ADVERTISEMENT

കോഴിക്കോട്∙ കമ്മിഷണർ ഓഫിസിലേക്ക് നടത്തിയ മാർച്ചിനിടെ പൊലീസ് എറിഞ്ഞ കണ്ണീർ വാതക ഷെൽ നിലത്തുനിന്ന് എടുത്ത് പൊലീസിനു നേരെ തിരിച്ചെറിഞ്ഞ് യൂത്ത് കോൺഗ്രസ് പ്രവർത്തകൻ. മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാനെത്തിയ കെഎസ്‌യു പ്രവർത്തകരെ മാറ്റുന്നതിനിടയിൽ ഈസ്റ്റ്ഹിൽ ഫിസിക്കൽ എജ്യുക്കേഷൻ കോളജ് യൂണിറ്റ് പ്രസിഡന്റ് ജോയൽ ആന്റണിയെ ഡിസിപി കെ.ഇ.ബൈജു കഴുത്തിനു പിടിച്ചു ഞെരിച്ച സംഭവത്തിൽ പ്രതിഷേധിച്ചായിരുന്നു യൂത്ത് കോൺഗ്രസിന്റെ മാർച്ച്. ഇതിനിടെ പൊലീസ് പ്രയോഗിച്ച കണ്ണീർ വാതക ഷെല്ലാണ്, ഒരു പ്രവർത്തകൻ നിലത്തുനിന്നെടുത്ത് തിരിച്ചെറിഞ്ഞത്. സംഭവത്തിന്റെ വിഡിയോ വൈറലായി.

മാർച്ച് തടയുന്നതിനായി പൊലീസ് നിരത്തിവച്ച ബാരിക്കേഡിനു സമീപം നിന്ന ബഹളം വച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പിരിച്ചുവിടാനാണ് പൊലീസ് കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിച്ചത്. ബാരിക്കേഡിനു സമീപം നിന്ന് മുദ്രാവാക്യം വിളിക്കുന്നതിനിടെ കണ്ണീർ വാതക ഷെൽ എറിഞ്ഞതോടെ പ്രവർത്തകർ നാലുപാടും ചിതറി. ഇതിനിടെ കയ്യിൽ തുണിയുമായി ഓടിയെത്തിയ ഒരു പ്രവർത്തകൻ, അതെടുത്ത് തിരിച്ച് പൊലീസിനു നേരെ എറിയുകയായിരുന്നു.

ഇതോടെ പൊലീസ് സംഘം ചിതറിയോടി. സമരത്തെ നേരിടുന്നതിനായി എത്തിച്ച ജലപീരങ്കിയുമായെത്തിയ വാഹനവും പിന്നിലേക്കു മാറ്റി. കണ്ണീർ വാതകം സൃഷ്ടിച്ച വൈഷമ്യത്തെ തുടർന്ന് പൊലീസുകാർ റോഡിൽനിന്ന് ഓടി മാറുന്നത് വിഡിയോയിൽ കാണാം. പ്രവർത്തകൻ കണ്ണീർ വാതക ഷെൽ തിരിച്ചെറിയുമ്പോൾ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആഹ്ലാദാരവം മുഴക്കുന്നതും വിഡിയോയിലുണ്ട്. തുടർന്ന് ജലപീരങ്കി പ്രയോഗിച്ചാണ് പൊലീസ് സംഘം കണ്ണീർ വാതകത്തെ ‘മെരുക്കിയത്’.

ഇപ്പോൾ കണ്ണീർ വാതകം സൃഷ്ടിക്കുന്ന ബുദ്ധിമുട്ട് എന്താണെന്ന് പൊലീസുകാർക്ക് ശരിക്കും മനസ്സിലായിക്കാണുമെന്ന് യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു. യൂത്ത് കോൺഗ്രസുകാരുടെ പ്രതിഷേധമില്ലാതെ ഈ നവകേരള സദസ് പൂർത്തീകരിക്കാനാകുമോയെന്നു നോക്കാൻ രാഹുൽ മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിച്ചു.

‘മാർച്ച് തുടങ്ങിയപ്പോൾത്തന്നെ പൊലീസുകാർ കണ്ണീർ വാതകം പ്രയോഗിച്ചു. ഇപ്പോൾ ഞങ്ങളുടെ സമരത്തിന്റെ രീതിയൊക്കെ മനസ്സിലായിക്കാണുമല്ലോ. കണ്ണീർ വാതകം സൃഷ്ടിക്കുന്ന ബുദ്ധിമുട്ട് എന്താണെന്ന് പൊലീസുകാർക്ക് ഇപ്പോൾ ശരിക്കും മനസ്സിലായിക്കാണും. എങ്ങനെയാണ് സമരം ചെയ്യേണ്ടതെന്നും സമരം എങ്ങനെയാണ് മുന്നോട്ടു കൊണ്ടുപോകേണ്ടതെന്നും ഞങ്ങൾക്ക് ശരിക്കും ബോധ്യമുണ്ട്. ഇനി കേരളത്തിന്റെ മുഖ്യമന്ത്രിക്ക് യൂത്ത് കോൺഗ്രസുകാരന്റെ പ്രതിഷേധമില്ലാതെ ഈ നവകേരള നരാധമ സദസ് പൂർത്തീകരിക്കാനാകുമോയെന്ന് പിണറായി വിജയനൊന്നു നോക്കട്ടെ. ഞങ്ങളെയും കൊണ്ടു പറ്റുന്ന പണി ഞങ്ങളും നോക്കാം.’ – രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.

English Summary:

Youth Congress Activist Defiantly Throws Tear Gas Back at Police,

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com