40% കമ്മിഷൻ ആരോപണം: 600 പേജ് തെളിവ് ഹാജരാക്കി കരാറുകാരുടെ സംഘടന
Mail This Article
ബെംഗളൂരു∙ മുൻ ബിജെപി സർക്കാരിനെതിരായ 40% കമ്മിഷൻ ആരോപണം അന്വേഷിക്കുന്ന ജസ്റ്റിസ് നാഗ്മോഹൻ ദാസ് കമ്മിഷൻ മുൻപാകെ കരാറുകാരുടെ സംഘടനയായ കർണാടക കോൺട്രാക്ടേഴ്സ് അസോസിയേഷൻ തെളിവു സമർപ്പിച്ചു. അസോസിയേഷൻ പ്രസിഡന്റ് ഡി.കെംപണ്ണയുടെ നേതൃത്വത്തിലാണ് 600 പേജ് വരുന്ന തെളിവുകൾ ഹാജരാക്കിയത്. ഇവർ ആവശ്യപ്പെട്ടതു പ്രകാരം കൂടുതൽ രേഖകൾ സമർപ്പിക്കാൻ 10 ദിവസത്തെ സാവകാശം കൂടി അനുവദിച്ചിട്ടുണ്ട്.
ബസവരാജ് ബൊമ്മെ സർക്കാരിലെ മന്ത്രിമാർക്കും മറ്റു ജനപ്രതിനിധികൾക്കും വകുപ്പുതല ഉദ്യോഗസ്ഥർക്കും 40% കമ്മിഷൻ നൽകിയാലേ കരാറുകൾ ലഭിക്കൂ എന്നായിരുന്നു കരാറുകാരുടെ ആരോപണം. ഇതു സംബന്ധിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉൾപ്പെടെ അസോസിയേഷൻ കത്തെഴുതിയിട്ടും അന്വേഷണത്തിന് ബിജെപി സർക്കാർ തയാറായിരുന്നില്ല. ഗ്രാമവികസന വകുപ്പിനെതിരെ 40% കമ്മിഷൻ അഴിമതി ആരോപണം ഉയർത്തി ധാർവാഡിലെ കരാറുകാരൻ സന്തോഷ് പാട്ടീൽ ജീവനൊടുക്കിയത് മന്ത്രി കെ.എസ്.ഈശ്വരപ്പയുടെ രാജിയിലും കലാശിച്ചിരുന്നു. തുടർന്ന് ബിജെപിക്കെതിരെ ‘40% കമ്മിഷൻ സർക്കാർ’ എന്ന മുദ്രാവാക്യം ഉയർത്തി, അധികാരത്തിലേറിയ സിദ്ധരാമയ്യ സർക്കാർ ജൂലൈയിൽ ജുഡീഷ്യൽ കമ്മിഷനെ നിയമിക്കുകയായിരുന്നു.
ബിൽ വൈകിപ്പിച്ച് കരാറുകാരെ വലയ്ക്കരുതെന്ന് ഹൈക്കോടതി
കരാറുകാരുടെ ബില്ലുകൾ മാറുന്നതു വൈകിപ്പിച്ച് അവരെ ജീവനൊടുക്കുന്ന സാഹചര്യത്തിലേക്ക് നയിക്കരുതെന്ന് സർക്കാരിനു ഹൈക്കോടതി നിർദേശം നൽകി. ബില്ലുകൾ കാലതാമസമില്ലാതെ പാസാക്കാൻ ഹൈക്കോടതി ഒക്ടോബർ 30ന് പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് ബിബിഎംപി ലംഘിച്ചെന്നു ചൂണ്ടിക്കാട്ടി നിക്ഷേപ് ഇൻഫ്രാ പ്രോജക്ട്സ് നൽകിയ ഹർജി പരിഗണിക്കവെയാണിത്. സർക്കാർ രേഖകൾ പ്രകാരം ഇതിനോടകം ബില്ലു മാറൽ വൈകിയതിന്റെ പേരിൽ 2 കരാറുകാർ ജീവനൊടുക്കിയതായും കൂടുതൽ പേരെ കടുംകൈയ്ക്കു പ്രേരിപ്പിക്കരുതെന്നും ചീഫ് ജസ്റ്റിസ് പ്രസന്ന ബി.വർലെയുടെ അധ്യക്ഷതയിലുള്ള ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. 13ന് കേസ് വീണ്ടും പരിഗണിക്കും.