ഇടപെട്ട് ഹൈക്കോടതി; നവകേരള സദസ്സിന്റെ പൊതുയോഗം തൃശൂർ പുത്തൂരിലെ സുവോളജിക്കൽ പാർക്കിൽനിന്ന് മാറ്റി
Mail This Article
കൊച്ചി∙ നവകേരള സദസ്സിന്റെ പൊതുയോഗം തൃശൂർ പുത്തൂരിലെ സുവോളജിക്കൽ പാർക്കിൽനിന്ന് മാറ്റിയെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. യോഗം സുവോളജിക്കൽ പാർക്കിൽ നടത്തുന്നത് ചോദ്യം ചെയ്ത് നൽകിയ പൊതുതാൽപര്യ ഹർജിയിലാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്. കോടതി നിർദേശ പ്രകാരം സുവോളജിക്കൽ പാർക്ക് ഡയറക്ടർ ആർ.കീർത്തി പാർക്കിന്റെ ലേ ഔട്ട് ഉൾപ്പെടെയുടെയുള്ള രേഖകൾ ഹാജരാക്കിയിരുന്നു.
യോഗം നടക്കുന്നത് പാർക്കിങ് മേഖലയിലാണെന്നായിരുന്നു സർക്കാർ വാദം. എന്നാൽ യോഗത്തിന് അനുമതി നൽകാനാവില്ലെന്നു ഹൈക്കോടതി വ്യക്തമാക്കിയതോടെ, യോഗ സ്ഥലം മാറ്റുന്ന കാര്യത്തിൽ തീരുമാനം അറിയിക്കാൻ സർക്കാർ അഭിഭാഷകൻ സമയം തേടി. തുടർന്ന് ഉച്ചയ്ക്കുശേഷം കോടതി ആരംഭിച്ചപ്പോൾ, യോഗസ്ഥലം മാറ്റിയെന്ന് അറിയിക്കുകയായിരുന്നു. ചീഫ് ജസ്റ്റിസ് എ.ജെ.ദേശായി, ജസ്റ്റിസ് വി.ജി.അരുൺ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണു ഹർജി പരിഗണിച്ചത്.
അഞ്ചിനാണ് സുവോളജിക്കൽ പാർക്കിൽ നവകേരള സദസ് യോഗം നടത്താൻ നിശ്ചയിച്ചിരുന്നത്. സുവോളജിക്കൽ പാർക്കിൽ നവകേരള സദസ് യോഗം നടത്തുന്നത് വന്യജീവി സംരക്ഷണ നിയമം, വനസംരക്ഷണ നിയമം, മൃഗശാല ചട്ടങ്ങൾ, കേന്ദ്ര സൂ അതോറിറ്റിയുടെ മാർഗനിർദേശങ്ങൾ ഉൾപ്പെടെയുള്ളവയുടെ ലംഘനമാണെന്നു ചൂണ്ടിക്കാട്ടി തൃശൂർ സ്വദേശി ഷാജി ജെ. കോടങ്കണ്ടത്താണു ഹർജി നൽകിയത്.