തെലങ്കാന കോൺഗ്രസിന്റെ ‘കൈ’പിടിച്ചു; ബിആര്എസിനു കാലിടറിയത് എവിടെ?
Mail This Article
ഹൈദരാബാദ് ∙ അച്ഛനോടോ അമ്മയോടോ സ്നേഹം? ഒരുപക്ഷേ മുൻപ് ഒരു തിരഞ്ഞെടുപ്പിലും ഉയർന്നുവന്നിട്ടില്ലാത്ത ഒരു ചോദ്യമാകുമിത്. ഒൻപതര വർഷം മുൻപ് രൂപീകൃതമായ, രാജ്യത്തെ ഇരുപത്തിയൊൻപതാം സംസ്‌ഥാനമായ തെലങ്കാന മൂന്നാം നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിട്ടപ്പോൾ ജനമനസ്സുകളിൽ അലയടിച്ച ചോദ്യം.
ആന്ധ്രപ്രദേശ് സംസ്‌ഥാനത്തിന്റെ ഭാഗമായിരുന്ന തെലങ്കാന മേഖലയുടെ പിന്നാക്കാവസ്‌ഥയിൽ ചൂടുപിടിച്ച ജനരോഷത്തെ തുടർന്ന് ദശകങ്ങൾ നീണ്ട പോരാട്ടങ്ങൾക്കൊടുവിൽ, ആന്ധ്രപ്രദേശ് വിഭജിച്ചാണ് 2014 ജൂൺ രണ്ടിന് തെലങ്കാന സംസ്‌ഥാനം യാഥാർഥ്യമായത്. സംസ്ഥാനം രൂപീകരിച്ചതിന്റെ ക്രെഡിറ്റ്, അക്കാലത്ത് കേന്ദ്രത്തിൽ ഭരണത്തിലുണ്ടായിരുന്ന കോൺഗ്രസിനും 2009 മുതൽ പ്രക്ഷോഭങ്ങൾക്കു പുതുജീവൻ പകർന്ന തെലങ്കാന രാഷ്ട്ര സമിതി (ഇപ്പോൾ ഭാരത് രാഷ്ട്രസമിതി) സ്ഥാപകനും അധ്യക്ഷനുമായ കെസിആർ എന്ന കൽവാകുന്തള ചന്ദ്രശേഖർ റാവുവിനും ഒരുപോലെ അവകാശപ്പെട്ടതാണ്. പക്ഷേ സംസ്ഥാനത്തു നടന്ന ആദ്യ രണ്ടു നിയമസഭാ തിരഞ്ഞെടുപ്പുകളിലും അതു നേട്ടമാക്കിയത് തെലങ്കാന രാഷ്ട്ര സമിതിയായിരുന്നു. തെലങ്കാന സമരനായകനായി വാഴ്ത്തപ്പെട്ട ചന്ദ്രശേഖർ റാവു തുടർച്ചയായി രണ്ടു തവണ മുഖ്യമന്ത്രിയായി. ഇത്തവണ പക്ഷേ തെലങ്കാന കോൺഗ്രസിന്റെ കൈപിടിച്ചു.
മൂന്നാമങ്കത്തിന് ഇത്തവണ ഇറങ്ങിയ ചന്ദ്രശേഖർ റാവുവിന് പുത്തൻ തന്ത്രങ്ങളുമായി കളംനിറയുന്ന കോൺഗ്രസിനെയാണ് കാണാനായത്. സംസ്ഥാന രൂപീകരണത്തിൽ കോൺഗ്രസിന്റെയും സോണിയ ഗാന്ധിയുടെയും പങ്ക് ഉയർത്തിക്കാട്ടാൻ നേതാക്കൾ പ്രചാരണത്തിലുടനീളം പ്രത്യേകം ശ്രദ്ധിച്ചു. സംസ്ഥാനത്തിന്റെ പിതാവായി ചന്ദ്രശേഖർ റാവുവിനെ ബിആർഎസ് വിശേഷിപ്പിച്ചപ്പോൾ സോണിയ ഗാന്ധി പാർട്ടി അധ്യക്ഷയായിരിക്കെ കേന്ദ്രം ഭരിച്ച കോൺഗ്രസ് സർക്കാരാണ് തെലങ്കാന സംസ്ഥാനം യാഥാർഥ്യമാക്കിയതെന്നും സോണിയ ഗാന്ധി തെലങ്കാനയുടെ മാതാവാണെന്നും വാദിച്ച് കോൺഗ്രസും പ്രചാരണം കൊഴുപ്പിച്ചു.
ഇക്കഴിഞ്ഞ നവംബറിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിൽ സോണിയ പ്രചാരണത്തിനെത്തിയ ഏക സംസ്ഥാനം തെലങ്കാന ആണെന്നതും സംസ്ഥാനത്ത് ഭരണം പിടിക്കുന്ന കോൺഗ്രസ് സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ രേവന്ത് റെഡ്ഡി പ്രചാരണവേളയിൽതന്നെ പ്രഖ്യാപിച്ച തീയതി ഡിസംബർ 9 ആണെന്നതും യാദൃച്ഛികമല്ല. സോണിയ ഗാന്ധിയുടെ ജന്മദിനമാണ് ഡിസംബർ 9.
സംസ്ഥാനത്ത് തെലങ്കാന വികാരം ശക്തമാണെന്ന തിരിച്ചറിവാണ് തെലങ്കാന സംസ്ഥാന രൂപീകരണവും അതിൽ കോൺഗ്രസിന്റെയും സോണിയ ഗാന്ധിയുടെയും പങ്കും എടുത്തുകാട്ടി പ്രചാരണം നടത്താൻ കോൺഗ്രസിനെ പ്രേരിപ്പിച്ചത്. കോൺഗ്രസിനു കൈ കൊടുക്കാനുള്ള തെലങ്കാന ജനതയുടെ തീരുമാനം സംസ്ഥാന രൂപീകരണത്തിന് അനുവാദം നൽകിയ അക്കാലത്തെ കോൺഗ്രസ് സർക്കാരിനും സോണിയ ഗാന്ധിയ്ക്കുമുള്ള അംഗീകാരം കൂടിയായി.