‘ഇന്ത്യ എന്റെ രണ്ടാം വീട്’: ക്ഷേത്രത്തിൽ പ്രാർഥിച്ച്, വാക്ക് പാലിച്ച് അർനോൾഡ് ഡിക്സ്; ഇതാ, സിൽക്യാരയിലെ താരം
Mail This Article
17 രാപകലുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ ചൊവ്വാഴ്ച രാത്രി എട്ടരയോടെ ഉത്തരാഖണ്ഡിലെ സിൽക്യാര തുരങ്കത്തിനുള്ളിൽനിന്നും 41 തൊഴിലാളികളും പുറത്തേക്കെത്തിയപ്പോൾ, ‘ഹീറോ’ ആയത് ഒരു വിദേശിയായിരുന്നു – ഓസ്‌ട്രേലിയൻ ടണലിങ് വിദഗ്ധന്‍ അർനോൾഡ് ഡിക്‌സ്. രക്ഷാദൗത്യ സംഘത്തിന്റെ തലവനും രാജ്യാന്തര ടണലിങ് ആൻഡ് അണ്ടർഗ്രൗണ്ട് സ്പേസ് അസോസിയേഷൻ പ്രസിഡന്റുമായ അർനോൾഡ് ഡിക്‌സ് ആണ് 41 തൊഴിലാളികളെയും സുരക്ഷിതമായി പുറത്തെത്തിക്കാനുള്ള പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചത്.
നവംബർ 12നാണ് നിർമാണത്തിലിരിക്കുന്ന സിൽക്യാര തുരങ്കത്തിന്റെ ഒരു ഭാഗം തകർന്ന് 41 തൊഴിലാളികൾ അകത്ത് കുടുങ്ങിയത്. ഒരിക്കലും പ്രതീക്ഷ കൈവിടാതെ, കുടുങ്ങിപ്പോയ തൊഴിലാളികളുടെ അടുത്തെത്താനുള്ള വഴി കണ്ടെത്താൻ അക്ഷീണം പ്രയത്നിച്ചാണു ഡിക്‌സ് താരമായത്.
∙ വാക്കുപാലിച്ച ഓസ്‌ട്രേലിയക്കാരൻ
തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള ശ്രമം വെല്ലുവിളിയായതോടെയാണ് രക്ഷാപ്രവർത്തനത്തിൽ സഹായിക്കാൻ ഡിക്‌സിനെ കേന്ദ്ര സർക്കാർ നിയോഗിച്ചത്. നവംബർ 20ന് അദ്ദേഹം സ്ഥലത്തെത്തി. തുരങ്കം പരിശോധിച്ചു. വിവിധ സുരക്ഷാ ഏജൻസികളെ ഏകോപിപ്പിച്ച്, അവശിഷ്ടങ്ങൾ തുരക്കുന്നതിനുള്ള ബുദ്ധിമുട്ടുകൾ തരണം ചെയ്യുന്നതിനുള്ള സാങ്കേതിക പരിഹാരങ്ങൾ നിർദ്ദേശിച്ചു. രക്ഷാപ്രവർത്തകർക്കും തൊഴിലാളികളുടെ കുടുംബങ്ങൾക്കും ധാർമിക പിന്തുണയും പ്രോത്സാഹനവും നൽകി. ക്രിസ്മസിനു മുൻപ് തൊഴിലാളികളെ പുറത്തെത്തിക്കുമെന്ന് വാക്കു കൊടുത്തു.
