ADVERTISEMENT

തിരുവനന്തപുരം∙ കൊല്ലത്തുനിന്നു ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ പ്രതികളെ കണ്ടെത്താൻ പൊലീസ് കാർട്ടൂണും ആയുധമാക്കിയെങ്കിലും നിർണായകമായത് സിസിടിവി ദൃശ്യങ്ങൾ. തട്ടികൊണ്ടുപോയ സംഘം കാർട്ടൂൺ കാണിച്ചെന്ന കുട്ടിയുടെ മൊഴിയെ തുടർന്നാണ് പൊലീസ് കാർട്ടൂണിനു പിന്നാലെ സഞ്ചരിച്ചത്. കുറ്റവാളിയിലേക്കെത്തുന്ന വിവരങ്ങൾ കാർട്ടൂണിലൂടെ ലഭിച്ചെങ്കിലും അതു വിശകലനം ചെയ്യുന്നതിനു മുൻപ് സിസിടിവി, ഫോൺ രേഖകൾ വഴി പൊലീസ് പ്രതികളെ പിടികൂടി. പ്രതികളെ സ്ഥിരീകരിക്കാനാണ് സൈബർ ഡേറ്റ ഉപയോഗിച്ചതെന്നും സൈബർ ഡേറ്റയുടെ സഹായത്തോടെയല്ല കുറ്റവാളികളെ പിടിച്ചതെന്നും സൈബർ സെല്ലിന്റെ ചുമതലയുള്ള ഉന്നത ഉദ്യോഗസ്ഥർ ‘മനോരമ ഓൺലൈനോട്’ പറഞ്ഞു.

നവംബർ 27ന് വൈകിട്ട് നാലരയോടെയാണ് ഓയൂരിൽനിന്ന് കുട്ടിയെ അജ്ഞാതസംഘം തട്ടിയെടുത്തത്. രാത്രി പേടിച്ച് കരഞ്ഞപ്പോൾ തട്ടിക്കൊണ്ട് പോയ സംഘം കാർട്ടൂൺ കാണിച്ചെന്നായിരുന്നു കുട്ടിയുടെ മൊഴി. യൂട്യൂബിലൂടെയാണ് കുട്ടി ടോം ആൻഡ് ജെറി കാർട്ടൂൺ കണ്ടത്. ഈ കാർട്ടൂൺ കണ്ട ഐപി അഡ്രസുകൾ പൊലീസ് സൈബർ സെല്ലിനോട് ആവശ്യപ്പെട്ടു. ഇന്റർനെറ്റ് ഗേറ്റ്‌വേയിൽനിന്നു സൈബർസെൽ വിവരങ്ങൾ ശേഖരിച്ചു.

27നു രാത്രി 7.30 മുതൽ പിറ്റേന്നു രാവിലെ 6.30വരെയുള്ള വിവരങ്ങളാണ് ശേഖരിച്ചത്. ആ സമയം രാജ്യത്തൊട്ടാകെ ടോം ആൻഡ് ജെറി കാർട്ടൂൺ കണ്ട 26,000 ഐപി അഡ്രസുകൾ ലഭിച്ചു. കേരളത്തിൽനിന്ന് കാർട്ടൂൺ കണ്ട ഐപി അഡ്രസുകൾ 350 ഉണ്ടായിരുന്നു. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽനിന്ന് കണ്ടത് 120 എണ്ണമായിരുന്നു. 30നാണ് കാർട്ടൂണിന്റെ വിവരം പൊലീസ് ആവശ്യപ്പെടുന്നത്. ഇന്നലെ രാവിലെ ഈ വിവരം സൈബർ സെൽ കൊല്ലം കരുനാഗപ്പള്ളി പൊലീസിനു കൈമാറി.

എന്നാൽ, പ്രതികളെക്കുറിച്ച് 30ന് തന്നെ പൊലീസിനു ചില ധാരണകളുണ്ടായിരുന്നു. കൊല്ലം നഗരത്തിലേക്കെത്തിയ നീല നിറത്തിലുള്ള കാറാണ് നിർണായകമായത്. കൊല്ലം സിറ്റി പൊലീസിന് സിസിടിവിയിലൂടെ നീല കാറിനെക്കുറിച്ച് വിവരം ലഭിച്ചു. കാറിന്റെ നമ്പരിലൂടെ ചില ആളുകളെ മനസ്സിലായി. ഇവരുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ പരിശോധിച്ചപ്പോൾ ഇതിലെ ചിത്രങ്ങൾ പ്രതികളുടെ രേഖാ ചിത്രവുമായി യോജിച്ചു. വീടുകൾ പൂട്ടിയ നിലയിലായിരുന്നു. മതിൽ ചാടി പൊലീസ് അകത്തു കടന്നു. ജനലിലൂടെ നോക്കിയപ്പോൾ ചില നമ്പർ പ്ലേറ്റുകളുടെ സ്റ്റിക്കറുകൾ കണ്ടു. കുറ്റവാളികളിലേക്കെത്തിയതായി പൊലീസ് 80% ഉറപ്പിച്ചു.

വെള്ളിയാഴ്ച രാവിലെയാണ് പൊലീസ് പ്രതികൾക്കായി തെങ്കാശിയിലേക്ക് പോയത്. അപ്പോൾ 120 ഐപികളുടെ പരിശോധന ആരംഭിച്ചിരുന്നില്ല. മൊബൈൽ നമ്പർ പിന്തുടർന്നാണ് പൊലീസ് തെങ്കാശിയിലെത്തിയത്. പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തെങ്കിലും കുറ്റം സമ്മതിച്ചില്ല. തുടർന്ന് പ്രതികളുടെ കൈവശമുണ്ടായിരുന്ന ലാപ്ടോപ്പും പൊലീസിനു കിട്ടിയ കാർട്ടൂണിന്റെ ഐപിയും തമ്മിലുള്ള ബന്ധം പരിശോധിക്കാൻ കരുനാഗപ്പള്ളി സിഐ സൈബർ സെല്ലിനോട് ആവശ്യപ്പെട്ടു. മാച്ച് ചെയ്തതോടെ മൂന്നു പ്രതികളെയും അടൂരിലെ ക്യാംപിലേക്കെത്തിച്ചു.

നീല കാറിന്റെ വിവരം ലഭിച്ചില്ലായിരുന്നെങ്കിൽ 120 ഐപി പരിശോധിക്കുമ്പോൾ പ്രതികളെ കിട്ടുമായിരുന്നു. പക്ഷേ, ഒരു ദിവസം കൂടി താമസിക്കുമായിരുന്നു. യൂട്യൂബ് ചാനലിൽ മൂന്നോ നാലോ ടോം ആൻഡ് ജെറി കാർട്ടൂൺ ഉണ്ടായിരുന്നു. ഏതാണ് കണ്ടതെന്ന് കുട്ടിയോട് ചോദിച്ചു മനസിലാക്കിയെന്ന് പൊലീസ് പറയുന്നു. അതിന്റെ യുആർഎലാണ് സൈബർ സെല്ലിന് അയച്ചത്. വിവരശേഖരണത്തിനായി ഗൂഗിളിന്റെ സഹായം തേടിയെങ്കിലും ലഭിച്ചില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പിന്നീടാണ് ഇന്റർനെറ്റ് ഗേറ്റ്‌വേ വഴി വിവരം ശേഖരിച്ചത്.

English Summary:

Kollam Child Abduction Case: How Cartoon and Cyber Cell Influenced Police Probe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com