താരപ്രചാരകനായി മോദി; പ്രവചനങ്ങളെ തകർത്ത് ഛത്തീസ്ഗഡിൽ ബിജെപിക്ക് മിന്നും നേട്ടം
Mail This Article
റായ്‌പുർ∙ ഛത്തീസ്ഗഡ് നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ മധുരപ്രതികാരം. ഏറെ ആകാംഷകൾ നിറച്ച് 90 സീറ്റുകളിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ ബിജെപി 55 സീറ്റുകളിൽ ലീഡ് ചെയ്ത് ഭരണം ഉറപ്പിച്ചു. ഭരണതുടർച്ച ലക്ഷ്യമിട്ടിറങ്ങിയ കോൺഗ്രസിന് 32 സീറ്റുകളിലേ ലീഡ് നേടാനായുള്ളൂ. ബിഎസ്പി സഖ്യം ഒരു സീറ്റും മറ്റുള്ളവർ രണ്ടുസീറ്റും നേടി. എക്സിറ്റ്‌പോൾ പ്രവചനങ്ങളെ പോലും അട്ടിമറിക്കുന്നതായിരുന്നു ബിജെപിയുടെ വിജയം. നേരിയ ഭൂരിപക്ഷത്തിന് കോൺഗ്രസ് തുടർഭരണം നേടുമെന്നായിരുന്നു എക്സിറ്റ്‌പോൾ പ്രവചനങ്ങൾ.
മുഖ്യമന്ത്രി സ്ഥാനാർഥി ആരെന്ന് പ്രഖ്യാപിക്കാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ താര പ്രചാരണത്തിലാണ് ബിജെപി തിരഞ്ഞെടുപ്പിനെ നേരിട്ടത്. ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗെലിനെ മുൻനിർത്തിയാണ് കോൺഗ്രസ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാൽ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപ് മുഖ്യമന്ത്രിക്കെതിരെ ഉയർന്ന അഴിമതി ആരോപണങ്ങളടക്കം തിരിച്ചടിക്കുകയായിരുന്നു.
2018ൽ 68 സീറ്റിന്റെ ഭൂരിപക്ഷത്തിലാണ് കോൺഗ്രസ് സർക്കാർ രൂപീകരിച്ചത്. നിരവധിക്ഷേമ പദ്ധതികൾ നടപ്പാക്കിയെങ്കിലും അവ വോട്ടാക്കാൻ കോൺഗ്രസിനായില്ല. ജാതിസെൻസസ് അടക്കം ഉയർത്താണ് കോൺഗ്രസ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. കഴിഞ്ഞ തവണ പിന്തുണച്ച ഗ്രോതമേഖലയിൽ കനത്ത തിരിച്ചടിയാണ് കോൺഗ്രസിനുണ്ടായത്.