ADVERTISEMENT

ചെന്നൈ∙ മിഷോങ് ചുഴലിക്കാറ്റിന്റെ ദിശ ഏതായാലും മഴ ചെന്നൈ നഗരത്തിനു തന്നെയെന്നു കാലാവസ്ഥാ പ്രവചനം. ആൻഡമാനിനു സമീപം രൂപംകൊണ്ട ന്യൂനമർദം ശക്തി പ്രാപിക്കുകയാണ്.
ഇത് അടുത്ത ദിവസങ്ങളിൽ അതിതീവ്ര ന്യൂനമർദവും പിന്നീട് മിഷോങ് ചുഴലിക്കാറ്റുമായി മാറുമെന്ന് മേഖലാ കാലാവസ്ഥാ കേന്ദ്രം അധികൃതർ പറഞ്ഞു. നഗരത്തിലടക്കം സംസ്ഥാനത്തിന്റെ കടലോര മേഖലകളിൽ ശക്തമായ മഴ തുടരുകയാണ്. വരും ദിവസങ്ങളിൽ മഴയുടെ ശക്തി കൂടുമെന്നാണു മുന്നറിയിപ്പ്.

ആന്ധ്രയുടെ തെക്കൻ തീരത്തെത്താൻ സാധ്യത

ചൊവ്വാഴ്ച രൂപപ്പെട്ട ന്യൂനമർദ മേഖല പടിഞ്ഞാറ് ദിശയിലേക്കു നീങ്ങി തെക്കൻ ആൻഡമാൻ കടലിൽ എത്തിയിട്ടുണ്ട്. ഇത് പടിഞ്ഞാറ്, വടക്കു പടിഞ്ഞാറ് ദിശയിലേക്കു നീങ്ങി ഇന്ന് തീവ്ര ന്യൂനമർദമായി മാറും. കൂടുതൽ ശക്തി പ്രാപിക്കുന്നതോടെ ചുഴലിയായി രൂപം മാറും. ശേഷമുള്ള ദിശ കൃത്യമായി പ്രവചിക്കാൻ നിലവിൽ സാധിക്കില്ലെങ്കിലും ആന്ധ്രപ്രദേശിന്റെ തെക്കൻ തീരത്തേക്കു നീങ്ങാനുള്ള സാധ്യതയാണ് കാലാവസ്ഥാ വിദഗ്ധർ കണക്കുകൂട്ടുന്നത്.

ചുഴലിയുടെ പ്രഭാവം മൂലം ചെന്നൈയിലും സമീപ ജില്ലകളിലും ഡിസംബർ 2 മുതൽ അതിശക്ത മഴ പെയ്യുമെന്നു കാലാവസ്ഥാ കേന്ദ്രം അധിക‍ൃതർ പറഞ്ഞു. ചെന്നൈയ്ക്കു പുറമേ തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപെട്ട്, വിഴുപ്പുറം ജില്ലകളിലാണ് അതിശക്ത മഴയ്ക്കു സാധ്യത. 5 ദിവസത്തേക്ക് തമിഴ്നാട്ടിലും പുതുച്ചേരി, കാരയ്ക്കൽ പ്രദേശങ്ങളിലും വ്യാപകമായി മിന്നലോടു കൂടിയ കനത്ത മഴ പെയ്യും.

2 ദിവസമായി നഗരത്തിലും സമീപ പ്രദേശങ്ങളിലും നല്ല മഴ പെയ്യുന്നുണ്ട്. രമാനാഥപുരത്ത് രേഖപ്പെടുത്തിയ 9 സെന്റിമീറ്ററാണ് ഇന്നലെ പെയ്ത ഏറ്റവും കൂടിയ മഴ. നവംബറിൽ ഇതുവരെ 32 സെന്റിമീറ്റർ മഴ രേഖപ്പെടുത്തി. ഇത് ശരാശരി മഴയേക്കാൾ 8 ശതമാനം കുറവാണെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഈ കാലയളവിൽ പെയ്യുന്ന മഴയുടെ ശരാശരി അളവ് 35 സെന്റിമീറ്ററാണ്.

തുറന്നു വിടുന്ന ജലത്തിന്റെ അളവ് കൂട്ടി

വൃഷ്ടി പ്രദേശങ്ങളിൽ മഴ കനത്തതോടെ നഗരത്തിലേക്കു ശുദ്ധജലമെത്തിക്കുന്ന ജലസംഭരണികളിൽ നിന്നു പുറത്തേക്ക് ഒഴുക്കുന്ന വെള്ളത്തിന്റെ അളവ് വർധിപ്പിച്ചു. ചെമ്പരംപാക്കം തടാകത്തിൽ നിന്ന് ഇന്നലെ വൈകിട്ടു മുതൽ 1500 ഘനയടി വെള്ളം തുറന്നു വിടുന്നു. കഴി‍ഞ്ഞ ദിവസം വരെ 200 ഘനയടി ജലം പുറത്തേക്ക് ഒഴുക്കിയിരുന്നത് ഇന്നലെ രാവിലെ 1000 ഘനയടിയായും വൈകിട്ട് 1500 ആയും വർധിപ്പിക്കുകയായിരുന്നു. സെക്കൻഡിൽ 700 ഘനയടിയിലേറെ ജലം ചെമ്പരംപാക്കം തടാകത്തിലേക്ക് ഒഴുകിയെത്തുന്നതായാണ് ജലവിഭവ വകുപ്പിന്റെ കണക്ക്. 24 അടി ഉയരമുള്ള തടാകത്തിലെ ജലനിരപ്പ് നിലവിൽ 22.35 അടിയിൽ എത്തിയിട്ടുണ്ട്. തുറന്നു വിടുന്ന ജലം ഒഴുകിയെത്തുന്ന കാവനൂർ, കുണ്ട്രത്തൂർ, തിരുമുടിവാക്കം, തിരുനീർമല, അഡയാർ തുടങ്ങിയ പ്രദേശങ്ങളിൽ നദീതീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധിക‍ൃതർ നിർദേശം നൽകി.

English Summary:

Heavy Rains Predicted for Chennai Amid Cyclone Michaung Formation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com