ADVERTISEMENT

തൃശൂർ∙ ഹൈക്കോടതി നിർദ്ദേശ പ്രകാരം കേരളവര്‍മ കോളജിലെ യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ റീകൗണ്ടിങ്ങില്‍ എസ്എഫ്ഐയ്ക്ക് ജയം. എസ്എഫ്ഐ സ്ഥാനാർഥി കെ.എസ്. അനിരുദ്ധൻ മൂന്നു വോട്ടുകള്‍ക്കു ജയിച്ചതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. റീകൗണ്ടിങ്ങിൽ കെ.എസ്.അനിരുദ്ധന് 892 വോട്ടും കെഎസ്‌യു സ്ഥാനാർഥി എസ്.ശ്രീക്കുട്ടന് 889 വോട്ടും ലഭിച്ചു. കനത്ത പോലീസ് സുരക്ഷയിലായിരുന്നു വോട്ടെണ്ണൽ. നേരത്തെ, കെ.എസ്. അനിരുദ്ധൻ 10 വോട്ടിനു ജയിച്ചെന്നായിരുന്നു പ്രഖ്യാപനം. ഹൈക്കോടതി നിർദ്ദേശപ്രകാരം നടത്തിയ റീകൗണ്ടിങ്ങിൽ ലീഡ് മൂന്നു വോട്ടായി കുറഞ്ഞു.

യൂണിയൻ ചെയർമാൻ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിൽ കെ.എസ്. അനിരുദ്ധനെ വിജയിയായി പ്രഖ്യാപിച്ചത് റദ്ദാക്കിയാണ് ഹൈക്കോടതി റീകൗണ്ടിങ് നിർദ്ദേശിച്ചത്. നിയമാവലി അനുസരിച്ച്, വീണ്ടും വോട്ടെണ്ണാൻ ജസ്റ്റിസ് ടി.ആർ. രവി നിർദേശം നൽകുകയായിരുന്നു. ആദ്യം ഒരു വോട്ടിനു ജയിച്ചതിനുശേഷം റീകൗണ്ടിങ്ങിൽ യൂണിയൻ ചെയർമാൻ സ്ഥാനം നഷ്ടമായ കെഎസ്‌യു സ്ഥാനാർഥി എസ്.ശ്രീക്കുട്ടൻ നൽകിയ ഹർജിയിലായിരുന്നു ഉത്തരവ്. വോട്ടെണ്ണലിൽ മാത്രമാണു തർക്കമെന്നതിനാൽ, വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്ന ഹർജിക്കാരന്റെ ആവശ്യം കോടതി തള്ളിയിരുന്നു. സർവകലാശാല നിയമാവലിയിൽ വോട്ടെണ്ണലിനെക്കുറിച്ചുള്ള മാനദണ്ഡങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഉത്തരവ്. ആദ്യത്തെ വോട്ടെണ്ണലും റീ കൗണ്ടിങ്ങും വ്യവസ്ഥകൾ പ്രകാരമല്ലെന്നു കോടതി വ്യക്തമാക്കിയിരുന്നു.

വോട്ടെണ്ണലിന്റെ നടപടിക്രമം പാലിച്ചില്ലെന്നു റിട്ടേണിങ് ഓഫിസർ സമ്മതിച്ചതു കോടതി കണക്കിലെടുത്തു. അസാധുവാക്കിയ ബാലറ്റ് പേപ്പറുകൾ റിട്ടേണിങ് ഓഫിസർ സാക്ഷ്യപ്പെടുത്തണമെന്നും അവ പ്രത്യേകമായി മാറ്റിവയ്ക്കണമെന്നും നിയമാവലിയിലുണ്ട്. ഇവ പാലിച്ചിട്ടില്ല. എല്ലാ പോസ്റ്റുകളിലെയും വോട്ടുകൾ ഒരു ബാലറ്റ് പേപ്പറിൽ രേഖപ്പെടുത്തണമെന്നതിനാൽ അസാധുവാക്കിയ ബാലറ്റ് പേപ്പറുകൾ മാറ്റിവയ്ക്കാനാവില്ലെന്നായിരുന്നു അധികൃതരുടെ വാദം.

