വിഡിയോയിൽ ഉള്ളത് പ്രഭാകരന്റെ മകളോ?; എഐ സാങ്കേതികവിദ്യയെന്ന് റിപ്പോർട്ട്: വിവാദം
Mail This Article
ചെന്നൈ∙ കൊല്ലപ്പെട്ട എൽടിടിഇ തലവൻ വേലുപ്പിള്ള പ്രഭാകരന്റെ മകൾ ദ്വാരകയുടേതെന്ന പേരിൽ പ്രചരിക്കുന്ന വിഡിയോയെ ചൊല്ലി വിവാദം. യുകെ കേന്ദ്രമായി പ്രവർത്തിക്കുന്ന ശ്രീലങ്കൻ തമിഴ് സംഘടനയാണു വിഡിയോ പുറത്തിറക്കിയത്. എൽടിടിഇ എല്ലാ വർഷവും നവംബർ 27-ന് ‘മാവീരർ ദിനം’ (യുദ്ധ വീരന്മാരുടെ അനുസ്മരണ ദിനം) ആചരിക്കുന്നതിനോട് അനുബന്ധിച്ചാണു യുട്യൂബ് വിഡിയോ പുറത്തിറക്കിയത്. എഐ സാങ്കേതിക വിദ്യ ഉപയോഗിച്ചു നിർമിച്ച വിഡിയോയാണ് ഇതെന്നാണ് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട്.
രാഷ്ട്രീയ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടം അവസാനിച്ചിട്ടില്ലെന്നും വിദേശ രാജ്യങ്ങളിലെ തമിഴ് പ്രവാസികൾ, രാഷ്ട്രീയ നേതാക്കൾ, മുൻ തമിഴ്പുലികൾ എന്നിവർ രാഷ്ട്രീയ പോരാട്ടം സജീവമായി മുന്നോട്ടു കൊണ്ടുപോകുമെന്നും വിഡിയോയിൽ പ്രത്യക്ഷപ്പെട്ട സ്ത്രീ പറയുന്നുണ്ട്.
പ്രഭാകരന്റെ രണ്ടാമത്തെ മകളായ ദ്വാരക 1986ലാണ് ജനിച്ചത്. അമ്മയോടൊപ്പം ഡെൻമാർക്കിൽ വളർന്ന ഇവർ, ഇന്ത്യൻ സമാധാന സേന ശ്രീലങ്കയിൽനിന്നു പിന്മാറിയ ശേഷം ജാഫ്നയിലേക്ക് മടങ്ങുകയായിരുന്നു. യുദ്ധത്തിന്റെ അവസാന ദിവസങ്ങളിൽ കുടുംബാംഗങ്ങൾക്കൊപ്പം ദ്വാരകയും കൊല്ലപ്പെട്ടതായാണ് വിവരം.