സംഘടനയിലെ പ്രശ്നമെന്ന് വരുത്തിതീർക്കാൻ ആസൂത്രിതശ്രമം; നിയമനടപടികൾ സ്വീകരിക്കും: ജാസ്മിൻഷാ
Mail This Article
കൊല്ലം∙ ഓയുരിൽനിന്ന് ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ യഥാർത്ഥ പ്രതികൾ പിടിയിലായതോടെ യൂണൈറ്റഡ് നഴ്‌സസ് അസോസിയേഷനെതിരെ (യുഎൻഎ) നടന്നത് ആസൂത്രിത പ്രചരണമെന്നു വ്യക്തമാക്കുന്നതാണെന്ന് സംഘടനയുടെ നേതാവ് ജാസ്മിൻ ഷാ.
‘‘കുട്ടിയെ കാണാതായപ്പോൾ തന്നെ യുഎൻഎയിലെ ഉൾപ്പോരാണ് ഇതിനു പിന്നിലെന്നു വരുത്തിതീർക്കാനാണ് ഒരു ഭാഗത്തുനിന്ന് ശ്രമമുണ്ടായത്. വ്യക്തമായ അജണ്ടയോടെയായിരുന്നു ശ്രമങ്ങൾ. കിട്ടിയ അവസരം മുതലാക്കി വളരെ മോശമായിട്ടായിരുന്നു സംഘടനയ്‌ക്കെതിരെയും കുട്ടിയുടെ പിതാവിനെതിരെയും പ്രചരണം നടന്നത്. പൊലീസിനെ ഉൾപ്പെടെ വഴിതെറ്റിക്കുന്ന സമീപനമാണ് ഉയർന്നുവന്നത്. എന്നാൽ സത്യം തെളിഞ്ഞതോടെ എല്ലാം വ്യാജമെന്നു ബോധ്യപ്പെട്ടു.
കുട്ടിയുടെ പിതാവിനെ അപമാനിച്ചവർ മാപ്പ് പറയണം. സംഘടനയ്‌ക്കെതിരെ വ്യാജ പ്രചരണം നടത്തിയവർക്കെതിരെ നിയമ നടപടി സ്വീകരിക്കും. കുട്ടിയുടെ പിതാവിനെ കുടുക്കാൻ ശ്രമിച്ചതിനു പിന്നിലും യുഎൻഎക്കെതിരെയുള്ള ഗൂഢാലോചനയിലും ചില വലിയ ശക്തികളാണുള്ളത്. അവ അന്വേഷിക്കണം. മികവാർന്ന അന്വേഷണം നടത്തിയ കേരളാ പൊലീസിനോടു നന്ദി പറയുന്നു’’– ജാസ്‌മിൻ ഷാ പറഞ്ഞു.
കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മാമ്പള്ളിക്കുന്നം കവിതാരാജിൽ കെ.ആർ.പത്മകുമാർ (52), ഭാര്യ എം.ആർ.അനിതകുമാരി (45), മകൾ പി.അനുപമ (20) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ആറു വയസുകാരിയും സഹോദരനും പ്രതികളെ തിരിച്ചറിഞ്ഞു. കാറിൽ വന്ന് തട്ടിക്കൊണ്ടുപോയത് ഇവരാണെന്ന് സഹോദരൻ തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതികളെ 10 മണിക്കൂർ ചോദ്യം ചെയ്തതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. നവംബർ 27നു വൈകിട്ടാണ് വെള്ള കാറിലെത്തിയ നാലംഗ സംഘം കുട്ടിയെ തട്ടിക്കൊണ്ടുപോയത്.പിറ്റേന്ന് ഉച്ചയോടെയാണ് കുട്ടിയെ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ചത്.