എന്നാൽ ബാലറ്റ് പേപ്പർ മാറ്റിവയ്ക്കാനായില്ലെങ്കിലും അസാധുവോട്ടുകൾ റിട്ടേണിങ് ഓഫിസർ സാക്ഷ്യപ്പെടുത്തണമെന്ന വ്യവസ്ഥ പാലിക്കണമായിരുന്നെന്നു കോടതി പറഞ്ഞു. അസാധു വോട്ടുകൾ റീകൗണ്ടിങ്ങിൽ സാധുവായ വോട്ടുകൾക്കൊപ്പം കൂട്ടിക്കലർത്തി വീണ്ടും എണ്ണി. ഇത് നിയമാവലി പ്രകാരം അനുവദനീയമല്ല. അസാധു വോട്ടുകൾ മാറ്റിയതിനുശേഷമാണു സാധുവായ വോട്ടുകൾ എണ്ണേണ്ടത്. റീകൗണ്ടിങ് വേണമെങ്കിൽ സാധുവായ വോട്ടുകളാണ് എണ്ണേണ്ടത്. വോട്ടെണ്ണലിനിടെ അസാധു വോട്ടുകൾ സാധുവായി കണക്കാക്കിയെന്നാരോപിച്ച് സ്ഥാനാർഥിക്ക് റീകൗണ്ടിങ് ആവശ്യപ്പെടാം. ആദ്യം സാധുവായി പരിഗണിച്ച 4 വോട്ടുകൾ റീ കൗണ്ടിങ്ങിൽ അസാധുവാണെന്നാണു പരിഗണിച്ചത്. ആദ്യം അസാധുവാണെന്നു കണ്ടെത്തിയ 23 വോട്ടുകൾ റീ കൗണ്ടിങ്ങിലും അസാധുവായിട്ടാണോ പരിഗണിച്ചതെന്നു റിട്ടേണിങ് ഓഫിസർ സാക്ഷ്യപ്പെടുത്തിയിട്ടില്ല. ‘നോട്ട’ 19 ൽനിന്ന് 18 ആയി.

സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ, അധികൃതർ നടപടിക്രമങ്ങൾ ലംഘിച്ചത് ഏകപക്ഷീയമായി അധികാരം ഉപയോഗിച്ചതായി കണക്കാക്കാമെന്നു കോടതി പറഞ്ഞു. അധികൃതർ നിയമലംഘനവും നടത്തിയെന്നും കോടതി വ്യക്തമാക്കി. അസാധുവാണെന്നു പ്രഖ്യാപിച്ച വോട്ടുകൾ വീണ്ടും റീകൗണ്ടിങ് നടത്തിയപ്പോൾ സാധുവാക്കിയത് നിയമവിരുദ്ധമാണെന്നും ബാഹ്യ ഇടപെടലുണ്ടായെന്നുമായിരുന്നു ഹർജിയിൽ പറഞ്ഞിരുന്നത്. ആദ്യ വോട്ടെണ്ണലിൽ ശ്രീക്കുട്ടന് 896 വോട്ടുകളും എസ്എഫ്ഐ സ്ഥാനാർഥി അനിരുദ്ധന് 895 വോട്ടുകളുമാണ് ലഭിച്ചത്. എന്നാൽ റീകൗണ്ടിങ്ങിൽ അനിരുദ്ധന് 899 വോട്ടുകളും ശ്രീക്കുട്ടന് 889 വോട്ടുകളും കിട്ടിയതോടെ 10 വോട്ടുകൾക്ക് അനിരുദ്ധൻ ജയിച്ചതായി പ്രഖ്യാപിച്ചു. തുടർന്നാണ് വോട്ടെണ്ണലിൽ ക്രമക്കേടാരോപിച്ച് ശ്രീക്കുട്ടൻ ഹർജി നൽകിയത്. റീകൗണ്ടിങ് നിർത്താൻ പ്രിൻസിപ്പൽ ആവശ്യപ്പെട്ടെങ്കിലും കോളജ് മാനേജർ റീകൗണ്ടിങ് തുടരാൻ നിർദേശിച്ചു. റിട്ടേണിങ് ഓഫിസറും ഈ നിർദേശം നൽകിയെന്ന് ആരോപണമുണ്ട്.

English Summary:

Thrissur Kerala Varma college election; Final result

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com