‘ഗെലോട്ട് ഹൈക്കമാൻഡിനെ വഞ്ചിച്ചു; പരാജയപ്പെട്ടത് കോൺഗ്രസ് അല്ല, അദ്ദേഹം’
Mail This Article
ജയ്പുര്‍∙ രാജസ്ഥാനിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വന്‍പരാജയം നേരിട്ടതിനു പിന്നാലെ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് അദ്ദേഹത്തിന്റെ ഓഫിസര്‍ ഓണ്‍ സ്‌പെഷന്‍ ഡ്യൂട്ടി ലോകേഷ് ശര്‍മ. പരാജയത്തിന്റെ ഉത്തരവാദിത്തം ഗെലോട്ടിനാണെന്നും അദ്ദേഹത്തിന്റെ പ്രവര്‍ത്തിപരിചയത്തിനും മാജിക്കിനും പദ്ധതികള്‍ക്കും കോണ്‍ഗ്രസിനെ സംസ്ഥാനത്ത് തിരിച്ച് അധികാരത്തിലെത്തിക്കാനുള്ള കെല്‍പ്പില്ലെന്നും ലോകേഷ് പറഞ്ഞു.
ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കപ്പെട്ട ശർമ, ഫലം വന്നതിനു പിന്നാലെതന്നെ ഗലോട്ടിനെതിരെ തിരിയുകയായിരുന്നു. ‘‘ഹൈക്കമാൻഡിനെ വഞ്ചിക്കുകയാണ് ഗെലോട്ട് ചെയ്യുന്നത്. യഥാർഥത്തിൽ സംഭവിക്കുന്നത് എന്തെന്ന് റിപ്പോർട്ട് ചെയ്യാതിരിക്കുക. പകരക്കാരനെ വളർത്താതിരിക്കുക. നിരന്തരമായി തെറ്റായ തീരുമാനങ്ങളെടുക്കുക, പക്വതയില്ലാത്ത സ്വാർഥ വ്യക്തികളാൽ ചുറ്റപ്പെട്ട് സ്വയം മതിമറന്ന് തീരുമാനങ്ങളെടുക്കുക, എല്ലാ പ്രതികരണങ്ങളും സർവേകളും അവഗണിക്കുക. തിരഞ്ഞെടുപ്പ് ഫലങ്ങളിൽ വേദനയുണ്ട്. പക്ഷേ, അപ്രതീക്ഷിതമല്ല. മാറി മാറി സർക്കാരുകളെന്ന പാരമ്പര്യം ഇത്തവണ രാജസ്ഥാനിൽ ഒഴിവാക്കാമായിരുന്നു. എന്നാൽ ഗെലോട്ടിന് മാറ്റങ്ങൾ താൽപര്യമില്ല. ഇതു കോൺഗ്രസിന്റെ പരാജയമല്ല, അശോക് ഗെലോട്ടിന്റെയാണ്’’ – ശർമ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.
കഴിഞ്ഞ 25 കൊല്ലമായി ശർമ കോൺഗ്രസിന്റെ ഭാഗമാണ്. 1998ൽ എൻഎസ്‌യുഐൽ പ്രവർത്തിച്ചാണ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയത്. 2012ൽ ഗെലോട്ടിനൊപ്പം ചേർന്നു. ‘‘ഗെലോട്ടിന്റെ നേതൃത്വത്തിലാണ് പാർട്ടി മത്സരിക്കാനിറങ്ങിയത്. അദ്ദേഹത്തിന് എല്ലാ സ്വാതന്ത്ര്യവും കൊടുത്തു. അദ്ദേഹത്തിന്റെ തന്നെ അഭിപ്രായത്തിൽ എല്ലാ സീറ്റിലും മത്സരിക്കുന്നത് അദ്ദേഹമാണ്. അദ്ദേഹത്തിന്റെ പ്രവൃത്തിപരിചയമോ മാജിക്കോ ഇത്തണവ ഫലിച്ചില്ല. മൂന്നാം വട്ടം അധികാരത്തിലിരുന്ന ഗെലോട്ട് പാർട്ടിയെ ഓരത്തിലെത്തിച്ചു. ഇന്നുവരെ പാർട്ടിയിൽനിന്ന് അദ്ദേഹം നേട്ടമുണ്ടാക്കിയിട്ടേയുള്ളൂ. സ്വന്തം അധികാര കാലത്ത് പാർട്ടി ശക്തിപ്പെടുത്താൻ ഒന്നുംചെയ്തിട്ടില്ല’’ – അദ്ദേഹം വ്യക്തമാക്കി.