‘പൊക്കം കുറവ്, അഹങ്കാരത്തിന് കുറവില്ല’ പരാമർശം: മിന്നുന്ന വിജയത്തിന് പിന്നാലെ പ്രിയങ്കയ്ക്ക് മറുപടിയുമായി സിന്ധ്യ
Mail This Article
ഭോപ്പാൽ∙ മധ്യപ്രദേശിലെ മിന്നും വിജയത്തിനു പിന്നാലെ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി പ്രചാരണ കാലത്തു നടത്തിയ പരാമർശത്തിനു മറുപടിയുമായി കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. ഗ്വാളിയോർ മാൽവ മേഖലയിലെ ബിജെപിയുടെ തേരോട്ടത്തെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു ജ്യോതിരാദിത്യ സിന്ധ്യ പ്രിയങ്ക ഗാന്ധിയുടെ പേര് പരാമർശിക്കാതെ മറുപടി നൽകിയത്. ‘‘എന്റെ പൊക്കത്തെക്കുറിച്ച് ഒരാൾ പരാമർശം നടത്തി. എന്നാൽ ഗ്വാളിയോർ–മാൽവയിലെ ജനങ്ങൾ തങ്ങൾ എത്ര ഉയരത്തിലുള്ളവരാണെന്നു കാട്ടിത്തന്നു’’– ഇതായിരുന്നു ജ്യോതിരാദിത്യ സിന്ധ്യയുടെ മറുപടി.
മധ്യപ്രദേശ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ദിവസമായിരുന്നു ജ്യോതിരാദിത്യ സിന്ധ്യയ്‌ക്കെതിരെ പ്രിയങ്ക ആഞ്ഞടിച്ചത്. ജനവിധിയെ വഞ്ചിച്ച ചതിയനാണ് ജ്യോതിരാദിത്യ സിന്ധ്യ എന്നായിരുന്നു പ്രിയങ്കയുടെ പ്രതികരണം. ഉയരം അൽപം കുറവാണെങ്കിലും അഹങ്കാരത്തിന് ഒരു കുറവും ഇല്ലെന്നും പ്രിയങ്ക അന്ന് പറഞ്ഞിരുന്നു. ‘‘ബിജെപി നേതാക്കന്മാരെല്ലാം അൽപ്പം വിചിത്രമാണ്. ആദ്യം നമ്മുടെ സിന്ധ്യ. യുപിയിൽ സിന്ധ്യയ്‌ക്കൊപ്പം ഞാൻ ജോലി ചെയ്തിട്ടുണ്ട്. അദ്ദേഹത്തിനു പൊക്കം കുറവാണ്. പക്ഷേ, അഹങ്കാരത്തിന്റെ കാര്യത്തിൽ വൗ ഭായ് വൗ’’– പ്രിയങ്ക പറഞ്ഞു.
എന്നാൽ സംസ്ഥാനത്തു ബിജെപി നേടിയ വലിയ വിജയത്തിന്റെ ആഘോഷത്തിലാണു നേതാക്കന്മാരും പ്രവർത്തകരും. ബിജെപി അധികാരത്തിൽ വരുമെന്നതിൽ തനിക്ക് ഉറച്ച ആത്മവിശ്വാസമുണ്ടായിരുന്നെന്നാണു സിന്ധ്യ പറഞ്ഞത്. ‘‘ബിജെപി വിജയിക്കുമെന്ന് ഞാൻ പറഞ്ഞു. വലിയ ഭൂരിപക്ഷം തന്ന മധ്യപ്രദേശിലെ ജനങ്ങളോട് നന്ദി പറയുകയാണ്. പ്രധാനമന്ത്രിയുടെ നേതൃത്വവും അമിത് ഷായുടെയും ജെപി നദ്ദയുടെയും നിർദേശങ്ങളും ഗുണം ചെയ്തു’’– ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു.