‘മെലോഡി’ ഹാഷ്ടാഗ് സഹിതം മോദിക്കൊപ്പമുള്ള ചിത്രവുമായി ഇറ്റാലിയൻ പ്രധാനമന്ത്രി മെലോനി; വൈറൽ
Mail This Article
ദുബായ്∙ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജ മെലോനിയുമായുള്ള ചിത്രം പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജോർജ മെലോനി എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവച്ച ചിത്രമാണ് മോദി ഷെയർ ചെയ്തത്. ‘നല്ല സുഹൃത്തുക്കൾ കോപ് 28ൽ’ എന്ന കുറിപ്പോടെ മെലോഡി (Melodi) എന്ന ഹാഷ്ടാഗോടെയാണ് മെലോനി ചിത്രം പങ്കുവച്ചത്. സുഹൃത്തുക്കളെ കാണുന്നത് എപ്പോഴും ആഹ്ലാദം നൽകുന്നുവെന്ന കുറിപ്പോടെ മോദിയും ഈ ചിത്രം പങ്കുവച്ചു.
മോദിയും മെലോനിയും തമ്മിലുള്ള സൗഹൃദം മുൻപ് സമൂഹ മാധ്യമങ്ങൾ ആഘോഷമാക്കിയിരുന്നു. ജി20 ഉച്ചകോടിക്ക് ഇന്ത്യയിലെത്തിയപ്പോൾ മോദിയും മെലോനിയും തമ്മിൽ സൗഹൃദം പങ്കുവയ്ക്കുന്നതിന്റെയും സംസാരിക്കുന്നതിന്റെയും ദൃശ്യങ്ങൾ ഉൾപ്പെടുത്തിയാണ് സമൂഹ മാധ്യമങ്ങൾ ഇവരുടെ സൗഹൃദം ആഘോഷിച്ചത്. ഇതിനു പിന്നാലെയാണ്, ദുബായിൽവച്ച് ഇരുവരും കണ്ടുമുട്ടിയപ്പോൾ മൊലോനി എടുത്ത സെൽഫി സമൂഹ മാധ്യമങ്ങളിൽ വൈറലായത്.
ബ്രസീൽ പ്രസിഡന്റ് ലുല ഡ സിൽവ, ബ്രിട്ടിഷ് വിദേശകാര്യ സെക്രട്ടറി ഡേവിഡ് കാമറൂൺ, ബ്രിട്ടിഷ് മുൻ പ്രധാനമന്ത്രി ടോണി ബ്ലെയർ, തുർക്കി പ്രസിഡന്റ് എർദോഗൻ, സ്വീഡിഷ് പ്രധാനമന്ത്രി ഉൾഫ് ക്രിസ്റ്റേഴ്സൻ, മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു തുടങ്ങിയ നേതാക്കളുമായും മോദി കൂടിക്കാഴ്ച നടത്തി.
കാലാവസ്ഥാ വ്യതിയാനം മൂലമുള്ള ദുരിതങ്ങൾ വർധിക്കുന്നതിനിടെയാണ് ഐക്യരാഷ്ട്ര സംഘടനയുടെ നിർണായക ഉച്ചകോടി ‘കോപ്28’ ദുബായിൽ ആരംഭിച്ചത്. 2015ൽ ലോക രാജ്യങ്ങൾ ചേർന്ന് ഒപ്പുവച്ച പാരിസ് ഉടമ്പടിയിൽ കാര്യമായ പുരോഗതി ഇല്ലാത്ത സാഹചര്യത്തിൽ കാലാവസ്ഥ വ്യതിയാനത്തിൽ നിന്നു ഭൂമിയെ രക്ഷിക്കാനുള്ള പുതിയ പ്രഖ്യാപനം ഉച്ചകോടിയിൽ ഉണ്ടാകുമെന്നാണു പ്രതീക്ഷ. ഭക്ഷ്യോൽപാദനത്തിലും വിതരണത്തിലും ആഗോളതലത്തിൽ മാറ്റം നിർദേശിക്കാനും സാധ്യതയുണ്ട്. പുനരുപയോഗിക്കാവുന്ന ഭക്ഷ്യ സംവിധാനം, സുസ്ഥിര കൃഷി, കാലാവസ്ഥ കർമ പദ്ധതി എന്നിവയിൽ ലോക രാഷ്ട്രങ്ങളെ ഒരുമിപ്പിക്കുകയാണ് സമ്മേളനത്തിന്റെ ലക്ഷ്യം.
വികസ്വര രാജ്യങ്ങളല്ല പ്രശ്നം സൃഷ്ടിക്കുന്നതെന്ന് തിരിച്ചറിയേണ്ടത് അത്യാവശ്യമാണെന്ന് സമ്മേളനത്തിൽ മോദി പറഞ്ഞു. എന്നിട്ടും വികസ്വര രാജ്യങ്ങൾ പരിഹാരത്തിന്റെ ഭാഗമാകാൻ തയ്യാറാണ്. ആവശ്യമായ ധനസഹായവും സാങ്കേതികവിദ്യയും അവർക്ക് ലഭിക്കുന്നില്ല. കാലാവസ്ഥാ മാറ്റം കൈകാര്യം ചെയ്യുന്നതിന് ധനസഹായവും സാങ്കേതിക കൈമാറ്റവും ഉറപ്പാക്കണം. 2030 ഓടെ കാർബൺ പുറന്തള്ളൽ 45% കുറയ്ക്കാനും ഫോസിൽ ഇതര ഇന്ധനങ്ങളുടെ ഉപയോഗം 50% ആക്കാനും ഇന്ത്യ ലക്ഷ്യമിടുന്നുവെന്നും മോദി പറഞ്ഞു. 2028ൽ ഉച്ചകോടി ഇന്ത്യയിൽ നടത്തുന്നതിനും അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചു.