ADVERTISEMENT

ജയ്പുർ∙ ബിജെപി, കോൺഗ്രസ് സർക്കാരുകളെ മാറിമാറി വരിക്കുന്ന പതിവ് രാജസ്ഥാൻ തുടരുമെന്ന് ഉറപ്പായതോടെ, ഭരണമുറപ്പിച്ച ബിജെപിയിൽനിന്ന് ആരു മുഖ്യമന്ത്രിയാകുമെന്ന ചോദ്യം സജീവം. മുൻ മുഖ്യമന്ത്രിയും സംസ്ഥാന രാഷ്ട്രീയത്തിലെ അതികായയുമായ വസുന്ധര രാജെ സിന്ധ്യ, കേന്ദ്രമന്ത്രിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വസ്തനുമായ ഗജേന്ദ്രസിങ് ഷെഖാവത്ത്, മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കൂടിയായ കേന്ദ്രമന്ത്രി അർജുൻ റാം മേഘ്‌വാൾ എന്നിവരുടെ പേരുകളാണ് പ്രധാനമായും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർന്നു കേൾക്കുന്നത്. മോദിക്കും അമിത് ഷായ്ക്കും അത്ര പഥ്യമല്ലാത്തതിനാൽ, വസുന്ധരയെ വെട്ടി ഇവരിലാർക്കെങ്കിലും അവസരം നൽകാൻ പാർട്ടി തയാറാകുമോ എന്നതാണ് ഉറ്റുനോക്കപ്പെടുന്നത്.

ഇത്തവണ മുഖ്യമന്ത്രി സ്ഥാനാർഥിയായി ആരെയും ഉയർത്തിക്കാട്ടാതെ തന്ത്രപൂർവമാണ് ബിജെപി തിരഞ്ഞെടുപ്പിനെ നേരിട്ടത്. തിരഞ്ഞെടുപ്പു നടന്ന മറ്റു നാലു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ബിജെപിക്ക് ഏറ്റവും വിജയസാധ്യത കൽപ്പിക്കപ്പെട്ടിരുന്ന രാജസ്ഥാനിൽ, തമ്മിലടിയും പടലപ്പിണക്കങ്ങളും ഒഴിവാക്കുന്നതിനായിരുന്നു ഇത്. എല്ലാ നേതാക്കളുടെയും ഉത്സാഹം ഉറപ്പാക്കുന്നതിനും.

രണ്ടു പതിറ്റാണ്ടോളമായി രാജസ്ഥാനിൽ ബിജെപിയുടെ മുഖമാണ് എഴുപതുകാരിയായ വസുന്ധര രാജെ. ഇത്തവണയും വസുന്ധരയ്‌ക്കു തന്നെ മുഖ്യമന്ത്രി സ്ഥാനം ലഭിക്കാനാണു സാധ്യത കൂടുതലെന്നാണു വിലയിരുത്തൽ. വസുന്ധരയോടു ദേശീയ നേതൃത്വത്തിന് അത്ര താൽപര്യമില്ലെങ്കിലും സംസ്ഥാന രാഷ്ട്രീയത്തിൽ സ്വാധീനമുള്ള വസുന്ധരയെ അത്ര എളുപ്പം അവഗണിക്കാനാകില്ല. മാത്രമല്ല, ലോക്സഭാ തിരഞ്ഞെടുപ്പിനു മാസങ്ങൾ മാത്രമേ ശേഷിക്കുന്നു എന്നതും വസുന്ധരയെ വെട്ടുന്നതിൽനിന്ന് ദേശീയ നേതൃത്വത്തെ പിന്തിരിപ്പിക്കാനാണു സാധ്യത.

‘മാറ്റത്തിനായി ഒറ്റക്കെട്ട്’ എന്ന മുദ്രാവാക്യമുയർത്തിയാണു ബിജെപി നേതാക്കൾ രാജസ്ഥാൻ തിരഞ്ഞെടുപ്പിനെ നേരിട്ടത്. മുദ്രാവാക്യത്തിലെ ഉദ്ദേശ്യം ഭരണമാറ്റമായിരുന്നെങ്കിലും വസുന്ധരയെ മാറ്റുക എന്ന രഹസ്യ അജൻഡയും ബിജെപി കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങളുടെ മനസ്സിലുണ്ട്. അത് ഏറ്റവും നന്നായി അറിയാവുന്നയാൾ വസുന്ധര തന്നെ. തിരഞ്ഞെടുപ്പു കളത്തിലും പാർട്ടിക്കുള്ളിലും പോരാട്ടത്തിലാണു വസുന്ധര. വലിയ ഭൂരിപക്ഷത്തോടെയാണു ബിജെപിയുടെ ജയമെങ്കിൽ അതിന്റെ ക്രെഡിറ്റും ആരു മുഖ്യമന്ത്രിയാകണമെന്നു തീരുമാനിക്കാനുള്ള സ്വാതന്ത്ര്യവും പാർട്ടിയുടെ കേന്ദ്ര നേതൃത്വത്തിനു ലഭിക്കുമായിരുന്നു. കേന്ദ്രം പിടിമുറുക്കിയാൽ വസുന്ധരയുടെ വഴിയടയാനും ഇടയുണ്ടായിരുന്നു. എന്നാൽ, ഇപ്പോഴത്തെ സാഹചര്യത്തിൽ ഭൂരിപക്ഷം പത്തു സീറ്റുകൾ മാത്രമായതിനാൽ, വസുന്ധര പറയുന്നിടത്തു കാര്യങ്ങൾ നിൽക്കാനാണു സാധ്യത. 

