ADVERTISEMENT

തിരുവനന്തപുരം∙ ഗവർണർ  ആരിഫ് മുഹമ്മദ് ഖാന്റെ രാജി ആവശ്യപ്പെട്ട് സിപിഎം. സാമാന്യം മര്യാദയുണ്ടെങ്കിൽ ഗവർണർ സ്ഥാനം രാജിവച്ച് ഒഴിയണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ആവശ്യപ്പെട്ടു. ഗവര്‍ണറെ വിമര്‍ശിച്ചുകൊണ്ടുള്ള ഇന്നലത്തെ സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടിയാണ് എം.വി.ഗോവിന്ദന്റെ പ്രസ്താവന.  കണ്ണൂർ വിസി പുനർനിയമനത്തിൽ സുപ്രീം കോടതി ഉത്തരവ് വന്നതിനു പിന്നാലെ മുഖ്യമന്ത്രിക്കെതിരെ ഗവര്‍ണര്‍ രൂക്ഷവിമര്‍ശനം ഉന്നയിച്ചതിനെ തുടര്‍ന്നാണ് ഗവര്‍ണര്‍ക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി രംഗത്തെത്തിയത്.

‘‘ഉന്നത വിദ്യാഭ്യാസം സമകാലിക കേരളത്തിലും ഇന്ത്യയിലും അഭിമുഖീകരിക്കുന്ന വെല്ലുവിളിയും അതിന്റെ ഭാവിയുമാണ് ഇന്ന് ഇവിടെ വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിൽ കേരള സർവകലാശാല ക്യാംപസിന്റെ ഭാഗമായി ചർച്ച നടത്തിയത്. അതിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം ഉന്നതവിദ്യാഭ്യാസ മേഖലയെ കാവിവത്കരിക്കുന്നതിനു വേണ്ടി കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയുടെ ഉയർച്ചയേയും വളർച്ചയേയും ബോധപൂർവം തടസ്സപെടുത്തുന്നതിന് വേണ്ടിയുള്ള ഗവർണറുടെ നിലപാടിനെ ഇന്നലത്തെ സുപ്രീം കോടതിയുടെ പരാമർശത്തെ അടിസ്ഥാനപ്പെടുത്തി വലിയ തിരിച്ചടി നേരിട്ടതിന് തൊട്ടടുത്ത ദിവസമാണ് ഈ സെമിനാർ നടക്കുന്നതെന്നുള്ളത് വളരെ പ്രധാനപ്പെട്ടതാണ്.

യഥാർഥത്തിൽ‌ ഇന്നലത്തെ പരാമർശത്തോടെ, സാമാന്യ മര്യാദയുള്ള വ്യക്തിത്വത്തിന്റെ ഉടമയാണ് ഗവർണറെങ്കിൽ അദ്ദേഹം രാജിവച്ചൊഴിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. സുപ്രീം കോടതി എന്താണോ പറഞ്ഞത് അതിനനുസരിച്ച് ശരിയായ നിലപാട് സ്വീകരിച്ച് മുന്നോട്ടു പോകും.’’–ഗോവിന്ദൻ പറഞ്ഞു. 

സുപ്രീം കോടതി വിധിയിൽ വിസി വളരെ മാന്യമായാണ് പ്രതികരണം നടത്തിയതെന്നും ആ മാന്യത ഗവർണർ കാണിച്ചില്ലെന്നും സിപിഎം നേതാവ് എം.വി.ജയരാജൻ പ്രതികരിച്ചു. ‘‘വിസി പറഞ്ഞു ഞാൻ പുനപ്പരിശോധനാ ഹർജി കൊടുക്കുന്നില്ലെന്ന്. അതൊരു അന്തസ്സുള്ള നിലപാടാണ്, ഗവർണർക്ക് അത്തരം അന്തസ്സുള്ള ഒരു നിലപാട് സ്വീകരിക്കാൻ പറ്റുമോ? ഇന്നലെ സുപ്രീം കോടതി പറഞ്ഞതു പ്രകാരം ഗവർണർക്ക് ഒരു നിമിഷം ആ സ്ഥാനത്ത് ഇരിക്കാൻ കഴിയില്ല. സുപ്രീം കോടതി വിധി ആദ്യം വന്നത് ഗവർണർക്കെതിരായ പരാമർശത്തോടെയാണ്’’– ജയരാജൻ വ്യക്തമാക്കി. 

കണ്ണൂർ സർവകലാശാല വിസിയായി പ്രഫ. ഗോപിനാഥ് രവീന്ദ്രനെ പുനർനിയമിച്ച നടപടി സുപ്രീം കോടതി ഇന്ന് റദ്ദാക്കി. നിയമിച്ച രീതി ചട്ടവിരുദ്ധമെന്ന് സുപ്രീം കോടതി കണ്ടെത്തി. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢും ജസ്റ്റിസ് ജെ.ബി. പർദിവാലയും ജസ്റ്റിസ് മനോജ് മിശ്രയും അടങ്ങിയ ബെഞ്ചാണ് വിധി പറഞ്ഞത്. പ്രഫ. ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം ചോദ്യം ചെയ്തായിരുന്നു ഹർജി. പുനർനിയമനം ശരിവച്ച ഹൈക്കോടതിയുടെ കുറ്റകരമായ വിധി റദ്ദാക്കുന്നതായും സുപ്രീം കോടതി പറ‍ഞ്ഞു.

അതേസമയം, നിയമസഭ പാസാക്കിയ ബില്ലുകളിൽ തീരുമാനമെടുക്കാതെ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ 2 വർഷം കാത്തിരുന്നതിൽ സുപ്രീം കോടതി ഇന്നലെ കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു. തീരുമാനം കാത്തുകിടന്ന 8 ബില്ലുകളിൽ ഏഴും ഗവർണർ രാഷ്ട്രപതിക്കു കൈമാറിയത് കഴിഞ്ഞ ദിവസത്തെ തങ്ങളുടെ ഇടപെടലിനു ശേഷം മാത്രമാണെന്നു ചൂണ്ടിക്കാട്ടിയ കോടതി, എന്തിനാണു ഗവർണർ 2 വർഷം കാത്തിരുന്നതെന്നു ചോദിച്ചു.

English Summary:

SC verdict on Kannur VC re-appointment case: CPM demands resignation of Governor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com