ഡോ. എസ്. ബിജോയ് നന്ദൻ കണ്ണൂർ വിസി; കണ്ണൂരിലേക്ക് പുറപ്പെടാൻ നിർദേശം, ഉത്തരവ് ഉടൻ
Mail This Article
തിരുവനന്തപുരം∙ കണ്ണൂർ സർവകലാശാല വൈസ് ചാൻസലറായി ഡോ. എസ്. ബിജോയ് നന്ദനെ നിയമിക്കും. കുസാറ്റിലെ മറൈൻ ബയോളജി വിഭാഗം ഡീനാണ്. ഉത്തരവ് ഉടൻ ഇറക്കുമെന്ന് രാജ്ഭവൻ അറിയിച്ചു. എത്രയും പെട്ടെന്ന് കണ്ണൂരിലേക്കു പോകാൻ നിർദേശം ലഭിച്ചെന്നും ഇന്നലെ രാത്രിയാണ് നിർദേശം ലഭിച്ചതെന്നും ഡോ. ബിജോയ് നന്ദൻ അറിയിച്ചു.
കണ്ണൂര്‍ വിസിയായായിരുന്ന ഡോ. ഗോപിനാഥ് രവീന്ദ്രന്‍റെ പുനര്‍നിയമനം സുപ്രീംകോടതി റദ്ദാക്കിയതോടെയാണ് ഡോ. ബിജോയ്ക്ക് ചുമതല നല്‍കിയത്. ഗോപിനാഥ് രവീന്ദ്രന്‍റെ പുനര്‍നിയമനം സംസ്ഥാന സര്‍ക്കാരിന്‍റെ ഇടപെടലോടെയാണെന്ന കടുത്ത പരാമര്‍ശം സുപ്രീംകോടതി നടത്തിയിരുന്നു. മുഖ്യമന്ത്രിയും ഉന്നതവിദ്യാഭ്യാസമന്ത്രിയും നിയമനത്തിന് മുന്‍കൈ എടുത്തെന്ന ഗവര്‍ണറുടെ വാര്‍ത്താക്കുറിപ്പ് ചൂണ്ടിക്കാട്ടിയാണ് കോടതി ഈ പരാമര്‍ശം നടത്തിയത്. സമ്മര്‍ദത്തെ തുടര്‍ന്ന് നിയമനത്തിനുള്ള നിയമപരമായ അധികാരങ്ങൾ ഗവർണര്‍ ഉപേക്ഷിക്കുകയോ സര്‍ക്കാരിന് കീഴടങ്ങുകയോ ചെയ്തുവെന്ന് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് കുറ്റപ്പെടുത്തിയിരുന്നു.
സുപ്രീംകോടതി വിധി അംഗീകരിക്കുന്നുവെന്നായിരുന്നു ഡോ. ഗോപിനാഥ് രവീന്ദ്രന്‍റെ പ്രതികരണം. റിവ്യു ഹര്‍ജി നല്‍കില്ലെന്നും വൈകാതെ ഡല്‍ഹിയില്‍ ജോലിയില്‍ പ്രവേശിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോടു വ്യക്തമാക്കി. പുനര്‍നിയമനത്തില്‍ തെറ്റ് തോന്നിയിട്ടില്ലെന്നും താന്‍ ആവശ്യപ്പെട്ടിട്ടല്ല നിയമനം നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.