പ്രഭാകരന്റെ മകൾ ദ്വാരകയായി പ്രത്യക്ഷപ്പെട്ടത് ആൾമാറാട്ടക്കാരി: മലേഷ്യയിൽ താമസമെന്ന് രഹസ്യാന്വേഷണ വിഭാഗം
Mail This Article
ചെന്നൈ ∙ എൽടിടിഇ നേതാവ് പ്രഭാകരന്റെ മകളെന്ന അവകാശവാദവുമായി സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട സ്ത്രീ ആൾമാറാട്ടക്കാരിയെന്ന് രഹസ്യാന്വേഷണ വിഭാഗം. പ്രഭാകരന്റെ മകൾ ദ്വാരകയെന്ന അവകാശവാദത്തോടെ ‘മാവീരർ നാൾ’ പ്രഭാഷണത്തിനായി വിഡിയോയിൽ പ്രത്യക്ഷപ്പെട്ട സ്ത്രീ, സ്വിറ്റ്സർലൻഡ് ഫ്രോൻഫീൽഡ് സ്വദേശിനി രാജരത്നം മിത്തുയ ആണെന്ന് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയതായാണ് റിപ്പോർട്ടുകൾ.
മലേഷ്യയിൽ സ്ഥിരതാമസമാക്കിയ ശ്രീലങ്കൻ തമിഴ് വംശജയായ മിത്തുയ, തട്ടിപ്പു കേസുകളിൽ ഉൾപ്പെട്ടതിനെ തുടർന്ന് സ്വിറ്റസർലൻഡിലേക്കു കടന്നതായാണ് കണ്ടെത്തൽ. ഇവരുടെ തിരിച്ചറിയൽ രേഖകളും അന്വേഷണോദ്യോഗസ്ഥർ പുറത്തു വിട്ടിട്ടുണ്ട്. എൽടിടിഇ പ്രവർത്തനങ്ങൾ പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായാണ് മറ്റു രാജ്യങ്ങളിൽ വസിക്കുന്ന അനുഭാവികളുടെ സഹായത്തോടെ ദ്വാരകയുടെ പേരിൽ വിഡിയോ പുറത്തിറക്കിയതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. എൽടിടിഇയുടെ രാഷ്ട്രീയ പോരാട്ടം തുടരുമെന്ന് വിഡിയോ സന്ദേശത്തിൽ യുവതി വ്യക്തമാക്കിയിരുന്നു.