വാക്കുപാലിച്ച അദ്ദേഹം, ക്രിസ്മസിനു ദിവസങ്ങൾക്കു മുന്‍പേ ദൗത്യം പൂർത്തിയാക്കി. 41 പേരെയും സുരക്ഷിതമായി രക്ഷപ്പെടുത്തുന്നതിനു മുൻപും ശേഷവും സിൽക്യാര തുരങ്കത്തിനടുത്തുള്ള ക്ഷേത്രത്തിൽ അർനോൾഡ് ഡിക്‌സ് പ്രാർഥിക്കാനെത്തിയിരുന്നു. ഇന്ത്യയുടെ സംസ്‌കാരത്തിലും ആത്മീയതയിലും പ്രചോദനം ഉൾക്കൊണ്ട് ഇന്ത്യയെ തന്റെ രണ്ടാം വീടായാണ് കണക്കാക്കുന്നതെന്ന് ഡിക്‌സ് പറഞ്ഞു. രക്ഷാപ്രവർത്തനം സാധ്യമാക്കാൻ ഒരുമിച്ച് പ്രവർത്തിച്ച ഇന്ത്യൻ അധികൃതരുടെയും നാട്ടുകാരുടെയും സഹകരണത്തെയും പ്രശംസിച്ചു.
∙ വിശേഷണങ്ങളേറെ
ടണലിങ് വിദഗ്ധന്‍ എന്നതിനപ്പുറം ജിയോളജിസ്റ്റ്, എൻജിനീയർ, അഭിഭാഷകൻ എന്നീ മേൽവിലാസങ്ങളുമുണ്ട് അർണോൾഡ് ഡിക്സിന്. മെൽബണിലെ മോനാഷ് യൂണിവേഴ്‌സിറ്റിയിൽനിന്ന് ശാസ്ത്രം, നിയമം എന്നിവയിൽ ബിരുദം നേടി. 2016 മുതൽ 2019 വരെ ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റിയിൽ (ക്യുആർസിഎസ്) സന്നദ്ധ സേവനം നടത്തി. 2020-ൽ, അർനോൾഡ് ഡിക്‌സ്, ലോർഡ് റോബർട്ട് മെയർ പീറ്റർ വിക്കറി ക്യുസിയിൽ ചേർന്ന് അണ്ടർഗ്രൗണ്ട് വർക്ക് ചേമ്പർ രൂപീകരിച്ചു. ഇത് ഭൂഗർഭങ്ങളിലെ സങ്കീർണവും നിർണായകവുമായ വെല്ലുവിളികൾക്ക് സാങ്കേതികമായ പരിഹാരങ്ങൾ നിർദേശിക്കുന്നു.
ചാനൽ ടണൽ, സിഡ്‌നി മെട്രോ, 2010-ലെ ചിലിയൻ മൈൻ റെസ്‌ക്യൂ തുടങ്ങിയ നിരവധി പദ്ധതികളുടെ ഭാഗമായിട്ടുള്ള ആളാണ് ഡിക്‌സ്. തുരങ്ക സുരക്ഷയുമായി ബന്ധപ്പെട്ടു നൽകിയ സംഭാവനകൾക്ക് നിരവധി പുരസ്കാരങ്ങളും തേടിയെത്തി. ഓസ്‌ട്രലേഷ്യൻ ടണലിങ് സൊസൈറ്റി, നാഷനൽ ഫയർ പ്രൊട്ടക്‌ഷൻ അസോസിയേഷൻ ഓഫ് യുഎസ്‌എ, ഇന്റർനാഷനൽ അസോസിയേഷൻ ഫോർ ഫയർ സേഫ്റ്റി സയൻസ് എന്നിവയുടെ അവാർഡുകൾ ലഭിച്ചിട്ടുണ്ട്.
തന്റെ ജോലിയിലെ ‘മാനുഷിക ഘടകമാണ്’ പ്രചോദിപ്പിക്കുന്നതെന്നും താൻ സഹായിക്കുന്ന ആളുകളുമായി ‘ആഴത്തിലുള്ള ബന്ധം’ അനുഭവപ്പെടുന്നുണ്ടെന്നും അദ്ദേഹം പറയുന്നു. സിൽക്യാര ദൗത്യവിജയത്തിനു പിന്നാലെ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസും ഡിക്സിനെ പ്രശംസിച്ചു. എന്റെ ജോലി ചെയ്യുന്നതേയുള്ളൂവെന്നും സഹായിച്ചതിൽ സന്തോഷമുണ്ടെന്നുമാണ് ഡിക്സിന്റെ മറുപടി.