രാജസ്ഥാന്റെ ആദ്യ വനിതാ മുഖ്യമന്ത്രിയായ വസുന്ധര രാജെ, അഞ്ചു തവണ പാർലമെന്റിലും അംഗമായിരുന്നു. നിലവിൽ ബിജെപിയുടെ ദേശീയ വൈസ് പ്രസിഡന്റാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിലെ തോൽവിക്കുശേഷം പാർട്ടിയുമായി അകൽച്ചയിലായിരുന്നു. പ്രധാനപ്പെട്ട പാർട്ടി യോഗങ്ങളിലും പങ്കെടുത്തിരുന്നില്ല. ഇത്തവണ തിരഞ്ഞെടുപ്പിനു മുന്നോടിയായി രാജെയെ മുഖ്യമന്ത്രി സ്ഥാനാർഥിയാക്കി ഉയർത്തിക്കാട്ടണമെന്ന് അനുനായികൾ ആവശ്യപ്പെട്ടെങ്കിലും ദേശീയ നേതൃത്വം വഴങ്ങിയില്ല. സംസ്ഥാന രാഷ്ട്രീയത്തിൽ വസുന്ധരയുടെ പ്രാധാന്യത്തെക്കുറിച്ച് അറിയാവുന്നതിനാൽ, അവരുടെ വിശ്വസ്തരായ നാൽപ്പതിലധികം പേർക്ക് ബിജെപി ടിക്കറ്റ് നൽകി. രാജെ തിരഞ്ഞെടുപ്പ് പ്രചാരണത്തിലും സജീവമായി.

അതേസമയം, രാജസ്ഥാനിൽ ബിജെപിയുടെ രജ്പുത്ത് മുഖമാണ് കേന്ദ്രമന്ത്രി ഗജേന്ദ്രസിങ് ഷെഖാവത്ത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന മറ്റൊരു പ്രമുഖനാണ് ഈ അൻപത്തിയാറുകാരൻ. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ജോധ്പുരിൽനിന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ പുത്രൻ വൈഭവിനെ പരാജയപ്പെടുത്തിയാണ് അദ്ദേഹം ശ്രദ്ധേയനാകുന്നത്. ആർഎസ്എസിനും ബിജെപി ദേശീയ നേതൃത്വത്തിനും പ്രിയങ്കരനാണ് എന്നത് ഇദ്ദേഹത്തിന്റെ സാധ്യത വർധിപ്പിക്കുന്നു.

2020ൽ കോൺഗ്രസ് സർക്കാരിനെ അട്ടിമറിക്കാൻ ഷെഖാവത്ത് ശ്രമം നടത്തുന്നതായി ഗെലോട്ട് ആരോപിച്ചിരുന്നു. ഇദ്ദേഹത്തിനെതിരെ അഴിമതി ആരോപണവും ഉന്നയിച്ചു. മുഖ്യമന്ത്രിയായിരുന്ന കാലത്ത് വസുന്ധര രാജെ ഇദ്ദേഹത്തെ പാർട്ടി സംസ്ഥാന അധ്യക്ഷനാക്കാനുള്ള നീക്കത്തെ എതിർത്തിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഗെലോട്ടിന്റെ അടുപ്പക്കാരനായ രാമേശ്വർ ദാദിച്ചിനെ ബിജെപി പാളയത്തിലെത്തിക്കാൻ മുന്നിൽനിന്നതും ഇദ്ദേഹം തന്നെ.

മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കൂടിയായ അർജുൻ റാം മേഘ്‌വാളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്താൻ സാധ്യതയുള്ള മറ്റൊരു നേതാവ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വസ്തനായി അറിയപ്പെടുന്ന മേഘ്‌വാൾ, രാജസ്ഥാനിൽ ബിജെപിയുടെ ദലിത് മുഖങ്ങളിൽ ഒന്നാണ്. മൂന്നു തവണ പാർലമെന്റിലേക്ക് മത്സരിച്ചു ജയിച്ചു. മികച്ച ഭരണാധികാരിയെന്ന നിലയിൽ പേരെടുത്ത വ്യക്തി കൂടിയാണ് ഈ അറുപത്തൊൻപതുകാരൻ. 2009ൽ ഐഎഎസ് ഉപേക്ഷിച്ചാണ് ബിക്കാനീർ മണ്ഡലത്തിൽനിന്ന് ബിജെപിക്കായി ലോക്സഭയിലേക്കു മത്സരിച്ചത്.

ബിജെപിയുടെ ജാട്ട് മുഖമായ അൻപത്തൊൻപതുകാരൻ സതീഷ് പൂനിയ, ചിത്തോർഗഡിൽനിന്നുള്ള എംപി ചന്ദ്രപ്രകാശ് ജോഷി, അൽവാറിൽനിന്നുള്ള ലോക്സഭാംഗം ബാബ ബാലക്നാഥ് എന്നിവരുടെ പേരുകളും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയരുന്നുണ്ട്.

English Summary:

Raje, Shekhawat, Meghwal among contenders for CM’s post

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com