ADVERTISEMENT

കോഴിക്കോട് ∙ ഏറെ വിവാദമായ മെഡിക്കൽ കോളജിലെ ഐസിയു പീഡനക്കേസിൽ സീനിയർ നഴ്സിങ് ഓഫിസർ പി.ബി.അനിതയുടെ സ്ഥലംമാറ്റം തടഞ്ഞു. ഇടുക്കി മെഡിക്കല്‍ കോളജിലേക്കുള്ള സ്ഥലംമാറ്റം റദ്ദാക്കിക്കൊണ്ട് അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലാണ് ഉത്തരവ് പുറപ്പെടുവിച്ചത്. രണ്ടു മാസം കൂടി അനിതയെ കോഴിക്കോട്ടു തുടരാൻ അനുവദിക്കണമെന്നും അവരുടെ ഭാഗം കൂടി കേൾക്കാൻ തയാറാകണമെന്നും ട്രൈബ്യൂണൽ നിർദ്ദേശിച്ചു.

ട്രൈബ്യൂണല്‍ ഉത്തരവ് പ്രകാരം ജോലിയിൽ പ്രവേശിക്കാം എന്നു ഡിഎംഇ ഉത്തരവിറക്കിയതിന്റെ അടിസ്ഥാനത്തില്‍ അനിത തിരികെ ജോലിയിൽ പ്രവേശിച്ചു. ട്രൈബ്യൂണല്‍ ഉത്തരവ് വന്നെങ്കിലും ആദ്യം ജോലിയിൽ തിരികെ പ്രവേശിപ്പിക്കാൻ മെഡിക്കൽ കോളജ് പ്രിന്‍സിപ്പൽ തയാറായിരുന്നില്ല. ഒന്നര മണിക്കൂറോളം നീണ്ട പ്രതിഷേധത്തിനൊടുവിലാണ് ജോലിയിൽ പ്രവേശിക്കാൻ അനുമതി നല്‍കിയത്.

മാർച്ച് 18നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. തൈറോയിഡ് ശസ്ത്രക്രിയയ്ക്ക് എത്തിയ യുവതിയെ ഐസിയുവിൽവച്ച് അറ്റൻഡർ പീഡിപ്പിക്കുകയായിരുന്നു. സംഭവം പുറത്തുപറയരുതെന്ന് മറ്റ് ചില അറ്റൻഡർമാർ കൂടി അതിജീവിതയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. സീനിയർ നഴ്സിങ് ഓഫിസറായ അനിതയുടെ ഉത്തരവാദിത്തക്കുറവാണ് അതിജീവിതയെ മറ്റ് ജീവനക്കാർ ഭീഷണിപ്പെടുത്താൻ കാരണമെന്ന അന്വേഷണ സമിതി കണ്ടെത്തലിനെ തുടർന്നായിരുന്നു ഇവരെ സ്ഥലംമാറ്റിക്കൊണ്ട് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ നടപടിയെടുത്തത്. അറ്റൻഡർമാരിൽ മൂന്നു പേരെ തൃശ്ശൂരിലേക്കും രണ്ടുപേരെ കോട്ടയത്തേക്കും സ്ഥലംമാറ്റി.

English Summary:

ICU Sexual Assault Case: Administrative Tribunal Cancelled Nursing Officer's Transfer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com