നാളെത്തന്നെ ഡൽഹിക്കു പോകും; ജാമിയ മിലിയയിലെ സ്ഥിരം ജോലിയിൽ പ്രവേശിക്കും: പ്രഫ.ഗോപിനാഥ് രവീന്ദ്രൻ
Mail This Article
കണ്ണൂർ∙ കണ്ണൂർ സർവകലാശാല വൈസ് ചാൻസലറെന്ന നിലയിലുള്ള പുനർനിയമനം സുപ്രീം കോടതി റദ്ദാക്കിയ സാഹചര്യത്തിൽ നാളെത്തന്നെ ഡൽഹിക്കു മടങ്ങുമെന്ന് പ്രഫ. ഗോപിനാഥ് രവീന്ദ്രൻ. ജാമിയ മിലിയ സർവകലാശാലയിലെ ഹിസ്റ്ററി വിഭാഗത്തിൽ സ്ഥിരം ജോലിയിൽ പ്രവേശിക്കും. സുപ്രീം കോടതി വിധിക്കെതിരെ റിവ്യൂ ഹർജി നൽകില്ലന്നും അദ്ദേഹം വ്യക്തമാക്കി. പുനർനിയമനം ശരിവച്ച ഹൈക്കോടതിയുടെ കുറ്റകരമായ വിധി റദ്ദാക്കുന്നുവെന്ന് വ്യക്തമാക്കിയാണ് സുപ്രീം കോടതി ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം റദ്ദാക്കിയത്.
‘‘പുനർനിയമനം റദ്ദാക്കിയെന്ന സുപ്രീം കോടതി വിധിയുടെ റിപ്പോർട്ട് കണ്ടു. അത് അംഗീകരിക്കുന്നു. 2021ലാണ് എന്റെ ആദ്യ കാലാവധി പൂർത്തിയായത്. അന്നാണ് പുനർനിയമനത്തിന്റെ കത്തു വന്നത്. ഞാൻ ആവശ്യപ്പെട്ടിട്ടല്ലല്ലോ പുനർനിയമനം നടത്തിയത്. ഞാനായിട്ട് റിവ്യൂ ഹർജി കൊടുക്കുന്നില്ല. നാളെ ഡൽഹിക്കു പോയി ജാമിയ മിലിയ സർവകലാശാലയിൽ ഹിസ്റ്ററി ഡിപ്പാർട്മെന്റിൽ തിരികെ ജോലിയിൽ പ്രവേശിക്കും.’ – പ്രഫ. ഗോപിനാഥ് രവീന്ദ്രൻ പ്രതികരിച്ചു.
‘ഇവിടെ രാജി വയ്ക്കേണ്ട കാര്യമില്ലല്ലോ’യെന്നും അദ്ദേഹം മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു മറുപടിയായി ചൂണ്ടിക്കാട്ടി. സുപ്രീം കോടതി പുനർനിയമനം റദ്ദാക്കിയ സാഹചര്യത്തിൽ രാജിയുടെ ആവശ്യം ഉദിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. സർവകലാശാലയ്ക്കായി കുറേ കാര്യങ്ങൾ ചെയ്യാൻ പറ്റിയെന്നും കുറച്ചൊക്കെ ബാക്കിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.