലാവരും ഒരുമിച്ച് ഫോൺ ഉപയോഗിക്കാൻ തുടങ്ങിയതായിരിക്കാം കാരണം. മാധ്യമപ്രവർത്തകർ റെയ്ഞ്ചിനായി കുന്നുകൾ കയറുന്ന സ്ഥിതിയായിരുന്നു.
ഇതിനിടെ തടിച്ചു കൂടിയ തൊഴിലാളികളും ബന്ധുക്കളും മധുര പലഹാരങ്ങൾ വിതരണം ചെയ്തു. ഗുഹയ്ക്കുള്ളിലായിരുന്ന തൊഴിലാളികൾക്ക് പുറത്ത് എന്താണ് സംഭവിക്കുന്നത് അറിയില്ലായിരുന്നു. ആംബുലൻസിലിരുന്ന് ഒരു തൊഴിലാളി മാത്രം കൈ വീശി കാണിച്ചു. 17 ദിവസത്തെ നിമിഷങ്ങളെണ്ണിയുള്ള കാത്തിരിപ്പിന് അവസാനമായി ഒടുവിലെ തൊഴിലാളിയുമായി ആംബുലൻസ് കടന്നു പോയി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.